സമാനമായ പേരുള്ള രണ്ട് ട്രെയിനുകള്, അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കി; ദുരന്തത്തെപ്പറ്റി പോലീസ്

ന്യൂഡൽഹി: തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിക്കാനിടയായ ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിൽ പ്രതികരണവുമായി പോലീസ്. പ്രയാഗ്രാജിലേക്ക് പോകാനുള്ള രണ്ട് തീവണ്ടികളുടെ പേരിലുണ്ടായ ആശയക്കുഴപ്പമാണ് വൻദുരന്തത്തിനിടയാക്കിയതെന്നാണ് ഡൽഹി പോലീസ് നൽകുന്ന വിവരം. പ്രയാഗ്രാജ് എക്സപ്രസ്, പ്രയാഗ്രാജ് സ്പെഷ്യൽ എന്നിവയാണ് ആ ട്രെയിനുകളെന്നും പോലീസ് പറയുന്നു.
പ്രയാഗ്രാജ് സ്പെഷ്യൽ ട്രെയിൻ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ഉടനെത്തിച്ചേരും എന്നായിരുന്നു റെയിൽവേ അധികൃതർ നൽകിയ അറിയിപ്പ്. ഇത് 14-ാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രയാഗ്രാജ് എക്സ്പ്രസിന് കാത്തിരുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കി. തങ്ങൾക്ക് കയറേണ്ട ട്രെയിൻ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് വരുന്നതെന്ന് ഇവർ തെറ്റിദ്ധരിച്ചു. ഇവർ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകാൻ തുടങ്ങിയതോടെ പ്ലാറ്റ്ഫോമിൽ വലിയതോതിലുള്ള ആൾക്കൂട്ടം രൂപപ്പെട്ടു.
ജനറൽ ടിക്കറ്റുകൾ കൈവശംവെച്ചിരുന്നവർ 12,13,14 പ്ലാറ്റ്ഫോമുകളിലേക്ക് പോകാൻ തിരക്കുകൂട്ടുകയും ചെയ്തതോടെ കാര്യങ്ങൾ ദുരന്തത്തിൽ അവസാനിച്ചുവെന്നും പോലീസ് പറയുന്നു. കൂടാതെ, പ്രയാഗ്രാജിലേക്ക് പുറപ്പെടാൻ നിശ്ചയിച്ചിരുന്ന നാല് ട്രെയിനുകളിൽ മൂന്നെണ്ണം വൈകിയതിനാൽ സ്റ്റേഷനിൽ അപ്രതീക്ഷിതമായി യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 14-ാമത്തെ പ്ലാറ്റ്ഫോമിൽ വന്ന പ്രയാഗ്രാജ് എക്സ്പ്രസിൽ കയറാൻ കഴിയാത്തവർ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് നീങ്ങാൻ തുടങ്ങിയത് കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമായതായും ഡൽഹി പോലീസ് പറഞ്ഞു. രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്.
പ്രയാഗ്രാജ് എക്സ്പ്രസ് 14-ാം പ്ലാറ്റ്ഫോമിലും, മഗധ് എക്സ്പ്രസ് 12-ാം പ്ലാറ്റ്ഫോമിലും, സ്വതന്ത്ര സേനാനി എക്സ്പ്രസ് 13-ാം പ്ലാറ്റ്ഫോമിലും, ഭുവനേശ്വർ രാജധാനി 15-ാം പ്ലാറ്റ്ഫോമിലുമാണ് നിർത്തിയത്. ഇതിൽ അവസാനത്തെ മൂന്ന് തീവണ്ടികൾ വൈകിയാണ് ഓടിയിരുന്നത്. ദുരന്തത്തേക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി ഞായറാഴ്ച രാവിലെ ഡൽഹി പോലീസ് ഉന്നതതല യോഗം ചേരുകയും ഡി.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായി രണ്ടംഗ സമിതിയും അറിയിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവേ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: New Delhi stampede: Confusion over two Prayagraj-bound trains, delays led to chaos, says police