ഏഴുവയസുകാരന്റെ ശ്വാസകോശത്തില്‍ സൂചി - നീക്കം ചെയ്തത് കാന്തം ഉപയോഗിച്ച്

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ ഏഴുവയസുകാരന്റെ ശ്വാസകോശത്തില്‍ തറച്ച സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്തു. രക്തസ്രാവത്തോടുകൂടിയ ചുമയെ തുടര്‍ന്നാണ് അപകടകരമായ ആരോഗ്യസ്ഥിതിയില്‍ കുട്ടിയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റേഡിയോളജി പരിശോധനയില്‍ നാല് സെന്റീമീറ്റര്‍ നീളമുള്ള തയ്യല്‍ സൂചി ഇടതുശ്വാസകോശത്തില്‍ തറച്ചിട്ടുള്ളതായി കണ്ടെത്തിയെന്ന് ശിശുരോഗ വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. വിഷേഷ് ജെയ്ന്‍ പി.ടി.ഐയോട് പറഞ്ഞു.
സൂചി ശ്വാസകോശത്തില്‍ വളരെ ആഴത്തില്‍ തറച്ചിരുന്നതിനാല്‍ പരമ്പരാഗത ചികിത്സാ രീതികള്‍ ഫലപ്രദമല്ലെന്ന് മനസ്സിലായി. തുടര്‍ന്ന് സൂചി സുരക്ഷിതമായി വേര്‍തിരിച്ചെടുക്കുന്നതിന് നൂതന രീതി അവലംബിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഡോ. ദേവേന്ദ്ര യാദവ് പറഞ്ഞു. തുടര്‍ന്ന് സൂക്ഷ്മമായ ആസൂത്രണത്തിലൂടെ കാന്തം ഉപയോഗിച്ച് സൂചി നീക്കം ചെയ്യാമെന്ന ധാരണയിലെത്തി. കാന്തത്തെ സുരക്ഷിതമായി സൂചിയുടെ സ്ഥാനത്ത് എത്തിക്കുക എന്നതായിരുന്നു പ്രാഥമിക ഘട്ടം. ഇതിന് ഒരു പ്രത്യേക ഉപകരണം നിര്‍മ്മിച്ചെടുത്തു.
ശ്വാസനാളത്തിന്റെ എന്‍ഡോസ്കോപ്പി ഉപയോഗിച്ച് ശ്വാസകോശത്തിനുള്ളിലെ സൂചിയുടെ സ്ഥാനം വിലയിരുത്തി. സൂചിയുടെ അഗ്രം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ശ്രദ്ധാപൂര്‍വ്വം കാന്തം സ്ഥാപിച്ച ഉപകരണം കടത്തിവിട്ടു. സൂചി കാന്തിക ശക്തിയോട് പ്രതികരിക്കുകയും ഉയര്‍ന്നുവരുകയും ചെയ്തു. വിജയകരമായി സൂചി വേര്‍തിരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ ഉള്ളില്‍ സൂചി എങ്ങനെയെത്തിയെന്ന് കുടുംബത്തിന് വ്യക്തമല്ലെന്നും എയിംസ് അധികൃതര്‍ പറഞ്ഞു.
Content Highlights: doctors removed needle from lung using magnet