ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ 200 ശതമാനം ഉറപ്പെന്ന് കര്‍ണാടക എംഎല്‍എ

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം അനുകൂല തീരുമാനമെടുക്കുമെന്ന കാര്യത്തിൽ തനിക്ക് 200 ശതമാനം ഉറപ്പുണ്ടെന്ന് ശിവകുമാർ പക്ഷ എംഎൽഎ. ശിവകുമാറിനെ മുഖ്യമന്ത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതാക്കളെ കാണാൻ കർണാടകയിലെ ചില കോൺഗ്രസ് നിയമസഭാംഗങ്ങൾ ന്യൂഡൽഹിയിലേക്ക് പോയിട്ടുണ്ട്. ഇക്കാര്യത്തിൽ നേതൃത്വം തീരുമാനമെടുക്കുമെന്ന് എംഎൽഎമാർ ചൊവ്വാഴ്ച പറഞ്ഞു.
ഹൈക്കമാൻഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈൻ പറഞ്ഞു. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ ഇഖ്ബാൽ ഹുസൈൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഞാൻ എപ്പോഴും ആ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. 200 ശതമാനം, അദ്ദേഹം ഉടൻ തന്നെ മുഖ്യമന്ത്രിയാകും. ഹൈക്കമാൻഡ് തീരുമാനമെടുക്കും. ഞങ്ങളുടെ നേതാവ് (ശിവകുമാർ) പറഞ്ഞതുപോലെ, അധികാര കൈമാറ്റം അഞ്ചോ ആറോ പാർട്ടി നേതാക്കൾക്കിടയിലുള്ള ഒരു രഹസ്യ ധാരണയാണ്, ആ അഞ്ചോ ആറോ പേർ തീരുമാനിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസഭാ പുനഃസംഘടനയിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം നൽകണമെന്ന് എംഎൽഎമാർ ഹൈക്കമാൻഡിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഇത് പരിഗണിക്കാമെന്ന സൂചന ലഭിച്ചിട്ടുണ്ടെന്നും മധൂർ എംഎൽഎ കെ.എം. ഉദയ് പറഞ്ഞു. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തെക്കുറിച്ച്, പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും എല്ലാവരും അത് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതൃമാറ്റത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കണമെന്ന് ചില മുതിർന്ന എംഎൽഎമാർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടെന്നും, ഉടൻ ഒരു തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദയ് പറഞ്ഞു.
കോൺഗ്രസ് സർക്കാർ അഞ്ചുവർഷത്തെ ഭരണകാലാവധിയുടെ പകുതി നവംബർ 20-ന് പൂർത്തിയാക്കിയതിനെത്തുടർന്ന്, മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ഭരണകക്ഷിയിലെ ആഭ്യന്തര അധികാര വടംവലി രൂക്ഷമായി. 2023-ൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും തമ്മിൽ അധികാര പങ്കിടൽ കരാറുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ശിവകുമാറിനെ പിന്തുണയ്ക്കുന്ന ആറ് നിയമസഭാംഗങ്ങൾ ഞായറാഴ്ച രാത്രി ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലേക്ക് പോയതായും, കൂടുതൽ പേർ പിന്നാലെ എത്തുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ച, പത്തോളം എംഎൽഎമാർ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടിരുന്നു.
അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും എന്നാൽ നിലവിലുള്ള ആശയക്കുഴപ്പം പരിഹരിക്കണമെന്നും മഗഡി എംഎൽഎ എച്ച്.സി. ബാലകൃഷ്ണ ആവശ്യപ്പെട്ടു."ആശയക്കുഴപ്പം നീക്കാൻ ഞങ്ങൾ ഹൈക്കമാൻഡുമായി ചർച്ച നടത്താനാണ് പോയത്, കാരണം ഒരു അന്തിമതീരുമാനം ആവശ്യമാണ്. ആരാണ് മുഖ്യമന്ത്രിയാകുന്നത് എന്നത് പ്രധാനമല്ല; നിലവിലെ സാഹചര്യം കോൺഗ്രസ് പാർട്ടിക്ക് ദോഷകരമാണ്. ഹൈക്കമാൻഡ് ഇടപെട്ട് ഇതിന് അന്ത്യം കുറിക്കണം," അദ്ദേഹം പറഞ്ഞു. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമോ എന്നോ, ഈ വിഷയം നേതൃത്വവുമായി ചർച്ച ചെയ്തോ എന്ന് അദ്ദേഹം സ്ഥിരീകരിച്ചില്ല.
തന്നെ പിന്തുണയ്ക്കുന്ന നിയമസഭാംഗങ്ങൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹിക്ക് പോയെന്ന റിപ്പോർട്ടുകളോട് നേരത്തെ പ്രതികരിച്ച ശിവകുമാർ, തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും അവർ മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നവരായിരിക്കാമെന്നും പറഞ്ഞു. "ഞാൻ അവരിലാരെയും വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അവർ എന്തിനാണ് പോയതെന്ന് ഞാൻ ചോദിക്കുന്നില്ല. എനിക്ക് അതിന്റെ ആവശ്യമില്ല," അദ്ദേഹം പറഞ്ഞു.
Content Highlights: Karnataka Congress MLAs are pushing for Deputy CM DK Shivakumar to become CM. Party high command to decide on leadership change amid internal power tussle.