ചെങ്കോട്ട സ്ഫോടനത്തിനുശേഷം ഭീകരർ ഗ്ലോബൽ കോഫി ഷോപ്പുകളും ലക്ഷ്യമിട്ടു; പൊളിച്ചത് 4 വർഷംനീണ്ട ആസൂത്രണം

ഡൽഹി: 2025 നവംബർ 10-ന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായ ഭീകരാക്രമണ ഗൂഢാലോചന നടന്നതായി അന്വേഷണ സംഘം. രാജ്യത്തെ പ്രമുഖ ഗ്ലോബൽ കോഫി ചെയിൻ ഔട്ട്ലെറ്റുകളിൽ സ്ഫോടന പരമ്പര നടത്താനായിരുന്നു പ്രതികൾ ആദ്യം പദ്ധതിയിട്ടിരുന്നതെന്ന നിർണായക വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
ഗാസയിലെ ഇസ്രായേൽ സൈനിക നടപടിക്ക് സ്ഫോടനങ്ങളിലൂടെ മറുപടി നൽകുക എന്നതായിരുന്നു ഗ്ലോബൽ കോഫി ഷോപ്പുകളെ ലക്ഷ്യംവെക്കാനുള്ള പ്രധാന കാരണം. എന്നാൽ, ലക്ഷ്യസ്ഥാനങ്ങളെചൊല്ലി ഭീകരർക്കിടയിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായി. സംഘത്തിലെ ചിലർക്ക് ജമ്മു കശ്മീരിലെ സുരക്ഷാ സൈന്യത്തെ ലക്ഷ്യംവച്ച് സ്ഫോടനം നടത്തണമെന്നായിരുന്നു താൽപ്പര്യമെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി രഹസ്യമായി പ്രവർത്തിച്ചിരുന്ന ഈ 'വൈറ്റ് കോളർ' ഭീകര സംഘം രാജ്യത്തിന് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തിയിരുന്നത്.
ജമ്മു കശ്മീർ പോലീസിൽനിന്ന് ലഭിച്ച രഹസ്യവിവരങ്ങളാണ് ഡൽഹിയ്ക്ക് ശേഷം ഭീകരർ നടത്താനിരുന്ന തുടർപദ്ധതികൾക്ക് തടയിട്ടത്. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന നിരവധി ഭീകരാക്രമണ പദ്ധതികളാണ് ഇതുവഴി പരാജയപ്പെടുത്തിയത്.
ശാസ്ത്രീയമായ തെളിവുകളുടെയും പ്രതികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പ്രതികളുടെ കൃത്യമായ പങ്ക് വ്യക്തമാക്കുന്ന വിശദമായ കുറ്റപത്രം ഉടൻതന്നെ എൻ.ഐ.എ കോടതിയിൽ സമർപ്പിക്കും. ഈ ഭീകര ശൃംഖലയുടെ കൂടുതൽ കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു.
Content Highlights: Investigation reveals plot to bomb global coffee chains in India, linked to Delhi Red Fort blast. Alleged `white-collar` terrorists aimed to retaliate for Gaza conflict.