അദ്വാനിയുടെ കാൽച്ചുവട്ടിലിരുന്ന മോദി പ്രധാനമന്ത്രിയായി, കോൺഗ്രസിൽ അങ്ങനെയൊരാളുണ്ടോ?- ദിഗ്‌വിജയ് സിങ്

#ന്യൂസ് ഡെസ്‌ക്
ദിഗ്‌വിജയ സിങ് | Photo: Sabu Scaria, Mathrubhumi | രാഹുല്‍ ഗാന്ധി | Photo: PTI
ദിഗ്‌വിജയ സിങ് | Photo: Sabu Scaria, Mathrubhumi | രാഹുല്‍ ഗാന്ധി | Photo: PTI

ന്യൂഡൽഹി: ബിജെപിയേയും ആർഎസ്എസിനേയും പ്രശംസിച്ച് വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ ദിഗ്‌വിജയ് സിങ്. കാലം മാറുന്നതിനനുസരിച്ച് പാർട്ടിക്കുള്ളിൽ പുതിയ പരിഷ്‌കാരങ്ങൾ വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കത്തയച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രതികരണം. ശനിയാഴ്ച രാവിലെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു പഴയകാലചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ പ്രശംസ.

ഗുജറാത്തിൽ ബിജെപി നേതാവ് എൽ.കെ. അദ്വാനി ഗുജറാത്തിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ചടങ്ങിലെ ക്വോറ സ്‌ക്രീൻഷോട്ട് ആണ് സിങ് എക്‌സിൽ പങ്കുവെച്ചത്. ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ യുവാവായ മോദി, അദ്വാനിയുടെ സമീപം തറയിൽ ഇരിക്കുന്നത് കാണാം. ഒരിക്കൽ മുതിർന്ന നേതാവിനടുത്ത് തറയിൽ ഇരുന്ന ഒരു പ്രവർത്തകൻ സംഘപരിവാർ-ബിജെപി സംവിധാനത്തിനുള്ളിൽ വളർന്ന് മുഖ്യമന്ത്രിയും ഇന്ന് പ്രധാനമന്ത്രിയും ആയതെങ്ങനെ എന്ന് നമ്മൾ ചിന്തിക്കണം എന്നാണ് പോസ്റ്റിൽ പറയുന്നത്.

'ഈ ചിത്രം ക്വോറ സൈറ്റിൽനിന്ന് ലഭിച്ചതാണ്. വളരെ ആകർഷകമായ ചിത്രമാണിത്.. ഒരിക്കൽ സംഘ പ്രവർത്തകരും ജനസംഘം/ ബിജെപി പ്രവർത്തകരും നേതാക്കളുടെ കാൽക്കീഴിൽ തറയിലാണ് ഇരുന്നിരുന്നത്. അവർ കാലക്രമേണ വളർന്ന് സംസ്ഥാന മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആയതെങ്ങനെയാണ്. ഇതാണ് സംഘടനയുടെ ശക്തി. ജയ് സിയാറാം', സിങ് എക്‌സിൽ കുറിച്ചു.

1990-കളിലെ മോദിയുടെ ഗുജറാത്തിലെ രാഷ്ട്രീയ വളർച്ച രേഖപ്പെടുത്തുന്ന ചിത്രമാണ് സിങ് എക്‌സിൽ പങ്കുവെച്ചത്. 1996-ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എടുത്തതാണ് ഈ ചിത്രം. അക്കാലത്തെ പ്രമുഖ ബിജെപി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രികൂടിയായ ദിഗ്‌വിജയ് സിങ് ബിജെപിയുടെയും ആർഎസ്എസിന്‍റെയും സംവിധാനപാടവത്തെ പ്രശംസിക്കുന്നത് കോൺഗ്രസിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

പരാമർശം വിവാദമായതോടെ പിന്നീട് സിങ് തന്നെ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തി. താൻ സംഘടനയുടെ ഒരു നല്ല വശത്തെ പ്രശംസിക്കുക മാത്രമാണ് ചെയ്തതെന്നും ബിജെപിയെയും ആർഎസ്എസിനെയും എതിർക്കുന്നത് ഇനിയും തുടരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ഈ ട്വീറ്റ് രാഹുൽ ഗാന്ധിയെ വിമർശിക്കാനുള്ള ആയുധമാക്കിയിരിക്കുകയാണ് ബിജെപി. ദിഗ്‌വിജയ് സിങ്ങിന്റെ പരാമർശം 'ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ' കോൺഗ്രസ് നേതൃത്വത്തെ തുറന്നുകാട്ടിയതായി പാർട്ടി വക്താവ് സി.ആർ. കേശവൻ പറഞ്ഞു.

'ഞെട്ടിക്കുന്ന സത്യം വിളിച്ചോതുന്ന ദിഗ്‌വിജയ് സിങ്ങിന്റെ ട്വീറ്റിന് മറുപടിപറയാൻ രാഹുൽ ഗാന്ധി ധൈര്യം കാണിക്കുമോ? അദ്ദേഹം പ്രതികരിക്കുമോ? കോൺഗ്രസ് കുടുംബം പാർട്ടിയെ ഏകാധിപത്യപരമായി എങ്ങനെ നിയന്ത്രിക്കുന്നു എന്നും അവർ എത്രത്തോളം ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവുമാണെന്നും അദ്ദേഹത്തിന്‍റെ പോസ്റ്റ് തുറന്നുകാട്ടിയിരിക്കുന്നു', സി.ആർ. കേശവൻ എക്‌സ് പോസ്റ്റിൽ പറഞ്ഞു.

Content Highlights: Digvijaya Singh`s praise for RSS/BJP`s grassroots growth triggers controversy. BJP challenges Rahul Gandhi to show courage and react to the `truth bomb`.