'ഗോ ബാക്ക് കോൺഗ്രസ്'; സ്റ്റാലിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി DMK പ്രവർത്തകർ

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ ഡിഎംകെ പിന്തുണയ്ക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഇന്ത്യ സഖ്യനേതാക്കൾ തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനെ സന്ദർശിക്കാനിരിക്കെ അദ്ദേഹത്തിന്റെ ചെന്നൈയിലെ വസതിക്ക് മുന്നിൽ കോൺഗ്രസ് വിരുദ്ധ പോസ്റ്ററുകളുമായി പ്രതിഷേധം.
മണ്ഡല പുനർനിർണ്ണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡി.എം.കെയുടെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ സ്റ്റാലിനെ ബോധ്യപ്പെടുത്തുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരടങ്ങിയ നേതാക്കളുടെ സംഘം ചെന്നൈയിലെത്തിയിട്ടുണ്ട്. ഈ നിർണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് സ്റ്റാലിന്റെ വസതിക്ക് പുറത്ത് 'ഗോ ബാക്ക് കോൺഗ്രസ്' എന്ന മുദ്രാവാക്യമുയർത്തുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഒരു യുവതി പോസ്റ്ററുമായി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
മണ്ഡല പുനർനിർണ്ണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച എം.കെ. സ്റ്റാലിൻ, പാർട്ടി എടുത്ത ഓരോ തീരുമാനവും തമിഴ്നാടിന്റെയും അവിടുത്തെ ജനങ്ങളുടെയും താല്പര്യങ്ങൾ മുൻനിർത്തിയാണെന്ന് വ്യക്തമാക്കി. ചരിത്രം തങ്ങളെ 'എട്ടപ്പന്മാരായി' അല്ല, മറിച്ച് 'കട്ടബൊമ്മന്മാരായി' വിധിയെഴുതുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. പാർട്ടിയുടെ മുൻകാല നിലപാടിൽ നിന്നുള്ള ഈ മാറ്റത്തിന് കാരണം, പരിഷ്കരിച്ച പുതിയ ബില്ലിൽ ഡി.എം.കെയുടെ രണ്ട് പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. 22 ലോക്സഭാ എം.പിമാരും എട്ട് രാജ്യസഭാ എം.പിമാരുമുള്ള ഡി.എം.കെ മുൻപ് ഏപ്രിലിൽ ബില്ലിന്റെ പകർപ്പ് കത്തിച്ച് ശക്തമായി പ്രതിഷേധിച്ചിരുന്നെങ്കിലും, പുതിയ മാറ്റങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും ഡി.എം.കെയുടെയും നിരന്തര പോരാട്ടത്തിന്റെ വിജയമാണെന്ന് സ്റ്റാലിൻ വിശേഷിപ്പിച്ചു.
അതേസമയം, ഭരണഘടനാ ഭേദഗതി ബില്ലിനെ പരാജയപ്പെടുത്താൻ ഡി.എം.കെ ഇന്ത്യാ മുന്നണിയോടൊപ്പം നിൽക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി എക്സിൽ കുറിച്ച സന്ദേശത്തിൽ, തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ സ്റ്റാലിൻ എപ്പോഴും ഉറച്ചുനിന്നിട്ടുണ്ടെന്നും തമിഴ്നാടിന്റെ താല്പര്യത്തിനും ഭരണഘടന സംരക്ഷിക്കുന്നതിനുമായി ഈ ബില്ലിനെ ഒന്നിച്ച് പരാജയപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. എന്നാൽ ഓഗസ്റ്റ് 3-ന് നൽകിയ പ്രസ്താവനയിൽ, മണ്ഡല പുനർനിർണ്ണയത്തെ പിന്തുണയ്ക്കുന്നവർ തമിഴ്നാടിനെയും ജനങ്ങളെയും ഒറ്റിക്കൊടുക്കുകയാണെന്നും, ആർ.എസ്.എസിനും ബി.ജെ.പിക്കും ജനങ്ങളെ ആക്രമിക്കാൻ അവസരമൊരുക്കുകയാണെന്നും രാഹുൽ ആരോപിച്ചിരുന്നു. അത്തരം ആളുകളെ 'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ എട്ടപ്പൻ' എന്നാണ് അന്ന് രാഹുൽ വിശേഷിപ്പിച്ചത്. ഇത് പരാമർശിച്ചാണ് സ്റ്റാലിന്റെ പരാമർശം.
നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം തമിഴ്നാട്ടിൽ ഡി.എം.കെയുമായുള്ള സഖ്യം കോൺഗ്രസ് അവസാനിപ്പിച്ചതോടെ ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. പാർട്ടി സ്ഥാപകനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് നയിക്കുന്ന ടി.വി.കെ. സർക്കാരിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും ഭരണസഖ്യത്തിൽ ചേരുകയും ചെയ്തിരുന്നു. അതിനുശേഷം ഡി.എം.കെയും കോൺഗ്രസും പരസ്പരം ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.