ഓർമ്മയുണ്ടാകണം, 2016 നവംബർ 8, രാജ്യം ഞെട്ടിയ ആ രാത്രി; നോട്ട് നിരോധനത്തിന് ഇന്ന് 10 വർഷം, പ്രതീക്ഷിച്ച ഫലം കണ്ടോ?

#ന്യൂസ് ഡെസ്ക്
നോട്ട് നിരോധിച്ച സമയത്ത് ഡല്‍ഹിയിലെ എടിഎമ്മിന് മുന്നില്‍ വരിനില്‍ക്കുന്നവര്‍ | File Photo - PTI
നോട്ട് നിരോധിച്ച സമയത്ത് ഡല്‍ഹിയിലെ എടിഎമ്മിന് മുന്നില്‍ വരിനില്‍ക്കുന്നവര്‍ | File Photo - PTI

ഓർമ്മയുണ്ടാകണം, 2016 നവംബർ എട്ട്. ഇന്നേക്ക്‌ പത്തുവർഷംമുൻപ്‌. അന്നുരാത്രി എട്ടുമണിക്ക് രാജ്യത്തെ അമ്പരപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ചു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസികൾ അസാധുവാക്കി. പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം കറൻസിയും പിൻവലിച്ചു. ചുരുങ്ങിയ കാലത്തേക്ക്‌ കഷ്ടപ്പാടുകൾ ഉണ്ടാകുമെങ്കിലും കള്ളപ്പണം, ഹവാല, അഴിമതി, ഭീകരപ്രവർത്തനം എന്നിവയിൽനിന്നെല്ലാം രാജ്യത്തെ ശുദ്ധീകരിക്കാനുള്ള ത്യാഗമെന്നാണ് പ്രധാനമന്ത്രി അതിനെ വിശേഷിപ്പിച്ചത്. എ.ടി.എമ്മിനും ബാങ്കുകൾക്കും മുന്നിൽ ജനം ക്യൂനിന്ന് വലഞ്ഞു. ആ വരികളിൽ തളർന്നുവീണ് മരിച്ചവരുണ്ട്. അസംഘടിത മേഖലയിൽ, ഗ്രാമങ്ങളിൽ ദുരന്തം പടർന്നു. ഭൂരിപക്ഷത്തിനും അതൊരു സാമ്പത്തികാഘാതമായി. എന്താണ് ആഗ്രഹിച്ചത്, എന്താണ് നടന്നത്? നോട്ടുനിരോധനത്തിന്റെ പത്തുവർഷങ്ങളെ വിലയിരുത്തി മാതൃഭൂമി സംഘടിപ്പിച്ച ചർച്ച

ഡോ. കെ.എൻ. ഹരിലാൽ (സംസ്ഥാന ധനകാര്യകമ്മിഷൻ അധ്യക്ഷൻ), എസ്. ആദികേശവൻ (എസ്.ബി.ഐ. മുൻ ചീഫ് ജനറൽ മാനേജർ), ഡോ. അശ്വതി റേച്ചൽ വർഗീസ് (അസി. പ്രൊഫസർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷൻ, തിരുവനന്തപുരം). മോഡറേറ്റർ: എസ്.എൻ. ജയപ്രകാശ് (മാതൃഭൂമി പ്രതിനിധി)

ഇപ്പോൾ വിലയിരുത്തുമ്പോൾ നോട്ടുനിരോധനത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞോ?

ഡോ.കെ.എൻ.ഹരിലാൽ: അതൊരു ബിഗ് ബാങ്‌ പ്രഖ്യാപനമായിരുന്നു. വലിയ മാറ്റം സാമ്പത്തികനയങ്ങളിൽ വരുന്നുവെന്ന പ്രഖ്യാപനം. സമ്പദ്ഘടനയുടെ തലയ്ക്ക് വലിയൊരു അടിയേൽപ്പിച്ച നടപടി. സാമ്പത്തികരംഗത്തെ ശുദ്ധീകരണത്തിനായി പ്രഖ്യാപിച്ച ആ നടപടിയിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ശുദ്ധീകരണം ആവശ്യമായിരുന്നു. എന്നാൽ, ആ ലക്ഷ്യങ്ങളുടെയെങ്ങും അടുത്തേക്ക്‌ എത്താൻ കഴിഞ്ഞില്ല. അഴിമതിയും കള്ളപ്പണവും ഇല്ലാതായില്ല. എന്താണ് കള്ളപ്പണവ്യവസ്ഥ എന്ന് മനസ്സിലാക്കി അതിനെ നേരിടുന്നതിൽത്തന്നെ പരാജയപ്പെട്ടു. ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും ജീവിക്കുന്നത് അസംഘടിത മേഖലയുമായി ബന്ധപ്പെട്ടാണ്. നോട്ടുനിരോധനം ഗ്രാമീണ, അസംഘടിത മേഖലയ്ക്ക് എതിരായാണ് പ്രവർത്തിച്ചത്.

എസ്. ആദികേശവൻ: ഉദ്ദേശ്യശുദ്ധി ഉണ്ടായിരുന്നു. പക്ഷേ, നടത്തിപ്പിൽ കാര്യമായ പാളിച്ചകളുണ്ടായി. ജി.ഡി.പി.യും വ്യാപനത്തിലുള്ള പണവും തമ്മിലുള്ള അനുപാതം അതുപോലെ നിലനിൽക്കുന്നു. അന്ന് പ്രചാരത്തിലുണ്ടായിരുന്ന കറൻസി 17 ലക്ഷം കോടിയുടേതായിരുന്നെങ്കിൽ ഇന്നത് 43 ലക്ഷം കോടിയാണ്. നേരത്തേയുണ്ടായിരുന്ന പണത്തിൽ 99 ശതമാനവും തിരിച്ചെത്തി. എന്നാൽ, ഡിജിറ്റൽ ഇടപാടുകളിൽ മെച്ചമുണ്ടായി. ഈ ഡിജിെറ്റെസേഷൻ അന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ലക്ഷ്യമായി പരാമർശിച്ചിരുന്നില്ല. ബാക്കിയുള്ള ലക്ഷ്യങ്ങൾ കൈവരിച്ചെന്ന് എങ്ങനെ പറയാൻപറ്റും?

ഡോ. അശ്വതി റേച്ചൽ വർഗീസ്: നോട്ടുനിരോധനത്തിന്റെ പരോക്ഷഫലമായി സമ്പദ്‌വ്യവസ്ഥയിൽ പോസിറ്റീവായ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആദായനികുതി റിട്ടേൺ ഫയൽചെയ്യുന്നവരുടെ എണ്ണം മൂന്നുകോടിയിൽനിന്ന് 7.8 കോടിയായി. ഡിജിറ്റൽ ഇടപാടുകൾ വന്നതോടെ അക്കൗണ്ടിങ് കൂടി. എന്നാൽ, പ്രതികൂലഫലങ്ങളാണ് കൂടുതലും. സമാന്തര സമ്പദ്ഘടനയെ ഔപചാരികമാക്കാൻ പ്രഖ്യാപിച്ച നടപടി അസംഘടിതമേഖലയെയും ഗ്രാമീണമേഖലയെയും അങ്ങേയറ്റം ദോഷകരമായി ബാധിച്ചുവെന്നതാണ് പ്രധാനപ്രശ്നം. എട്ടുമാസത്തിനുശേഷംവന്ന ജി.എസ്.ടി.യും കോവിഡുമൊക്കെ ഇതിന് കാരണമായിട്ടുണ്ട്. പക്ഷേ, തുടക്കം നോട്ടുനിരോധനത്തിൽനിന്നാണ്. അതിൽനിന്ന് ഗ്രാമീണമേഖലയ്ക്ക് ഇനിയും കരകയറാനായിട്ടില്ല.

കറൻസിയുടെ പ്രചാരം കുറഞ്ഞതുമില്ല, ഡിജിറ്റൽ ഇടപാടുകൾ വൻതോതിൽ കൂടുകയുംചെയ്യുന്നു. ഡിജിറ്റൽ ഇടപാടുകൾ കൂടുന്നത് പണാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽനിന്നുള്ള മാറ്റമായി വ്യാഖ്യാനിക്കാമോ?

എസ്. ആദികേശവൻ: അത് ശരിയാണെന്ന് തോന്നുന്നില്ല. എന്നാൽ, ഡിജിറ്റൽ ഇടപാടുകൾ വൻതോതിൽ കൂടി. അതിൽ നമുക്ക് അഭിമാനിക്കാം. കറൻസിയുടെ വ്യാപനം കൂടുന്നുവെന്നത് പിന്നാക്കാവസ്ഥയുടെ സൂചനയുമല്ല. ഇപ്പോൾ ലോകത്തെ 50 ശതമാനം ഡിജിറ്റൽ ഇടപാടുകളും നടക്കുന്നത് ഇന്ത്യയിലാണ്. നമ്മുടെ ഗ്രാമീണമേഖലയിലേതടക്കം വലിയൊരു ജനവിഭാഗം ഡിജിറ്റൽ-മൊബൈൽ പണമിടപാടുകളിലൂടെ ഒന്നാം ലോകത്തുനിന്ന് രണ്ടാംലോകം കടക്കാതെ നേരിട്ട് മൂന്നാംലോകത്തെത്തി എന്ന്‌ ഞാൻ പറയും. കറൻസിയുടെയും ഡിജിറ്റൽ ഇടപാടുകളുടെയും ഒരുമിച്ചുള്ള വ്യാപനം സമ്പദ്‌ഘടനയുടെ വളർച്ചകൂടി സൂചിപ്പിക്കുന്നു. ഗ്രാമീണമേഖലയ്ക്ക് ഇനിയും തിരിച്ചെത്താൻ കഴിഞ്ഞില്ലെന്ന് പറയുന്നത് ശരിയല്ല. ജി.എസ്.ടി. വരുമാനത്തിലെ വർധനയും വാഹനവിൽപ്പനയിലെ വർധനയും നോക്കുക. ഗ്രാമങ്ങളിലാണല്ലോ ട്രാക്ടർ. അവയുടെ വിൽപ്പനയിലും നടപ്പുസാമ്പത്തികവർഷത്തിലടക്കം കഴിഞ്ഞ കുറെവർഷമായി തുടർച്ചയായി പത്തുശതമാനം വർധനയുണ്ട്.

ഡോ. കെ.എൻ. ഹരിലാൽ: ഡിജിറ്റൈസേഷനിലൂടെ മെച്ചമുണ്ടായിട്ടുണ്ട്. അതിനെ നോട്ടുനിരോധനവുമായി എത്രമാത്രം ബന്ധപ്പെടുത്താനാകും? സാങ്കേതികവിദ്യയിലുണ്ടായ വലിയമാറ്റം ചില്ലറ ഇടപാടുകളിലേക്കുകൂടി സാധ്യമാക്കാൻ വലിയൊരു പരിശ്രമം ഇന്ത്യ നടത്തി. അത് ശ്ലാഘനീയമാണ്. എന്നാൽ, സമ്പത്തിന്റെ സമ്പദ്‌വത്കരണം നടന്നുകൊണ്ടിരിക്കുന്നു. നേരത്തേ നമ്മൾ കറൻസിയിൽ ഇടപാട് നടത്തുമ്പോൾ അതിൻമേൽ മറ്റൊരു കമ്പനിക്ക് പണമുണ്ടാക്കാൻ സാധിക്കുമായിരുന്നില്ല. ഇപ്പോൾ ഇന്ത്യൻ ഭരണകൂടം നികുതി ചുമത്തുന്നതുമാതിരി ഇന്ത്യയിലെ എല്ലാ ഇടപാടുകൾക്കുംമേൽ നികുതി ചുമത്താൻ കോർപ്പറേറ്റുകൾക്ക് കഴിയുന്നു. അതിന്റെ മുഴുവൻ േഡറ്റയും അവരുടെ കൈകളിലേക്ക്‌ പോകുന്നു. ഇതൊരു അപകടസൂചനയാണ്. ജനാധിപത്യവും ദേശരാഷ്ട്രങ്ങളും നിലനിൽക്കണോ അതോ കോർപ്പറേറ്റുകൾ നിലനിൽക്കണോ എന്ന ഗൗരവകരമായ പ്രശ്നത്തിലാണ് നമ്മൾ എത്തുന്നത്.

ഡോ. അശ്വതി റേച്ചൽ വർഗീസ്: ഡിജിറ്റൽ ഇടപാടുകളുടെ വർധനയുടെ അനന്തരഫലം ഇടപാടുകളിൽ വൻതോതിൽ ഫ്രോഡുകൾക്കുള്ള സാധ്യതകൾ തുറന്നുവെന്നതാണ്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ അപര്യാപ്തയായാണ് ഇതിനെ ഞാൻ കാണുന്നത്. ഡിജിറ്റൽ ഇടപാടുകൾക്ക് ഭാവിയുണ്ടെന്ന് വിശ്വസിക്കണമെങ്കിൽ ഇത്തരം ഫ്രോഡുകളെ തടയാൻ കഴിയണം. കോർപ്പറേറ്റുകൾക്ക് വിഹിതം കൈപ്പറ്റാൻ ഇടയാക്കുന്ന നിയമങ്ങളും പാടില്ല.

ഒരുതരം മുന്നറിയിപ്പുമില്ലാതെ നോട്ടുനിരോധനം പ്രഖ്യാപിച്ചത് ജനാധിപത്യവിരുദ്ധമായ രീതിയിലാണെന്ന വിമർശനമുണ്ടായി. നയപരമായ തീരുമാനങ്ങളെടുക്കുന്നതിൽ നോട്ടുനിരോധനത്തിന്റെ അനുഭവത്തിൽനിന്ന് സർക്കാർ എന്തെങ്കിലും പാഠം പഠിച്ചോ?

ഡോ. കെ.എൻ. ഹരിലാൽ: നമ്മുടെ ഭരണഘടനാസ്ഥാപനങ്ങൾക്ക് വരുന്നതുപോലെ സ്ഥിതിവിവരക്കണക്കുകൾക്കും മൂല്യശോഷണം സംഭവിച്ചിട്ടുണ്ട്. അസംഘടിതമേഖലയിലെ ഉത്പാദനവളർച്ച സംബന്ധിച്ച് ഒരുപാട് സംശയങ്ങൾ നിരീക്ഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. തൊഴിൽലഭ്യത കൂടുന്നില്ല. യഥാർഥ കൂലിയും കൂടുന്നില്ല. മാനുഫാക്ചറിങ് രംഗത്തിന്റെ വിഹിതം ജി.ഡി.പി.യുടെ 13-14 ശതമാനംമാത്രമായി വർഷങ്ങളായി തുടരുന്നു. വളർച്ച ജനങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നില്ല. അതേസമയം സ്റ്റോക്ക് മാർക്കറ്റിൽ പ്രതിഫലിക്കുന്നു.

എസ്. ആദികേശവൻ: ഇത് അസംഘടിതമേഖലയുടെ വ്യാപ്തിമൂലമുള്ള അസ്ഥിരതയായാണ് എനിക്ക് തോന്നുന്നത്. അനുകൂലമല്ലാത്ത േഡറ്റ പൂഴ്ത്തിയെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് തോന്നുന്നില്ല. ഓഹരിവിപണി, ബാങ്കിങ് തുടങ്ങിയ പല മേഖലകളിലും നമ്മൾ അമേരിക്കൻ മാതൃകയാണ് പിന്തുടരുന്നത്. നോട്ടുനിരോധനത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്കാരത്തിനും ജനതയ്ക്കും ചേരുന്ന ഒരു വികസനമോഡൽ എന്താണെന്നതിനെക്കുറിച്ച് ചർച്ചയുണ്ടാവണം. അങ്ങനെ കിട്ടുന്ന ഭാരതീയമായ ആശയ സമവായമായിരിക്കണം നമ്മുടെ നയങ്ങളുടെ അടിസ്ഥാനം.

ഡോ. അശ്വതി റേച്ചൽ വർഗീസ്: മൊത്തത്തിലുള്ള വളർച്ചയിൽ വർധനയുണ്ടായെന്നത് നിഷേധിക്കാനാവില്ല. കണക്കുകളിൽ സർക്കാർ സുതാര്യതയുണ്ടാക്കണം. പക്ഷേ, മേഖല തിരിച്ചുനോക്കിയാൽ കാർഷികമേഖലയുടെ വളർച്ച തുടർച്ചയായി കുറയുന്നു. ഗ്രാമീണമേഖലയുടെ 90 ശതമാനവും ഈ മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് ഓർക്കണം. ജി.ഡി.പി.-നികുതി അനുപാതം ഇന്ത്യക്ക്‌, സമാനമായ സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ (ഉദാ: ബ്രസീൽ) കുറവാണ്. ഇത് സമ്പദ് വ്യവസ്ഥയെ ഔപചാരികമാക്കുന്നതിന് (ഫോർമലൈസേഷൻ) കഴിഞ്ഞില്ലെന്നതാണ് സൂചിപ്പിക്കുന്നത്.

ഡോ. കെ.എൻ. ഹരിലാൽ: കള്ളപ്പണത്തിനും അഴിമതിക്കും ഭീകരവാദത്തിനും എതിരായി വലിയൊരു നീക്കംനടത്തുന്നുവെന്ന പ്രതീതിനിർമാണമാണ് യഥാർഥത്തിൽ നടന്നത്. അത് ഒരുപരിധിവരെ ജനങ്ങൾ വിശ്വസിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തെയും വലിയൊരളവിൽ സ്വാധീനിച്ചു. കള്ളപ്പണത്തോടുള്ള യുദ്ധം എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകാൻ കഴിഞ്ഞിരുന്നെങ്കിൽ അത് ജനാധിപത്യത്തെയും ഇന്ത്യൻ രാഷ്ട്രഘടനയെയുമൊക്കെ ബലപ്പെടുത്തിയേനെ. നോട്ടുനിരോധിക്കാൻ എളുപ്പമാണ്. കള്ളപ്പണംകൊണ്ട് വിഹരിക്കുന്നവരെ കൈകാര്യംചെയ്യാൻ എളുപ്പമല്ല. അവർ ഇന്ത്യൻ സമ്പദ്ഘടനയിൽ എല്ലാം നിയന്ത്രിക്കുന്ന മഹാശക്തികളാണ്.

എസ്. ആദികേശവൻ: വലിയവന്റെ കള്ളപ്പണമെല്ലാം പിടിച്ചെടുക്കുമെന്ന സന്ദേശമാണ് പാവപ്പെട്ടവന് അന്ന് നൽകിയത്. അതവർ വിശ്വസിച്ചു. മൂന്നുലക്ഷം കോടി തിരിച്ചത്തില്ലെന്നല്ലേ അന്ന് പറഞ്ഞത്? ആ പണം പാവപ്പെട്ടവരുടെ ക്ഷേമപ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന പ്രഖ്യാപനവുമൊക്കെയാണ് അന്ന് കഷ്ടപ്പാടുകൾ സഹിച്ചും ജനം കൂടെ നിൽക്കാൻ ഇടയാക്കിയത്. ആ ഉദ്ദേശ്യം നടന്നില്ല. നടക്കുന്നത് എളുപ്പവുമല്ല. പക്ഷേ, അന്ന് ഉദ്ദേശിച്ചത് എങ്ങനെയും നേടിയെടുക്കണം.

ഡോ. അശ്വതി റേച്ചൽ വർഗീസ്: പിന്നാലെവന്ന ജി.എസ്.ടി.യും കോവിഡും പിന്നീടുണ്ടായ നയപരമായ ഇടപെടലുകളും ഗ്രാമ-നഗര മേഖലകളെയും മാനുഫാക്ചറിങ് രംഗത്തെയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് നോട്ടുനിരോധനത്തിന്റെ സ്വാധീനം വേർതിരിച്ച് മനസ്സിലാക്കാനാകാത്ത സ്ഥിതിയുണ്ട്. പിന്നെ, ജനത്തിന്റെ ഓർമ്മ ക്ഷണികമാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള പ്രഖ്യാപനങ്ങളാണ് അവരെ സ്വാധീനിക്കുന്നത്.

ഡോ. കെ.എൻ. ഹരിലാൽ: ഇന്ത്യയിലെ കള്ളപ്പണവ്യവസ്ഥയെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് അതിനുമുൻപും പിൻപും ചർച്ചകൾ വേണമായിരുന്നു; നോട്ടുനിരോധനത്തിന്റെ അനന്തരഫലങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റിയും. നോട്ടുനിരോധനംമാത്രമാണോ പോംവഴി അതോ മറ്റെന്തെങ്കിലും ഒപ്പം വേണോ എന്നതിനെക്കുറിച്ചൊന്നും ഒരു ചർച്ചയും ഉണ്ടായില്ല. ആ അർഥത്തിൽ ആ തീരുമാനത്തിൽ വേണ്ടത്ര ജനാധിപത്യമുണ്ടായില്ല. അതൊരു ഇക്കണോമിക് ഷോക്ക് ആയിരുന്നു. എന്നാൽ, എപ്പോൾ നോട്ടുനിരോധിക്കണമെന്നത് മുൻകൂട്ടി പ്രഖ്യാപിച്ച് ചെയ്യേണ്ടതല്ല.

എസ്. ആദികേശവൻ: ഒരുക്കങ്ങളില്ലാതെയല്ല ഈ തീരുമാനമെടുത്തത്. റിസർവ് ബാങ്കിനോട് ഇതുസംബന്ധിച്ച വിവരങ്ങൾ സർക്കാർ നേരത്തേ തേടിയിരുന്നു. രണ്ടുദിവസംമുൻപുതന്നെ ഇന്ത്യയിലെ എല്ലാ കറൻസി ചെസ്റ്റുകളിലും പുതിയ നോട്ടുകൾ എത്തിച്ചു; കേരളത്തിലടക്കം. ബ്രാഞ്ച് മാനേജർമാരിൽനിന്ന് രഹസ്യം പുറത്തുപോകില്ലെന്ന് എഴുതിമേടിച്ചു. ഇതൊക്കെ വ്യക്തിപരമായി അറിയാവുന്ന കാര്യങ്ങളാണ്. ഇത്തരം തീരുമാനങ്ങൾ പെരുമ്പറകൊട്ടി നടത്താനാവില്ല. പക്ഷേ, ഇത്രയൊക്കെ തയ്യാറെടുപ്പുകൾ ഉണ്ടായിട്ടും ജനങ്ങളെ ബാധിച്ചില്ലെന്ന് ആർക്ക് പറയാനാവും? സാധാരണ കച്ചവടത്തെ ബാധിച്ചില്ലെന്ന് എങ്ങനെ പറയാനാവും? സർക്കാരും പിന്നിൽ പ്രവർത്തിച്ചവരും, നടത്തിപ്പിൽ വരാവുന്ന പ്രായോഗികപ്രശ്നങ്ങളെ മുൻകൂട്ടിക്കണ്ടില്ല.

ഡോ. അശ്വതി റേച്ചൽ വർഗീസ്: ഇപ്പോൾ പണത്തിലല്ല, സ്വർണം, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ പല രൂപത്തിലാണ് കള്ളപ്പണവ്യവസ്ഥ നിലനിൽക്കുന്നത്. ഇവയുടെ ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാൻ നമ്മൾ എന്താണ് ചെയ്തിട്ടുള്ളത്? പത്തുവർഷത്തിനുശേഷവും നമ്മളത് മനസ്സിലാക്കിത്തുടങ്ങിയിട്ടുപോലുമില്ല. കള്ളപ്പണം ഏതൊക്കെ രൂപത്തിലാണെന്ന് മനസ്സിലാക്കി അതിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് തീരുമാനിക്കുകയാണ് ഇനി മുന്നോട്ടുള്ള വഴി.

Content Highlights: Evaluation of demonetisation's declared goals versus actual outcomes after ten years., Impact of note ban on the unorganised, rural, and manufacturing sectors., Exponential rise in digital transactions and associated security concerns., Expert insights on black money transitioning into real estate and gold.