ദേശി സ്റ്റെൽത്ത് ഫൈറ്ററുമായി ഇന്ത്യ; 5-ാംതലമുറ യുദ്ധവിമാന എഞ്ചിന്റെ നിർമാണം ഫ്രഞ്ച് കമ്പനിക്കൊപ്പം

ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംപാറ്റ് എയർക്രാഫ്റ്റ്(എഎംസിഎ) എഞ്ചിനുകൾ വികസിപ്പിക്കുന്നതിനായി ഫ്രഞ്ച് വ്യവസായ ഭീമനായ സഫ്രാനുമായി സഹകരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ ഭാവി യുദ്ധവിമാന വികസനത്തിൽ സുപ്രധാനമായ മുന്നേറ്റമാണിത്.
'അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്തിന്റെ എഞ്ചിൻ ഇന്ത്യയിൽ നിർമ്മിക്കുന്നതിനാണ് മുൻഗണന. ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി ചേർന്ന് ഇന്ത്യയിൽ എഞ്ചിൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോവുകയാണ്.' രാജ്നാഥ് സിങ് പറഞ്ഞു.
അമേരിക്കയുമായുള്ള അധികത്തീരുവ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ, യുഎസ്സിന്റെ ജനറൽ ഇലക്ട്രിക്, യുകെയുടെ റോൾസ് റോയ്‌സ് എന്നിവയെ പിന്തള്ളിയാണ് സഫ്രാനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം സർക്കാർ എടുത്തത് എന്നത് ശ്രദ്ധേയമായി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനുമായി (ഡിആർഡിഒ) ചേർന്നാണ് സഫ്രാൻ എഞ്ചിൻ നിർമ്മാണ പ്രവർത്തനം ഏകോപിപ്പിക്കുക.
വ്യാവസായിക പങ്കാളിത്തത്തോടെ ഈ പരിപാടി നടപ്പാക്കുന്നതിനുള്ള പ്രധാന സ്ഥാപനമായി ബെംഗളൂരു ആസ്ഥാനമായുള്ള എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയെ തിരഞ്ഞെടുത്തു. അഞ്ച് പ്രോട്ടോടൈപ്പുകൾ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി 15,000 കോടി രൂപ അനുവദിച്ച് ഒരു വർഷത്തിലേറെ കഴിഞ്ഞാണ് കേന്ദ്ര സർക്കാരിന്റെ അനുമതി വരുന്നത്.
വ്യോമസേന നിലവിൽ ഉപയോഗിക്കുന്ന റഫാൽ യുദ്ധവിമാനങ്ങളിലെ എം88 എഞ്ചിനുകൾക്കായി ഹൈദരാബാദിൽ ഒരു പുതിയ എംആർഒ (അറ്റകുറ്റപ്പണി, റിപ്പയർ, ഓവർഹോൾ) സൗകര്യം നിർമ്മിക്കുന്ന പ്രക്രിയയിലാണ് സഫ്രാൻ. മറ്റ് രാജ്യങ്ങളിൽനിന്നുള്ള എഞ്ചിനുകൾക്കും സേവനം നൽകുന്നതായിരിക്കും ഹൈദരാബാദിലെ ഈ കേന്ദ്രം.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ശക്തമായി തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ കഴിവിനെക്കുറിച്ച് പാകിസ്താൻ കരസേന മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് യാതൊരു വ്യാമോഹവും വേണ്ടെന്ന് രാജ്നാഥ് സിങ് കോൺക്ലേവിൽ പറഞ്ഞു.
പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെ ട്രക്കിനോടും ഇന്ത്യയുടേതിനെ മെഴ്സിഡസിനോടും ഉപമിച്ച മുനീറിന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കവെ, കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിലെ പാകിസ്താന്റെ പരാജയത്തിന്റെ കുറ്റസമ്മതമാണ് അതെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
'രണ്ട് രാജ്യങ്ങൾക്ക് ഒരുമിച്ച് സ്വാതന്ത്ര്യം ലഭിക്കുകയും, അതിൽ ഒന്ന് കഠിനാധ്വാനം, ശരിയായ നയങ്ങൾ, കാഴ്ചപ്പാട് എന്നിവയിലൂടെ ഒരു സ്‌പോർട്‌സ് കാർ പോലുള്ള സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുമ്പോൾ മറ്റൊന്ന് പരാജയത്തിൽ കുടുങ്ങിക്കിടക്കുകയാണെങ്കിൽ, അത് അവരുടെ സ്വന്തം പ്രവൃത്തിയാണ്. ഇത് തമാശയല്ല, കുറ്റസമ്മതമാണ്.' അദ്ദേഹം പറഞ്ഞു.
ഫ്രാൻസിന്റെ തന്നെ ദസ്സോ ഏവിയേഷനിൽനിന്ന് 26 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നതിനായി ഇന്ത്യ ഏപ്രിലിൽ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിനകം സ്വന്തമാക്കിയ 36 റഫാൽ യുദ്ധവിമാനങ്ങളോടൊപ്പം ഇവയും വ്യോമസേനയ്ക്ക് കരുത്താവും.
Content Highlights: India to develop with France engine for desi stealth fighter; rajnath singh