‘കാത്തിരിക്കൂ, ഞാന്‍ വിളിക്കാം’, ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധിയുടെ സന്ദേശം

#ന്യൂസ് ഡെസ്ക്
രാഹുല്‍ ഗാന്ധിയും ഡി.കെ. ശിവകുമാറും  | Photo : ANI
രാഹുല്‍ ഗാന്ധിയും ഡി.കെ. ശിവകുമാറും | Photo : ANI

ബെംഗളൂരു: കർണാടകയിലെ നേതൃമാറ്റ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം എടുത്തേക്കുമെന്ന റിപ്പോർട്ടുകൾക്കിടയില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് രാഹുൽ ഗാന്ധിയുടെ വാട്സാപ്പ് സന്ദേശം. രാഹുലിനെ ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഡി.കെ. ശിവകുമാറിന് വാട്സാപ്പ് സന്ദേശം ലഭിച്ചത്. "കാത്തിരിക്കൂ, ഞാൻ വിളിക്കാം" എന്ന സന്ദേശം രാഹുല്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്‌. പാർട്ടിയിലെ ആഭ്യന്തര സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കാനായി ശിവകുമാർ ഒരാഴ്ചയായി രാഹുൽ ഗാന്ധിയെ ബന്ധപ്പെടാൻ ശ്രമിച്ചുവരികയായിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാന നേതൃത്വത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ സന്ദേശ കൈമാറ്റം. ശിവകുമാർ നവംബർ 29-ന് ഡൽഹിയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. അതേ ദിവസം തലസ്ഥാനത്ത് തിരിച്ചെത്തുന്ന സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം അനുമതി തേടിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ, സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും അനുയായികൾക്കിടയിൽ രണ്ടര വർഷത്തെ അധികാര പങ്കുവെക്കൽ കരാറിനെച്ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമായിരിക്കുകയാണ്.

സിദ്ധരാമയ്യ തന്റെ ഭരണകാലത്തിന്റെ പകുതി പിന്നിടുമ്പോൾ, മുൻപുണ്ടാക്കിയതെന്ന് അവകാശപ്പെടുന്ന കരാർ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശിവകുമാറിന്റെ അനുയായികൾ പാർട്ടി കേന്ദ്രനേതൃത്വത്തിന് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. മറുവശത്ത്, ഔദ്യോഗികമായി ഇത്തരമൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പക്ഷം വാദിക്കുന്നത്. അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് അദ്ദേഹം ഉറച്ചുനിൽക്കുന്നതായും, പറയപ്പെടുന്ന കരാറിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു.

Content Highlights: Karnataka Deputy CM DK Shivakumar got a WhatsApp message from Rahul Gandhi amid leadership crisis talks. Shivakumar is set to meet Sonia Gandhi in Delhi.