ഡൽഹി-വാരാണസി വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടൻ: രാത്രികാല യാത്രകളിൽ ഇനി വൻ മാറ്റം

#ന്യൂസ് ഡെസ്ക്
വന്ദേ ഭാരത് | Photo: PTI
വന്ദേ ഭാരത് | Photo: PTI

ന്യൂഡൽഹി: ഡൽഹിക്കും വാരാണസിക്കും ഇടയിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. ദീപാവലിയും ഛാഠ് പൂജയും അടുത്തുവരുന്ന ഉത്സവക്കാലത്ത് ഇരു നഗരങ്ങൾക്കുമിടയിലുള്ള രാത്രികാല യാത്രകളിൽ വലിയ മാറ്റം കൊണ്ടുവരാൻ ഈ സെമി-ഹൈസ്പീഡ് ട്രെയിനിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

ആഴ്ചയിൽ ആറ് ദിവസമായിരിക്കും ഈ പുതിയ ട്രെയിൻ സർവീസ് നടത്തുന്നത്. വാരാണസിയിൽ നിന്ന് രാത്രി 8:50-ന് പുറപ്പെടുന്ന 27421 നമ്പർ വന്ദേ ഭാരത് ട്രെയിൻ പിറ്റേന്ന് രാവിലെ 5:55-ന് ഡൽഹിയിലെത്തും. തിരിച്ചുള്ള യാത്രയിൽ 27422 നമ്പർ ട്രെയിനായി

ഡൽഹിയിൽ നിന്ന് രാത്രി 9:40-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6:45-ന് വാരാണസിയിൽ എത്തും. കാൺപുർ സെൻട്രൽ വഴിയുള്ള 760 കിലോമീറ്റർ ദൂരം 9 മണിക്കൂറും 30 മിനിറ്റും കൊണ്ടാണ് ട്രെയിൻ പിന്നിടുന്നത്. 16 കോച്ചുകളുള്ള ഈ ട്രെയിനിൽ തേഡ് എസി, സെക്കൻഡ് എസി, ഫസ്റ്റ് എസി എന്നീ മൂന്ന് ക്ലാസുകളിലുള്ള യാത്രാസൗകര്യങ്ങൾ ലഭ്യമാണ്.

ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച ഔദ്യോഗിക സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ലെങ്കിലും മികച്ച സൗകര്യങ്ങൾ കണക്കിലെടുത്ത് മറ്റ് ട്രെയിനുകളേക്കാൾ അല്പം ഉയർന്ന നിരക്കായിരിക്കും ഇതിനുണ്ടാവുക. വന്ദേ ഭാരത് സ്ലീപ്പറിനൊപ്പം വാരാണസി-പ്രയാഗ്‌രാജ് രാംബാഗ്, വാരാണസി സിറ്റി-രാജാ തലാബ് എന്നീ രണ്ട് മെമു സർവീസുകളും ആരംഭിക്കും.