'മാർച്ച് ഫോർ ഡെമോക്രസി-ദില്ലി ചലോ' പ്രക്ഷോഭവുമായി കോൺഗ്രസ്, പ്രവർത്തകർ കൂട്ടത്തോടെ ഡൽഹിയിലേക്ക്

ന്യൂഡൽഹി: എസ്.ഐ.ആർ, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ വിഷയങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വീണ്ടും സമയം തേടുമെന്ന് റിപ്പോർട്ടുകൾ. ഞായറാഴ്ച വൈകിട്ടോടെ കൂടിക്കാഴ്ചയ്ക്കുള്ള അപേക്ഷ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് നിരസിച്ചിരുന്നെങ്കിലും, തങ്ങളുടെ ആശങ്കകളും തയ്യാറാക്കിയ മെമ്മോറാണ്ടത്തിന്റെ പ്രധാന ഭാഗങ്ങളും ഉൾപ്പെടുത്തി പുതിയ കത്ത് നൽകാനാണ് ഇന്ത്യ സഖ്യ നേതാക്കളുടെ തീരുമാനം.
ചീഫ് ജസ്റ്റിസിന് മുന്നിൽ കൂപ്പു കൈകളോടെ തങ്ങളുടെ ആശങ്കകൾ സമർപ്പിച്ച് അടിയന്തര ഇടപെടൽ അഭ്യർത്ഥിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോൾ വോട്ട് ചോരി ഉൾപ്പെടെയുള്ള വിഷയങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഒരു രാഷ്ട്രീയ നിവേദകസംഘത്തെ നേരിൽ കാണുന്നത് അനുചിതമാണെന്ന് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇമെയിൽ വഴി അറിയിച്ചിരുന്നു. ഇതുചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അനുമതി നിഷേധിച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനോ ഭരണപരമായ ഉത്തരവുകൾ പുറപ്പെടുവിക്കാനോ ചീഫ് ജസ്റ്റിസിന് ഭരണഘടനാപരമായി അധികാരമില്ലെന്നും, കോടതിയിൽ സമർപ്പിക്കുന്ന ഹർജികളിൽ ജുഡീഷ്യൽ തീർപ്പ് കൽപ്പിക്കാൻ മാത്രമേ സാധിക്കൂ എന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ വൈകിട്ട് 4 മണിക്ക് മുൻപായി ഹർജി സമർപ്പിക്കുകയാണെങ്കിൽ വിഷയം അടിയന്തരമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചിരുന്നെങ്കിലും, ഹർജി നൽകുന്നതിന് പകരം ചീഫ് ജസ്റ്റിസിനെ നേരിൽ കാണാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
അതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യവും കോൺഗ്രസും ഡൽഹിയിൽ അതിശക്തമായ സമരത്തിനാണ് ആഹ്വാനം നൽകിയിട്ടുള്ളത്. 'മാർച്ച് ഫോർ ഡെമോക്രസി-ദില്ലി ചലോ' പ്രക്ഷോഭത്തിന് നേതൃത്വം നൽകാനായി രാഹുൽ ഗാന്ധി ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി ഡൽഹിയിൽ തിരിച്ചെത്തി.
ബാരഖംബ റോഡിൽനിന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിലേക്ക് ഒഴുകിയെത്തുകയാണ്
മുഴുവൻ കോൺഗ്രസ് എം.എൽ.എ.മാരോടും ഡൽഹിയിൽ എത്താൻ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദ്ദേശിച്ചിട്ടുണ്ട്. രാജസ്ഥാൻ പി.സി.സി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര, ഹരിയാന പി.സി.സി അധ്യക്ഷൻ റാവു നരേന്ദർ, ഉത്തരാഖണ്ഡ് പി.സി.സി അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ എന്നിവരും പ്രവർത്തകരെ ഡൽഹിയിലേക്ക് അയച്ചിട്ടുണ്ട്.
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമേ മമതാ ബാനർജി, അഖിലേഷ് യാദവ് എന്നിവരും സമരരംഗത്തിറങ്ങും. അടിയന്തരാവസ്ഥക്കാലത്ത് പോലും നടക്കാത്ത രീതിയിലുള്ള പോലീസ് അടിച്ചമർത്തലാണ് മോദി സർക്കാരിന് കീഴിൽ രാജ്യതലസ്ഥാനത്ത് നടക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
പ്രതിപക്ഷ പ്രക്ഷോഭം പ്രതിരോധിക്കാൻ ഡൽഹി പോലീസ് ശക്തമായ പ്രതിരോധം തീർത്തിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി 6 മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയ പോരാട്ടം കടുക്കുന്നതിനിടെ ഡൽഹിയിൽ കനത്ത മഴയും മോശം കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്.
Content Highlights: Congress leaders plan a Delhi protest after Supreme Court denies meeting request, urging action on election commissioner concerns and democracy protection.