ദസറയുടെ ഭാഗമായി 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും; രാഷ്ട്രീയമല്ല, ശുചിത്വസന്ദേശമെന്ന് ബിജെപി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | എ.ഐ. സഹായത്താൽ നിർമിച്ചത്
പ്രതീകാത്മക ചിത്രം | എ.ഐ. സഹായത്താൽ നിർമിച്ചത്

ന്യൂഡൽഹി: ദസറ ഉത്സവത്തിന്റെ ഭാഗമായി ഡൽഹി പീതാംപുരയിൽ നടക്കുന്ന രാംലീല ആഘോഷത്തിനിടെ 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കാൻ തീരുമാനം. രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ ഭീമാകാരമായ കോലങ്ങൾക്കൊപ്പം പാറ്റയുടെയും കോലം കത്തിക്കുമെന്ന് പരിപാടി സംഘടിപ്പിക്കുന്ന ശ്രീ കേശവ് റാം ലീല കമ്മിറ്റി അറിയിച്ചു. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെയാണ് ഈ നീക്കം.

പാറ്റയുടെ കോലം അഴുക്കിനെയും മാലിന്യത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ബി.ജെ.പി എം.എൽ.എ.കൂടിയായ കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ പറഞ്ഞു. സ്വച്ഛ് ഭാരത്, സ്വച്ഛ് ഡൽഹി പ്രചാരണങ്ങളുടെ ഭാഗമായി ശുചിത്വം പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പിന്നിൽ വേറെ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. തിന്മയ്ക്കുമേൽ നന്മയുടെ വിജയം എന്ന സന്ദേശം നൽകുന്നതിനൊപ്പം ശുചിത്വ ബോധവത്കരണംകൂടിയാണ് ഉദ്ദേശിക്കുന്നത്. രാംലീലയിൽ രാവണന്റെ സൈന്യത്തിലെ അസുരന്മാരിൽ ഒരാളായി ഈ പാറ്റയെ ചിത്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിൽരഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മേയ് മാസത്തിൽ നടത്തിയ പരാമർശത്തിൽനിന്നാണ് സി.ജെ.പി. ഉടലെടുത്തത്. ജൂൺ, ജൂലായ് മാസങ്ങളിൽ മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് സി.ജെ.പി. പ്രവർത്തകർ ജന്തർമന്ദറിൽ ഒരു മാസത്തിലേറെ ധർണ നടത്തിയിരുന്നു. ആഴ്ചകൾ നീണ്ട ഈ പ്രതിഷേധങ്ങൾക്കൊടുവിൽ പ്രധാൻ രാജിവയ്ക്കുകയുണ്ടായി.

നിലവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിലാണ് സംഘടന. ഇക്കഴിഞ്ഞ ഒക്ടോബർ പത്തിന് ജന്തർമന്ദറിലേക്ക് പ്രഖ്യാപിച്ച സമരം കാൽ ലക്ഷത്തോളം വരുന്ന പോലീസുകാരെയും കേന്ദ്രസേനയെയും വിന്യസിച്ചുകൊണ്ടാണ് ഭരണകൂടം നേരിട്ടത്. സ്ഥാപകൻ അഭിജിത് ദീപ്‌കെ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.

വെള്ളിയാഴ്ച സി.ജെ.പി. കൊണാട്ട് പ്ലേസിൽ തിരംഗ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജന്തർമന്ദറിൽ ദേശീയ പതാക വീശി പ്രതിഷേധിച്ചതിന് സി.ജെ.പി. നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മാർച്ച്.

Content Highlights: A 30-foot cockroach effigy will be burnt at a Pitampura Ramlila in Delhi alongside Ravan, Kumbhkaran, and Meghnad., The organizers state the effigy symbolizes filth to promote the Swachh Bharat and Swachh Delhi campaigns.