മണ്ഡലപുനർനിർണയബിൽ ഇന്ന് ലോക്‌സഭയിൽ, 371 വോട്ട് ഉറപ്പെന്ന് ഭരണപക്ഷം

#പ്രത്യേക ലേഖകൻ
Chennai, Nov 29 (ANI): Lok Sabha Leader of the Opposition and Congress leader Rahul Gandhi, Rajya Sabha MP and senior advocate Kapil Sibal, CPP Chairperson Sonia Gandhi, along with other INDIA Bloc leaders, meet DMK President M. K. Stalin at his residence to persuade the DMK to change its stance on supporting the Centre's proposed Delimitation Bill, in Chennai on Sunday. CPI (M) General Secretary M. A. Baby, Karnataka Chief Minister D. K. Shivakumar also present. (@mkstalin X/ANI Photo)
Chennai, Nov 29 (ANI): Lok Sabha Leader of the Opposition and Congress leader Rahul Gandhi, Rajya Sabha MP and senior advocate Kapil Sibal, CPP Chairperson Sonia Gandhi, along with other INDIA Bloc leaders, meet DMK President M. K. Stalin at his residence to persuade the DMK to change its stance on supporting the Centre's proposed Delimitation Bill, in Chennai on Sunday. CPI (M) General Secretary M. A. Baby, Karnataka Chief Minister D. K. Shivakumar also present. (@mkstalin X/ANI Photo)

ന്യൂഡൽഹി: ലോക്‌സഭയുടെയും നിയമസഭകളുടെയും ചിത്രം മാറ്റിയെഴുതാനുള്ള വ്യവസ്ഥകളടങ്ങിയ മണ്ഡല പുനർനിർണയബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും. ഭരണഘടനാഭേദഗതിബിൽ പാസാക്കാൻ സകല കരുനീക്കങ്ങളും നടത്തുന്ന സർക്കാർ, അതിനുവേണ്ട മൂന്നിൽരണ്ട്‌ ഭൂരിപക്ഷം സംഘടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, ബിൽ പരാജയപ്പെടുത്താനുള്ള അവസാനശ്രമത്തിലാണ് കോൺഗ്രസും ഇന്ത്യസഖ്യവും. ഡി.എം.കെ.യെയും എൻ.സി.പി. പവാർ പക്ഷത്തെയും അനുനയിപ്പിക്കാൻ സോണിയാഗാന്ധിയടക്കമുള്ള ഇന്ത്യസഖ്യനേതാക്കൾ ഞായറാഴ്ച ചെന്നൈയിലും മുംബൈയിലുമെത്തി ചർച്ചനടത്തിയെങ്കിലും ബില്ലിനെ പിന്തുണയ്ക്കുമെന്ന സമീപനത്തിൽ ഇരുപാർട്ടിയും മാറ്റംവരുത്തിയില്ല.

മണ്ഡലപുനർനിർണയ ഭേദഗതി ബിൽ-2026 നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും കേന്ദ്രഭരണപ്രദേശനിയമ ഭേദഗതി ബിൽ-2026 ആഭ്യന്തരമന്ത്രി അമിത് ഷായുമായിരിക്കും അവതരിപ്പിക്കുക.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ സീറ്റുകളും 50 ശതമാനം വർധിക്കുമെന്നും ഇതിൽ 33 ശതമാനം സ്ത്രീസംവരണവും ഉണ്ടാകുമെന്നും 2029-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ വനിതാസംവരണം നടപ്പാക്കുമെന്നും സർക്കാർ പ്രതിനിധികൾ ഉറപ്പുപറയുന്നു. ചർച്ചകൾക്കുശേഷം ചൊവ്വാഴ്ചയായിരിക്കും വോട്ടെടുപ്പ്.

സസ്‌പെൻഷനിലുള്ള ടി.എം.സി. അംഗം കല്യാൺ ബാനർജി, ജയിലിൽ കഴിയുന്ന വാരിഷ് ദേ പഞ്ചാബ് പാർട്ടി അംഗം അമൃത് പാൽ എന്നിവരുൾപ്പെടെ നാലംഗങ്ങൾ വോട്ടുചെയ്യാനെത്തില്ല. സ്പീക്കർ ഓംബിർളയും വോട്ടുചെയ്യില്ല. ഇതുകൂടാതെ മൂന്നംഗങ്ങളുടെ ഒഴിവ് നിലവിൽ ലോക്‌സഭയിലുണ്ട്. ഇതനുസരിച്ച് 543 അംഗ സഭയിൽ 535 അംഗങ്ങളാണുള്ളത്. അതിന്റെ മൂന്നിൽരണ്ട്‌ ഭൂരിപക്ഷം 357 വോട്ടുകളാണ്. എന്നാൽ, ബില്ലിന് 371 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയെന്നാണ് സർക്കാരിന്റെ അവകാശവാദം.

ഡി.എം.കെ., എൻ.സി.പി.(എസ്.പി.) എന്നിവയെക്കൂടാതെ ബി.ആർ.എസ്., വൈ.എസ്.ആർ. സി.പി. എന്നീ പാർട്ടികളുടെ പിന്തുണയും സർക്കാർ ഉറപ്പിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് വിപ്പുനൽകിയിട്ടുണ്ടെങ്കിലും പാർട്ടി പിളർന്ന് എൻ.ഡി.­എ.യ്ക്കൊപ്പംചേർന്ന 20 മുൻ ടി.എം.സി. അംഗങ്ങൾക്ക് വിപ്പ് ബാധകമാവില്ലെന്നും അവർ ബില്ലിന് അനുകൂലമായി വോട്ടുചെയ്യുമെന്നും സർക്കാർവൃത്തങ്ങൾ ഉറപ്പിക്കുന്നുണ്ട്. പ്രതിപക്ഷനിരയിൽ കൂടുതൽ ചോർച്ച ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

ബില്ലിനെ ഝാർഖണ്ഡ് മുക്തിമോർച്ചയും പിന്തുണച്ചേക്കുമെന്നാണ് സൂചന. നാലംഗങ്ങളാണ് ജെ.എം.എമ്മിനുള്ളത്. പല ഏകാംഗ പ്രതിപക്ഷപാർട്ടികളെയും ബി.ജെ.പി. കഴിഞ്ഞദിവസങ്ങളിൽ വരുതിയിലാക്കിയിട്ടുണ്ട്. ചിലർ പ്രതിഷേധംപ്രകടിപ്പിച്ച് വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയേക്കും. ഇതും ഭരണപക്ഷത്തിന് സഹായകമാണ്.

ബില്ലിനെ പിന്തുണയ്ക്കാനുള്ള പാർട്ടിനിലപാടിൽ പ്രതിഷേധിച്ച് എൻ.സി.പി.(എസ്.പി.)യിലെ അഭയ് സിങ് ജഗ്താപ്, രാമേശ്വർ ഖാംകർ എന്നിവർ രാജിവെച്ചു.അതിശക്തമായാണ് കോൺഗ്രസും ഇടതുപാർട്ടികളും ആർ.ജെ.ഡി. ഉൾപ്പെടെയുള്ള പാർട്ടികളും ബില്ലിനെ എതിർക്കുന്നത്. സമാജ്‌വാദി പാർട്ടിയും ശിവസേന ഉദ്ധവ് പക്ഷവും ബില്ലിന്‌ എതിർപ്പുയർത്തിയിട്ടുണ്ട്. എന്നാൽ, സമാജ്‌വാദി പാർട്ടിയുടെ എല്ലാ അംഗങ്ങളും വോട്ടുചെയ്യുമോ എന്നതിൽ അവ്യക്തത നിലനിൽക്കുന്നു. ജെ.എം.എമ്മിനെ കൂടെനിർത്താനുള്ള ശ്രമങ്ങളും കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ട്.

കണക്ക് ഭരണപക്ഷത്തിന് അനുകൂലമായാലും ബില്ലിനുനേരേ ശക്തമായി പോരാടി എന്നതിലൂടെ വലിയ രാഷ്ട്രീയസന്ദേശം നൽകാനാകുമെന്ന് ഇന്ത്യസഖ്യം കരുതുന്നു. കഴിഞ്ഞ ഏപ്രിലിൽ പരാജയപ്പെട്ട ബിൽ വീണ്ടും പരാജയപ്പെട്ടാൽ അത് സർക്കാരിന്റെ നിലനിൽപ്പിന്‌ ഭീഷണിയാകും.

പിന്തുണ അല്ലാതെ മാർഗമില്ല-സ്റ്റാലിൻ

ഡി.എം.കെ.യ്ക്ക് പ്രഥമപരിഗണന തമിഴ്‌നാടാണ്. ബിൽ പരാജയപ്പെട്ടാൽ സംസ്ഥാനത്തിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ സംരക്ഷണംപോലും നഷ്ടപ്പെടും. അതിനാൽ ബില്ലിനെ പിന്തുണയ്ക്കുകയല്ലാതെ മാർഗമില്ല. 2027 ജനുവരിയിൽ രൂപവത്കരിക്കുന്ന മണ്ഡലപുനർനിർണയ കമ്മിഷൻ വഴി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വഞ്ചിതരാവും. അത് മാറ്റാനുള്ള രാഷ്ട്രീയശക്തിയോ പാർലമെന്ററി ശക്തിയോ നമുക്കില്ല. 1971-നുശേഷം എടുത്ത സെൻസസ് അനുസരിച്ച് മണ്ഡലങ്ങൾ പുനർനിർണയിച്ചാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അത് ബാധിക്കും. തമിഴ്നാട്ടിൽനിന്നുള്ള എം.പി.മാരുടെ ശതമാനം കുറയും. ഇപ്പോൾ പാർലമെന്റിലുള്ള കരുത്ത് ഉപയോഗിച്ച് അടുത്ത 25 വർഷത്തേക്ക് തമിഴ്നാടിന്റെ രാഷ്ട്രീയശക്തി ഞങ്ങൾക്ക് ഉറപ്പിക്കാനാവും. ഇതിൽ റിസ്ക് എടുക്കുന്നതിനോ വൈകാരികതീരുമാനങ്ങൾ എടുക്കുന്നതിനോ സ്ഥാനമില്ല. ഞങ്ങളുടെ നിർദേശങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുണ്ട്. അതിനെ മാനിക്കുന്നു. ഇക്കാര്യത്തിൽ കോൺഗ്രസിന് പകരം നിർദേശങ്ങളൊന്നുമില്ല.

Content Highlights: The Delimitation Amendment Bill 2026 and the Union Territory Laws Amendment Bill 2026 are set to be introduced in the Lok Sabha on Monday, with voting scheduled for Tuesday. While the government claims the support of 371 members—backed by parties like DMK, NCP (SP), BRS, and YSRCP—against the required 357-vote two-thirds majority, the Congress and INDIA alliance continue to oppose the legislation.