ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതാണ്, രാഹുൽ വിദ്യാർഥികളെ ചൂഷണം ചെയ്യുന്നു; പ്രതികരണവുമായി പ്രധാൻ

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സർക്കാർ സമഗ്രമായ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതാണെന്നും രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കി ചൂഷണം ചെയ്യുകയാണെന്നും മന്ത്രി ആരോപിച്ചു.
വിദ്യാർഥികൾക്ക് പരിഹാരം കാണുക എന്നതായിരുന്നില്ല അവരുടെ ലക്ഷ്യം, മറിച്ച് രാഷ്ട്രീയ വാർത്തകളിൽ ഇടംപിടിക്കാനായി തടസ്സങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നുവെന്നും പ്രധാൻ പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'നീറ്റ് വിഷയം ചർച്ച ചെയ്യുന്നതിനും നമ്മുടെ യുവജനങ്ങളുടെ എല്ലാ ന്യായമായ ആശങ്കകളും പാർലമെന്റിൽ ഉന്നയിച്ച് അവ പരിഹരിക്കുന്നതിനും ഞങ്ങളുടെ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രീയ പ്രചാരണത്തിനുള്ള കേവലം ഉപകരണങ്ങളായി കണക്കാക്കപ്പെടുന്നതിനേക്കാൾ മെച്ചപ്പെട്ട പരിഗണനയാണ് ഇന്ത്യയിലെ വിദ്യാർഥികൾ അർഹിക്കുന്നത്. അനിശ്ചിതത്വത്തിന് പകരം ഉറപ്പും, മുദ്രാവാക്യങ്ങൾക്ക് പകരം പരിഹാരങ്ങളും, തടസ്സപ്പെടുത്തലുകൾക്ക് പകരം ഉത്തരവാദിത്തവുമാണ് അവർക്ക് ആവശ്യം' എന്നും പ്രധാൻ എക്‌സിൽ കുറിച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ വിദ്യാർഥികളെ രാഷ്ട്രീയ ഉപകരണങ്ങളായി ലജ്ജയില്ലാതെ ചൂഷണം ചെയ്യുകയാണ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയും സുരക്ഷാ പ്രോട്ടോക്കോളുകളെ നിസ്സാരമാക്കിയുമാണ് കോൺഗ്രസും രാഹുൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ്ണ നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
'വിശദമായ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് അറിയിച്ചതിന് ശേഷവും, കോൺഗ്രസ് ജനാധിപത്യ ചർച്ചകളെക്കാൾ രാഷ്ട്രീയ നാടകങ്ങൾക്കാണ് മുൻഗണന നൽകിയത്. വിദ്യാർഥികൾക്കുള്ള പരിഹാരങ്ങളായിരുന്നില്ല അവരുടെ ലക്ഷ്യം, മറിച്ച് രാഷ്ട്രീയ വാർത്തകൾക്കായി തടസ്സങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു. രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം, ഇത് വിദ്യാർഥികളെക്കുറിച്ചുള്ള വിഷയമല്ല. മറിച്ച്, ചർച്ചയ്ക്കുള്ള എല്ലാ യഥാർത്ഥ വഴികളും തുറന്നിട്ടിട്ടും സംഘർഷം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമമാണിത്. വിദ്യാർഥികളോട് വെറും രോഷം പ്രകടിപ്പിക്കുന്നതിലുപരി നമുക്ക് മറ്റ് ചില കടമകളുണ്ട്; അവർക്ക് ഉത്തരങ്ങളും പരിഷ്‌കരണങ്ങളും ഉത്തരവാദിത്തബോധത്തോടെയുള്ള നടപടികളും നൽകേണ്ടതുണ്ട്. കൃത്യമായി അത് നടപ്പിലാക്കാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്' പ്രധാൻ പറഞ്ഞു.
Content Highlights: Dharmendra Pradhan defends government stance on NEET and CBSE irregularities., Accusations against Congress and Rahul Gandhi for using students as political tools., Government's commitment to parliamentary discussion and systemic reforms., Emphasis on providing solutions and accountability over political protests.