ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ ABVP-ക്ക് വമ്പൻ ജയം, ഒരു സീറ്റുപോലുമില്ലാതെ കോൺഗ്രസിന്റെ NSUI

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ എ.ബി.വി.പി. സ്ഥാനാർഥികൾ സ്വന്തമാക്കി. 20 റൗണ്ട് വോട്ടെണ്ണലിനൊടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കോൺഗ്രസ് പിന്തുണയുള്ള എൻ.എസ്.യു.ഐ. ഒരു സീറ്റിൽ പോലും വിജയിച്ചില്ല.
എ.ബി.വി.പിയുടെ യാഷ് ദബാസ് ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. റിയ ചൗധരി സെക്രട്ടറിയായും ലക്ഷ്യ രാജ് സിങ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. എൻ.എസ്.യു.ഐ. ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ദീപാൻഷു ഷോക്കീൻ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കേറ്റ കനത്ത പ്രഹരമാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹത്തിന്റെ നുണകളുടെ രാഷ്ട്രീയത്തെ യുവജനങ്ങൾ തള്ളിക്കളഞ്ഞെന്നും ബി.ജെ.പി. അധ്യക്ഷൻ നിതിൻ നബിൻ പറഞ്ഞു.
ഭൂരിഭാഗം വിദ്യാർഥികളും നിലവിലെ ഭരണകൂടത്തിന് എതിരായിരുന്നുവെന്നും എന്നാൽ ഭിന്നിച്ചുനിന്ന പ്രതിപക്ഷം ഭരണപക്ഷത്തിന് അനുകൂലമായി മാറി എന്നും സി.ജെ.പി. വക്താവ് സൗരവ് ദാസ് വിമർശിച്ചു. ഇതാണ് പ്രതിപക്ഷത്തിന്റെ ഐക്യമെങ്കിൽ, അവർ ഇനിയും പ്രതിപക്ഷത്ത് തന്നെ തുടരുമെന്നാണ് തന്റെ ഭയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.