പ്ലാറ്റ്‌ഫോം മാറ്റിയ വിവരം അറിയിച്ചപ്പോള്‍ ഇരുവശത്ത് നിന്നും ജനക്കൂട്ടമൊഴുകി, അത് ദുരന്തമായി

ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് വീണ് കിടക്കുന്നവർ
ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് വീണ് കിടക്കുന്നവർ

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ച് സംഭവത്തില്‍ പ്രതികരണവുമായി ദൃക്‌സാക്ഷികള്‍. റെയില്‍വേ സ്‌റ്റേഷനില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നടക്കം ബോധവല്‍ക്കരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ആളുകള്‍ അത് ചെവികൊണ്ടില്ലെന്നാണ് ദൃക്‌സാക്ഷിയായ വ്യോമസേന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

ആള്‍ക്കൂട്ടം പരിധിക്കപ്പുറമായിരുന്നു. കാല്‍നട പാലത്തില്‍ ആളുകള്‍ തടിച്ചുകൂടി. ഇത്രയും വലിയ ജനക്കൂട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഉത്സവ വേളകളില്‍ പോലും റെയില്‍വേ സ്റ്റേഷനില്‍ ഇത്രയും വലിയ ജനക്കൂട്ടം ഞാന്‍ കണ്ടിട്ടില്ല. അപകടം ഒഴിവാക്കുന്നതിന് അധികൃതര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ജനങ്ങള്‍ അതൊന്നും കാര്യമായെടുത്തില്ല. ഒരു  പരിധി കവിഞ്ഞപ്പോള്‍ അവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല-ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. 

'ഞങ്ങള്‍ 12 പേര്‍ മഹാ കുംഭമേളയ്ക്ക് പോവുകയായിരുന്നു. എന്റെ സഹോദരി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ആള്‍ക്കൂട്ടത്തില്‍ കുടുങ്ങി. അരമണിക്കൂറിനുശേഷം ഞങ്ങള്‍ അവളെ കണ്ടെത്തി, അപ്പോഴേക്കും അവളുടെ ജീവന്‍ പോയി'- തിക്കിലും തിരക്കിലും മരിച്ച ഒരു യുവതിയുടെ സഹോദരന്‍ പ്രതികരിച്ചു. ട്രെയിന്‍ വരുന്ന പ്ലാറ്റ്ഫോം മാറ്റുന്നത് സംബന്ധിച്ച അറിയിപ്പിന് ശേഷം ജനക്കൂട്ടം ഇരുവശത്തുനിന്നും വന്നതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് ദൃക്‌സാക്ഷികളില്‍ ചിലര്‍ പറയുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കൂടാതെ ട്രെയിന്‍ പുറപ്പെടുന്നത് വൈകിയതും പ്രശ്‌നം വഷളാക്കി. 

അപകടത്തെക്കുറിച്ച്  അന്വേഷിക്കാന്‍ രണ്ടംഗ ഉന്നതതല സമിതിയെ അടിയന്തരമായി രൂപീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് റെയില്‍വേ പറയുന്നത്. ശനിയാഴ്ച രാത്രിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നുകുട്ടികളടക്കം ഇതുവരെ 18-ഓളം പേര്‍ മരിച്ചു. മരിച്ചവരില്‍ കൂടുതല്‍പ്പേരും സ്ത്രീകളാണ്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തോടെയാണ് സംഭവം.

കുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍ കൂട്ടത്തോടെയെത്തിയതാണ് അപകടകാരണമെന്നാണ് വിവരം. റെയില്‍വേ സ്റ്റേഷനിലെ 13, 14 നമ്പര്‍ പ്‌ളാറ്റ്‌ഫോമുകളില്‍ പ്രയാഗ് രാജിലേക്കുള്ള പ്രത്യേക തീവണ്ടി വൈകിവന്നതോടെ യാത്രക്കാര്‍ തിക്കും തിരക്കും കൂട്ടുകയായിരുന്നു. തീവണ്ടി വരുന്നതിനുമുന്‍പുതന്നെ ഒട്ടേറെ യാത്രക്കാര്‍ സ്റ്റേഷനിലെത്തിയിരുന്നു.

സംഭവത്തില്‍ റെയില്‍വേയ്ക്കും സര്‍ക്കാറിനും എതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. റെയില്‍വേയുടെ പരാജയം ഒരിക്കല്‍ കൂടി തെളിഞ്ഞുവെന്ന്  പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടേയും പരിക്കേറ്റവരുടേയും എണ്ണം കേന്ദ്ര സര്‍ക്കാര്‍ മറച്ചുവെക്കുന്നുവെന്നും എത്രയും പെട്ടെന്ന് തന്നെ വിവരങ്ങള്‍ പുറത്തുവിടണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Content Highlights: eyewitness about delhi railway station stampede death