'ഇതൊക്കെ കാണാനാണോ ഞങ്ങൾ രാജ്യത്തിനായി മെഡലുകൾ നേടിയത്?'; പൊട്ടിക്കരഞ്ഞ് വിനേഷ് ഫൊഗട്ട്

ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കുനേര്‍ക്ക് ഡല്‍ഹി പോലീസ് നടത്തിയ അതിക്രമത്തില്‍ വികാരവിക്ഷുബ്ധയായി ഗുസ്തി താരം വിനേഷ് ഫൊഗട്ട്. ഇതിനൊക്കെ സാക്ഷിയാകാനാണോ ഞങ്ങള്‍ മെഡലുകള്‍ നേടിയതെന്ന് അവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചോദിച്ചു. പോലീസ് അതിക്രമം സംബന്ധിച്ച് ബുധനാഴ്ച രാത്രിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഞങ്ങളോട് ഇത്തരത്തില്‍ പെരുമാറാന്‍ ഞങ്ങള്‍ ക്രിമിനലുകളല്ല. എന്നോട് പോലീസ് മോശമായി പെരുമാറുകയും പിടിച്ചു തള്ളുകയും ചെയ്തു. എവിടെയായിരുന്നു വനിതാ പോലീസുകാര്‍, വിനേഷ് ഫൊഗോട്ട് ചോദിച്ചു. കണ്ണീരൊഴുക്കിക്കൊണ്ടായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നിലുള്ള അവരുടെ പ്രതികരണം.
പോലീസ് നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ലഭിച്ച എല്ലാ മെഡലുകളും തിരിച്ചെടുക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണെന്ന് ഗുസ്തി താരം ബജ്‌റംഗ് പുനിയ പ്രതികരിച്ചു. തങ്ങള്‍ക്ക് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും പിന്തുണ ആവശ്യമുണ്ട്. പോലീസ് ഞങ്ങള്‍ക്കെതിരെ ബലം പ്രയോഗിക്കുകയാണ്. വനിതാ താരങ്ങളെ അധിക്ഷേപിക്കുന്നു. എന്നാല്‍, അവര്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ബജ്റംഗ് പൂനിയ ആരോപിച്ചു.
മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ തങ്ങള്‍ക്കുനേരെ അതിക്രമം നടത്തുകയായിരുന്നെന്ന് പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങള്‍ ആരോപിച്ചു. ഞങ്ങളെ ആ പോലീസ് ഉദ്യോഗസ്ഥന്‍ പിടിച്ചു തള്ളുകയും ഉന്തുകയും ചെയ്തു. എന്നാല്‍ മറ്റു പോലീസുകാര്‍ നിശബ്ദരായി ഇത് നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറയുന്നു.
അനുവാദമില്ലാതെ സമരപ്പന്തലില്‍ പുതപ്പും കിടക്കകളുമെത്തിച്ച സോമനാഥ് ഭാരതിയടക്കമുള്ള ആം ആദ്മി നേതാക്കളെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കിടക്കകളെക്കുറിച്ച് ചോദിച്ചപ്പോള്‍ സോമനാഥ് ഭാരതിക്കൊപ്പമുണ്ടായിരുന്ന അനുയായികള്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ഡി.സി.പി. പ്രണവ് തയാല്‍ അറിയിച്ചു.
Content Highlights: Did We Win Medals To See Such Days- Vinesh Phogat Breaks Down