ഡൽഹി അപകടം: തലയില് ആണി തുളച്ചുകയറിയാണ് മകള് മരിച്ചതെന്ന് ഏഴു വയസ്സുകാരിയുടെ അച്ഛൻ

ന്യൂഡല്ഹി: ഡല്ഹി റെയില്വേ സ്റ്റേഷനില് ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില് ഏഴു വയസ്സുകാരി മരിച്ചത് തലയില് ആണി തുളച്ചുകയറിയെന്ന് അച്ഛന്. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ കുട്ടികളുൾപ്പടെ 18 പേരാണ് മരിച്ചത്.
പ്രയാഗ്രാജിലേക്ക് പോകാനുള്ള രണ്ട് തീവണ്ടികളുടെ പേരിലുണ്ടായ ആശയക്കുഴപ്പമാണ് വന്ദുരന്തത്തിനിടയാക്കിയതെന്ന് ഡല്ഹി പോലീസ് അറിയിച്ചിരുന്നു. എന്.ഡി.ടി.വിയോട് പ്രതികരിക്കവേയാണ് കുട്ടിയുടെ അച്ഛന് വൈകാരികമായി അനുഭവം പങ്കുവെച്ചത്.
പ്രയാഗ്രാജിലേക്കുള്ള ട്രെയിന് കയറാനായി പതിനാലാം നമ്പര് പ്ലാറ്റ്ഫോമിലേക്ക് കുട്ടികളുമായി കുടുംബസമേതം എത്തിയെങ്കിലും തിക്കും തിരക്കും കണ്ട് തിരിച്ചുകയറാന് തുടങ്ങുകയായിരുന്നു. ഇത്രയും തിരക്കിന്റെ ഇടയില് കുട്ടികളെ കൂടെ കൂട്ടാന് ആവില്ലെന്നും തിരികെ വീട്ടിലേക്ക് പോകാമെന്ന് താന് പറഞ്ഞിരുന്നതായും കുട്ടിയുടെ അച്ഛന് ഒപില് സിങ് പറഞ്ഞു.
"ആയിരക്കണക്കിന് ആളുകള് മുകളിൽനിന്ന് താഴേക്കുവരുന്നതിനിടയിലാണ് ഞങ്ങള് മുകളിലേക്ക് കയറുന്നത്. മുകളിലെത്താന് ആറു പടികള് മാത്രം ബാക്കിയുള്ളപ്പോള് മകള് തിക്കിലും തിരക്കിലും കുടുങ്ങിപോയി. ഒരാളുടെ പുറത്ത് മറ്റൊരാളായി തുടരെ തുടരെ ആളുകള് മറിഞ്ഞു വീഴാന് തുടങ്ങി. ഇതിനിടയില് എന്റെ മകളുടെ തലയിലേക്ക് ഒരു ആണി തുളച്ചുകയറി. പ്ലാറ്റ്ഫോം നമ്പര് 14 നെയും 15-നെയും ബന്ധിപ്പിക്കുന്ന മേല്പ്പാലത്തിലാണ് തിക്കിലും തിരക്കിലും പെട്ട് 18 പേര് മരണപ്പെട്ടത്. ഇത്രയും വലിയ തിരക്ക് നിയന്ത്രിക്കാന് ഒരു പോലീസുകാരന് മാത്രമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നതെന്നും ഒപില് സിങ് പറഞ്ഞു. തിരക്കിനിടയില് നിന്ന് മകളെ കണ്ടെത്തുമ്പോള് ആംബുലന്സ് സംഭവസ്ഥലത്തുണ്ടായിരുന്നില്ല. തന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും ഫോണും ആരോ പോക്കറ്റ് അടിച്ചുകൊണ്ടുപോയിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളാണ് നൂറു രൂപ തന്ന് മകളെ ഓട്ടോറിക്ഷയില് ആശുപത്രിയിലേക്ക് അയച്ചത്. എന്നാല് ആശുപത്രിയില് എത്തുമ്പോഴേക്കും മകള് മരിച്ചിരുന്നു." ഒപിൽ സിങ്ങിന്റ വാക്കുകൾ.
പ്രയാഗ്രാജിലേക്ക് പോകാനുള്ള രണ്ട് തീവണ്ടികളുടെ പേരിലുണ്ടായ ആശയക്കുഴപ്പമാണ് വൻദുരന്തത്തിനിടയാക്കിയതെന്നാണ് ഡൽഹി പോലീസ് നൽകുന്ന വിവരം. പ്രയാഗ്രാജ് എക്സപ്രസ്, പ്രയാഗ്രാജ് സ്പെഷ്യൽ എന്നിവയാണ് ആ ട്രെയിനുകളെന്നും പോലീസ് പറയുന്നു.
ജനറൽ ടിക്കറ്റുകൾ കൈവശംവെച്ചിരുന്നവർ 12,13,14 പ്ലാറ്റ്ഫോമുകളിലേക്ക് പോകാൻ തിരക്കുകൂട്ടുകയും ചെയ്തതോടെ കാര്യങ്ങൾ ദുരന്തത്തിൽ അവസാനിച്ചുവെന്നും പോലീസ് പറയുന്നു. കൂടാതെ, പ്രയാഗ്രാജിലേക്ക് പുറപ്പെടാൻ നിശ്ചയിച്ചിരുന്ന നാല് ട്രെയിനുകളിൽ മൂന്നെണ്ണം വൈകിയതിനാൽ സ്റ്റേഷനിൽ അപ്രതീക്ഷിതമായി യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 14-ാമത്തെ പ്ലാറ്റ്ഫോമിൽ വന്ന പ്രയാഗ്രാജ് എക്സ്പ്രസിൽ കയറാൻ കഴിയാത്തവർ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് നീങ്ങാൻ തുടങ്ങിയത് കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമായതായും ഡൽഹി പോലീസ് പറഞ്ഞു. രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്.
ദുരന്തത്തേക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി ഞായറാഴ്ച രാവിലെ ഡൽഹി പോലീസ് ഉന്നതതല യോഗം ചേരുകയും ഡി.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായി രണ്ടംഗ സമിതിയും അറിയിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവേ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: 7-year-old girl died in a stampede at Delhi railway station, father describes the horrific incident