കോവിഡിന് ശമനം, തമിഴകം ദീപാവലിത്തിരക്കിലേക്ക്; ആഘോഷപ്പൂത്തിരിയൊരുക്കി ശിവകാശിയിലെ പടക്കവിപണി

തെന്മല: ദീപാവലിക്ക് ഒരാഴ്ചമാത്രം ബാക്കിനില്‍ക്കേ തമിഴകത്ത് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. പ്രധാനമായും പടക്കവിപണിയും വസ്ത്ര വ്യാപാരകേന്ദ്രങ്ങളും സജീവമായിട്ടുണ്ട്. വില്‍പനയ്ക്ക് ആവശ്യമായ സാമഗ്രികള്‍ ഇതിനകം വ്യാപാരികള്‍ എത്തിച്ചുതുടങ്ങിയിട്ടുണ്ട്.
ദീപാവലിയെന്നാല്‍ ശിവകാശിയെന്നാകും ഏവരുടെയും മനസിലേക്ക് വരുക. പടക്ക നിര്‍മാണത്തിന്റെ കേന്ദ്രമെന്നറിയപ്പെടുന്ന ശിവകാശി അതിനാല്‍ മിനി ജപ്പാന്‍ എന്നാണ് അറിയപ്പെടുന്നത്.ദീപാവലിക്ക് മാസങ്ങള്‍ക്കു മുന്‍പുതന്നെ ശിവകാശിയില്‍ പടക്കനിര്‍മാണശാലകള്‍ സജീവമാകാറാണ് പതിവ്. തയ്യാറാക്കിയ പടക്കങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കും കയറ്റി അയക്കുന്ന തിരക്കിലാണ് നിര്‍മാണകേന്ദ്രങ്ങള്‍. കഴിഞ്ഞ തവണത്തേക്കാള്‍ 10 മുതല്‍ 20 ശതമാനംവരെ വില ഉയര്‍ന്നിട്ടുള്ളതായി മൊത്തം വിപണിയിലെ കച്ചവടക്കാര്‍ പറയുന്നു.
കോവിഡ് പ്രതിസന്ധി ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞതവണ വില്‍പനയില്‍ വലിയ ഇടിവുണ്ടായിരുന്നില്ല. അതിനാല്‍ ഇത്തവണ ഉത്പാദനവും സാധാരണഗതിയിലെത്തിയിട്ടുണ്ട്. മിനി ജപ്പാനെന്നറിയപ്പെടുന്ന ശിവകാശിയില്‍ ആയിരത്തോളം പടക്കനിര്‍മാണകേന്ദ്രങ്ങളുണ്ട്.
പല വര്‍ണത്തിലും ശബ്ദത്തിലും പൊട്ടിവിടരുന്ന പൂത്തിരിയിലും പടക്കത്തിലും ഓരോതവണയും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനുള്ള മത്സരത്തിലാണ് ഇവിടുത്തെ കമ്പനികള്‍. അതിനാല്‍ തന്നെ ഓരോവര്‍ഷവും വ്യത്യസ്തവും ആകര്‍ഷണീയമായ പൂക്കുറ്റികളും പൂത്തിരികളും പതിവാണ്. ആകാശത്ത് വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്ന പൂത്തിരികള്‍ കണ്ണിനു കുളിര്‍മയുള്ള കാഴ്ചയാണെങ്കിലും നിര്‍മാണപ്രക്രിയ പ്രയാസവും അതിനൊപ്പം അപകടമേറിയതുമാണ്. ജോലികളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഏര്‍പ്പെടുന്നുണ്ട്.
പൂക്കുറ്റി, പൂത്തിരി, ചെറുപടക്കങ്ങള്‍ എന്നിവ തയ്യാറാക്കുന്നതും തിരികള്‍ വയ്ക്കുന്നതും സ്ത്രീ തൊഴിലാളികളുടെ ജോലിയാണ്. വലിയ പടക്കങ്ങള്‍ തയ്യാറാക്കുന്നതിനൊപ്പം ആവശ്യത്തിനുള്ള കരിമരുന്ന് കൂട്ടുന്നതും ഉണക്കന്നതുമെല്ലാം പുരുഷ തൊഴിലാളികളുടെ ജോലിയും. സ്ത്രീ തൊഴിലാളികള്‍ക്ക് ഒരുദിവസത്തെ കൂലി 300മുതല്‍ 400 വരെയും പുരുഷന്മാര്‍ക്ക് 500 മുതല്‍ 1000 രൂപവരെയുമാണ്. കരിമരുന്ന് കൂട്ടുന്ന തൊഴിലാളികള്‍ക്ക് കൂലി കൂടുതലാണ്. തമിഴകത്തില്‍ പടക്കനിര്‍മാണത്തിനിടെ അപകടങ്ങള്‍ സംഭവിച്ച് ഓരോവര്‍ഷവും നിരവധി ജീവനുകള്‍ പൊലിയുന്നുണ്ട്.
Content Highlights: