ആഴ്ചയിൽ 2 ദിവസം വർക്ക് ഫ്രം ഹോം, ഒരുവർഷത്തേക്ക് വിദേശയാത്ര പാടില്ല;മോദിയുടെ ആഹ്വാനം നടപ്പാക്കാൻ ഡൽഹി

#ന്യൂസ് ഡെസ്ക്
രേഖാ ഗുപ്ത | Photo: ANI
രേഖാ ഗുപ്ത | Photo: ANI

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനു പിന്നാലെ ഡൽഹിയിൽ സർക്കാർ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം അനുവദിച്ചു. ആഴ്ചയിൽ രണ്ടുദിവസം സർക്കാർ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം ആയിരിക്കുമെന്നും വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.

ജീവനക്കാരുടെ യാത്രാബത്ത 10 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. മന്ത്രിമാരോ സർക്കാർ ഉദ്യോഗസ്ഥരോ അടുത്ത ഒരുവർഷത്തേക്ക് വിദേശയാത്ര ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. 90 ദിവസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും മന്ത്രിമാരും ഉദ്യോഗസ്ഥരും ജീവനക്കാരും ജോലിയ്ക്ക് പോകാൻ മെട്രോയെ ആശ്രയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം വാഹനമില്ലാ ദിനമായി പൊതുജനം അംഗീകരിക്കണമെന്നും രേഖാ ഗുപ്ത കൂട്ടിച്ചേർത്തു.

തന്റെ ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ എണ്ണം മുഖ്യമന്ത്രി രേഖാ ഗുപ്ത നാല് ആക്കി ചുരുക്കി. ഇതിൽ രണ്ടെണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. വാഹനവ്യൂഹത്തിൽനിന്ന് 60 ശതമാനത്തോളമാണ് വെട്ടിക്കുറച്ചത്. സർക്കാർ അടുത്ത ആറ് മാസത്തേക്ക് പുതിയ വാഹനങ്ങളൊന്നും വാങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

വൈദ്യുതോപയോഗം കുറയ്ക്കുന്നതിനായി എല്ലാ സർക്കാർ ഓഫീസുകളിലും എസികൾ 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് നിലയിൽ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി പാഴാകുന്നത് തടയാൻ സർക്കാർ ഓഫീസുകളിൽ മാസ്റ്റർ സ്വിച്ചുകൾ സ്ഥാപിക്കുമെന്നും നിർദേശത്തിൽ പറയുന്നു.

പശ്ചിമേഷ്യയിലെ സംഘർഷംമൂലം ആഗോള ഇന്ധനവിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും നേരിടാൻ പൗരന്മാരുടെ കൂട്ടുത്തരവാദിത്വം വേണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. വിദേശയാത്രകളും വിദേശത്തെ വിവാഹാഘോഷങ്ങളും ഒരു വർഷത്തേക്ക് ഒഴിവാക്കുക, പെട്രോൾ-ഡീസൽ ഉപയോഗം കുറയ്ക്കുക, പൊതുഗതാഗതമോ ഇലക്ട്രിക് വാഹനങ്ങളോ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചത്. കൂടാതെ, സ്വർണ ഇറക്കുമതി കുറയ്ക്കുന്നതിനായി സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കാനും കഴിയുന്നത്ര മേഖലകളിൽ വർക്ക് ഫ്രം ഹോം രീതി വീണ്ടും നടപ്പിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ആദ്യപടിയെന്നോണമാണ് ഡൽഹിയിൽ ആഴ്ചയിൽ രണ്ടുദിവസത്തേക്ക് സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, പ്രധാനമന്ത്രിയുടെ ചെലവുചുരുക്കൽ ആഹ്വാനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സർക്കാരിന്റെ നയപരമായ പരാജയമാണ് ഇതന്നാണ് കോൺഗ്രസ് മോദിയുടെ ആഹ്വാനത്തോട് പ്രതികരിച്ചത്. പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിർദേശങ്ങൾ ഭരണപരാജയത്തിന്റെ തെളിവാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

Content Highlights: Delhi government mandates 2-day work from home for employees., Austerity measures introduced in response to the 2026 West Asia conflict., PM Modi urges citizens to reduce fuel consumption and gold imports., Opposition parties criticize the move as a sign of policy failure.