ഡൽഹിയിൽ മിന്നൽ സമരവുമായി വിദ്യാർഥി സംഘടനകൾ; പ്രവർത്തകരെ വലിച്ചിഴച്ച് പോലീസ്; സംഘർഷം

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: വോട്ടർപ്പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രക്ഷോഭം. ഇടതു വിദ്യാർഥി സംഘടനകളായ എ.ഐ.വൈ.എഫ്., എ.ഐ.എസ്.എഫ്., എൻ.എസ്.യു.ഐ. സംഘടനകൾ ചൊവ്വാഴ്ച മിന്നൽ സമരം നടത്തി. ആർ.എ.എഫും സി.ആർ.പി.എഫും പോലീസും തടഞ്ഞതോടെ വിദ്യാർഥികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു. കൊണാട്ട് പ്ലേസിലും ജന്തർമന്തറിന് പരിസരത്തുമാണ് പ്രതിഷേധം.

ഡൽഹി പോലീസിന്റെ സുരക്ഷാ സന്നാഹങ്ങളെ വെട്ടിച്ച് കൊണാട്ട് പ്ലേസ്, ജൻപഥ് വഴി നീങ്ങിയ പ്രതിഷേധക്കാർ ജന്തർ മന്ദറിന് നൂറുമീറ്ററോളം സമീപമെത്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇ.വി.എം. മെഷിനുകൾ റദ്ദാക്കുക, എസ്.ഐ.ആർ. പിൻവലിക്കുക, എസ്.ഐ.ആറിലൂടെ പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കുക എന്നിവയും ഗ്യാനേഷിന്റെ രാജിക്കൊപ്പം വിദ്യാർഥികൾ ഉന്നയിച്ചു. ജന്തർ മന്ദർ സമരത്തിനായി തുറന്നുനൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

മൂന്നര പതിറ്റാണ്ടിലേറെയായി ഡൽഹിയുടെ പ്രധാന സമരകേന്ദ്രമായിരുന്ന ജന്തർ മന്ദർ അടച്ചുപൂട്ടിയ പോലീസ് നടപടിയെ എതിർത്ത പ്രതിഷേധക്കാർ, ആ കേന്ദ്രം തിരിച്ചുപിടിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ജന്തർ മന്ദർ അടച്ചാൽ കൊണാട്ട് പ്ലേസ് അടക്കമുള്ള മേഖലകളെ ജന്തർ മന്ദറാക്കി മാറ്റുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. 

എ.ഐ.എസ്.എഫ്. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. ഇവരെ പോലീസ് വലിച്ചിഴച്ചുകൊണ്ടുപോയി ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. പെൺകുട്ടികളെയടക്കം വളരെ മൃഗീയമായ രീതിയിലാണ് പോലീസ് ആക്രമിച്ചതെന്നും റോഡിലൂടെ വലിച്ചിഴച്ചാണ് വാഹനങ്ങളിലേക്ക് കയറ്റിയതെന്നും പ്രവർത്തകർ ആരോപിക്കുന്നു. ഇതിനിടെയാണ് എൻ.എസ്.യു.ഐ. പ്രവർത്തകർ കൊണാട്ട് പ്ലേസിലേക്ക് പ്രതിഷേധം നടത്തിയത്. ഇവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. 

ബാരിക്കേഡ് മറിച്ചിട്ട് ജന്തർ മന്ദറിലേക്ക് കടക്കാൻ ശ്രമിച്ചും പോലീസ് വാഹനങ്ങൾക്ക് മുകളിൽ കയറിയും വിദ്യാർഥികൾ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. സമരത്തെത്തുടർന്ന് ഡൽഹിയിലെ പലഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അധികമായി എത്തിച്ച കേന്ദ്രസേന ഡൽഹിയിൽതന്നെ തുടരുകയാണ്.