2028 ലക്ഷ്യമിട്ട് തന്ത്രപ്രധാന നീക്കവുമായി ഡികെ; ആർഎസ്എസ് ശക്തികേന്ദ്രത്തിൽ മന്ത്രിസഭാ യോഗം

#ന്യൂസ് ഡെസ്ക്
മംഗളൂരുവിലെ അമിത് ഷായുടെ റാലി, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ |ഫോട്ടോ:PTI
മംഗളൂരുവിലെ അമിത് ഷായുടെ റാലി, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ |ഫോട്ടോ:PTI

ബെംഗളൂരു: കർണാടകയിൽ ഭരണം നിലനിർത്താൻ തന്ത്രപ്രധാന നീക്കങ്ങളുമായി ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ. സെപ്റ്റംബർ 18-ന് മംഗളൂരുവിൽ മന്ത്രിസഭാ യോഗം ചേരാൻ ശിവകുമാർ സർക്കാർ തീരുമാനിച്ചു. ഭരണപരമായ നടപടിയാണെങ്കിലും 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വലിയൊരു രാഷ്ട്രീയ സന്ദേശം നൽകാനാണ്‌ ഇതിലൂടെ ഡി.കെ. സർക്കാർ ലക്ഷ്യമിടുന്നത്‌. ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ 100 ദിനം പിന്നിട്ട വേളയിലാണീ സുപ്രധാന തീരുമാനം.

കർണാടക സർക്കാരിന്റെ മന്ത്രിസഭാ യോഗങ്ങളുടെ വേദി തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത് വളരെ അപൂർവ്വമാണ്. ചരിത്രത്തിൽ ആദ്യമായാണ് ദക്ഷിണ കന്നഡ ജില്ലയിൽ മന്ത്രിസഭായോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. ആർഎസ്എസിന്റെ ശക്തികേന്ദ്രമാണ് ദക്ഷിണ കന്നഡ. ഇവിടെ സ്വാധീനമുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഡികെഎസ് സർക്കാരിന്റെ സുപ്രധാന തീരുമാനം.

സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ബിജെപി ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പേ ആർ.എസ്.എസിന്റെ 'ഹിന്ദുത്വ പരീക്ഷണശാല' എന്നാണ് കർണാടകയുടെ തീരദേശ മേഖലയെ വിശേഷിപ്പിക്കുന്നത്. ആർഎസ്എസിനും അതിന്റെ അനുബന്ധ സംഘടനകൾക്കും ദക്ഷിണേന്ത്യയിൽ ഏറ്റവുംകൂടുതൽ വേരോട്ടമുള്ള മേഖലയാണ് ദക്ഷിണ കന്നഡയും ഉഡുപ്പിയും. ഈ മേഖലയിലേക്കാണ് കോൺഗ്രസ് കടന്നുകയറ്റത്തിന് ശ്രമം നടത്തുന്നത്.

1975-ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കോൺഗ്രസിനോടുള്ള അതൃപ്തി മുതലെടുത്താണ് ആർഎസ്എസ് കർണാടകയുടെ തീരപ്രദേശങ്ങളിൽ ശക്തിപ്രാപിച്ചത്. സെപ്റ്റംബർ 18-ലെ മന്ത്രിസഭാ യോഗം വികസനത്തെക്കുറിച്ചുള്ള ചർച്ചകൾക്കാണെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയമായ വൻനീക്കങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന ദക്ഷിണ കന്നഡയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്‌.

ദക്ഷിണ കന്നഡയിൽ എട്ടും ഉഡുപ്പിയിൽ അഞ്ചും നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2023 നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെങ്ങും കോൺഗ്രസ് തരംഗം ആഞ്ഞുവീശിയെങ്കിലും തീരദേശ കർണാടക ബിജെപിക്കൊപ്പം ഉറച്ചുനിന്നു. രണ്ടുജില്ലകളിലുമുള്ള 13 സീറ്റുകളിൽ 11 ലും ബിജെപി വിജയിച്ചു. രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. 2028-ൽ ബിജെപി കോട്ടയിൽ ഇളക്കം സൃഷ്ടിക്കാനാകുമെന്നാണ് ഡി.കെ.ശിവകുമാർ പ്രതീക്ഷിക്കുന്നത്. 2023-ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത 135 സീറ്റുകൾ നിലനിർത്തുക എന്നത് ഡി.കെ.ശിവകുമാറിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.

സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിലുള്ള അതൃപ്തി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്‌ പുതിയ അടിത്തറ രൂപപ്പെടുത്തുക എന്ന ലക്ഷ്യംകൂടി ഡി.കെ.ശിവകുമാറിനുണ്ട്. ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെയും ദളിത് വിഭാഗങ്ങളെയും ലക്ഷ്യമിട്ട് സിദ്ധരാമയ്യ നടത്തിയ 'അഹിന്ദ' രാഷ്ട്രീയത്തിലൂടെയാണ് 2023-ൽ കോൺഗ്രസ് സംസ്ഥാനത്ത് തിരിച്ചുവരവ് നടത്തിയത്. സിദ്ധരാമയ്യയുടെ അഭാവം അഹിന്ദ രാഷ്ട്രീയ സഖ്യങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നതിൽ കോൺഗ്രസിന് ആശങ്കയുണ്ട്. ഈ സാഹചര്യങ്ങളിൽകൂടിയാണ് പുതിയ അടിത്തറ കണ്ടെത്താനുള്ള ശ്രമങ്ങൾ. ബി.ജെ.പി. എംഎൽഎമാർക്കെതിരെ നിലനിൽക്കുന്ന ചെറിയ വികാരം പോലും വോട്ടാക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പരമ്പരാഗതമായി ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ലിംഗായത്ത് വോട്ടുകളിൽ സ്വാധീനമുണ്ടാക്കാനും മറ്റൊരുഭാഗത്ത് കോൺഗ്രസ് ശ്രമം നടത്തുന്നുണ്ട്.

Content Highlights: DK Shivakumar government schedules a historic cabinet meeting in Mangaluru on September 18., Strategic move aimed at breaking into the RSS stronghold of Dakshina Kannada., Congress looks to flip coastal Karnataka constituencies ahead of the 2028 assembly elections., Efforts to build a new political base amidst internal party dynamics and changing voter equations.