'എന്നെയും VD സതീശനെയും ഒളിക്യാമറയിൽ കുടുക്കാൻ ശ്രമിച്ചു, ഉപയോഗിച്ചത് മെറ്റാ ഗ്ലാസ്'; വെളിപ്പെടുത്തി DK ശിവകുമാർ

ബെംഗളൂരു: തന്നെയും കേരളാ മുഖ്യമന്ത്രി വി.ഡി. സതീശനെയും ലക്ഷ്യമിട്ട് സ്റ്റിങ് ഓപ്പറേഷൻ നടത്താൻ ശ്രമം നടന്നെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഒരു വ്യവസായിയാണ് തങ്ങളെ കുടുക്കാൻ ശ്രമിച്ചത്. വ്യവസായി മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ച് എത്തിയതാണ് തനിക്ക് സംശയം തോന്നാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി, എൻഡിഎ മുഖ്യമന്ത്രിമാരെ സ്റ്റിങ് ഓപ്പറേഷനിൽ ലക്ഷ്യമിട്ടല്ലെന്നും കോൺഗ്രസ് നേതാക്കളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിച്ചു. സ്വകാര്യ കന്നഡ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡി.കെ. ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഉദ്യോഗസ്ഥർ മുഖേന അനുമതി വാങ്ങിയാണ് വ്യവസായി തന്നെ കാണാനെത്തിയതെന്ന് ശിവകുമാർ പറഞ്ഞു. ആദ്യം ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചത്. പിന്നീട് സംഭാഷണം രാഷ്ട്രീയത്തിലേക്ക് മാറി. ബൂത്ത് തലത്തിലുള്ള തന്ത്രങ്ങളെക്കുറിച്ചും രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കാൻ തുടങ്ങി. വ്യവസായിയുടെ സംസാരത്തിലെ മാറ്റവും ധരിച്ചിരുന്ന സ്മാർട്ട് ഗ്ലാസുകളും തനിക്ക് സംശയമുണ്ടാക്കി -ശിവകുമാർ പറഞ്ഞു.
തുടർന്ന് വ്യവസായിയുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ലഭിച്ച വിവരങ്ങൾ പ്രകാരം കേരളാ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടപ്പോഴും ഇയാൾ മെറ്റാ ഗ്ലാസ് ധരിച്ചിരുന്നു. എന്നാൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഒരു കേന്ദ്രമന്ത്രി എന്നിവരെ കണ്ടപ്പോൾ ഇയാൾ മെറ്റാ ഗ്ലാസ് ധരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വ്യവസായിയുടെ പേരോ ആരോപണത്തെ സാധൂകരിക്കുന്ന എന്തെങ്കിലും തെളിവോ ശിവകുമാർ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ വ്യവസായിക്കെതിരെ നടപടിയെടുത്തില്ലേ എന്ന ചോദ്യത്തിന്, മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും കർണാടക മുഖ്യമന്ത്രി മറുപടി നൽകി. സംഭവത്തിൽ ഉൾപ്പെട്ടിരിക്കാമെന്ന് കരുതുന്ന ചിലരെക്കുറിച്ച് തനിക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പേഴ്സണൽ അസിസ്റ്റന്റുമാർ, ഫോൺ കോളുകൾ തുടങ്ങിയ മാർഗങ്ങളിലൂടെ നേതാക്കളെ കുടുക്കാൻ ശ്രമമുണ്ടാകാമെന്നും മന്ത്രിമാരോട് ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചതായും ശിവകുമാർ കൂട്ടിച്ചേർത്തു.
ഒക്ടോബർ എട്ടിന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ സ്റ്റിങ് ഓപ്പറേഷനിലൂടെ മന്ത്രിമാരെ കുടുക്കാൻ ശ്രമമുണ്ടാകാമെന്ന് ശിവകുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. പത്ത് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ലക്ഷ്യമിട്ട് സ്റ്റിങ് ഓപ്പറേഷനായി ഒരു സ്വകാര്യ ഏജൻസിക്ക് കേന്ദ്രമന്ത്രിയും കർണാടകയിലെ ബിജെപി നേതാവും പണം നൽകിയെന്ന് കോൺഗ്രസ് എംഎൽഎ രവികുമാർ ഗണിഗയും ആരോപിച്ചിരുന്നു.
Content Highlights: Karnataka CM DK Shivakumar revealed that a businessman wearing Meta smart glasses attempted a sting operation targeting him and Kerala CM VD Satheesan, alleging a political plot focused strictly on Congress leaders.