ഡൽഹിയിൽ പ്രതിഷേധക്കടൽ: നേഹ ബോറ ഉൾപ്പെടെ നിരവധി പേർ കസ്റ്റഡിയിൽ; ഗ്യാനേഷിന്റെ രാജിയാവശ്യത്തിൽ ഉറച്ച് സമരക്കാർ

#ന്യൂസ് ഡെസ്ക്
ഐസ പ്രസിഡന്റ് നേഹാ ബോറ പ്രതിഷേധത്തിനിടെ ബാരിക്കേഡിന് മുകളിൽ കയറിയപ്പോൾ, വിദ്യാർഥികളുടെ മാർച്ച് പോലീസ് തടയുന്നു, കസ്റ്റഡിയിലെടുക്കുന്നവരെ കൊണ്ടുപോകാനായി പോലീസ് ഏർപ്പെടുത്തിയ സ്വകാര്യ ബസ്സും കാണാം | Photos: PTI
ഐസ പ്രസിഡന്റ് നേഹാ ബോറ പ്രതിഷേധത്തിനിടെ ബാരിക്കേഡിന് മുകളിൽ കയറിയപ്പോൾ, വിദ്യാർഥികളുടെ മാർച്ച് പോലീസ് തടയുന്നു, കസ്റ്റഡിയിലെടുക്കുന്നവരെ കൊണ്ടുപോകാനായി പോലീസ് ഏർപ്പെടുത്തിയ സ്വകാര്യ ബസ്സും കാണാം | Photos: PTI

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധം സംഘർഷഭരിതമായി. വിദ്യാർഥി സംഘടനകളായ ഐസ, എഐഎസ്എഫ്, യുവജനസംഘടനയായ എഐവൈഎഫ്, ആം ആദ്മി പാർട്ടി എന്നിവരാണ് ഇന്ത്യാ ഗേറ്റിൽ നിന്ന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയത്. ആം ആദ്മി പാർട്ടിയുടെ വിദ്യാർഥി സംഘടനയായ എഎസ്എപിയും ജെഎൻയുവിലെ വിദ്യാർഥികളും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയിരുന്നു. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ജന്തർ മന്തറിൽ വെച്ചാണ് പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായത്.

വൈകിട്ട് അഞ്ചുമണിയോടെ ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതിഷേധക്കാരെ പൊലീസ് ബസിൽ കൊണ്ടുപോയപ്പോൾ നേഹയെ സ്വകാര്യ കാറിലാണ് കൊണ്ടുപോയതെന്നും ഈ കാറിൽ വനിതാ പോലീസ് ഇല്ലായിരുന്നുവെന്നും ഐസ ആരോപിച്ചു. കാറിലുണ്ടായിരുന്നവർ ആരാണെന്നത് സംബന്ധിച്ച് ഒരു വിവരവുമില്ലെന്നും ഐസ പറഞ്ഞു. നേഹാ ബോറയെ പിന്നീട് നരേല ഇൻഡസ്ട്രിയൽ ഏരിയ പോലീസ് സ്‌റ്റേഷനിൽ വെച്ച് വിട്ടയച്ചു.

വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പ്രതിഷേധക്കാർ ഷാങ്ഗ്രി-ലാ റൗണ്ട്എബൗട്ടിലേക്ക് നീങ്ങി. പോലീസ് ബസിനെ പിന്തുടർന്ന പ്രതിഷേധക്കാർ ബസ് തടയുകയും ഉള്ളിലുണ്ടായിരുന്ന ഭൂരിഭാഗം പേരെയും പുറത്തിറക്കുകയും ചെയ്തു.

വൈകീട്ട് അഞ്ചരയോടെ ജന്തർ മന്തറിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായത്. അതിനിടെ പോലീസ് ബസിന്റെ ഒരുവശത്തെ ചില്ല് തകർത്ത് കസ്റ്റഡിയിലായിരുന്ന ചില പ്രതിഷേധക്കാർ പുറത്തിറങ്ങി. പോലീസ് തന്നെ ഫുട്‌ബോൾ പോലെ എടുത്തെറിഞ്ഞുവെന്ന് കസ്റ്റഡിയിലായ ആം ആദ്മി പാർട്ടി ഡൽഹി പ്രസിഡന്റ് സൗരഭ് ഭാരദ്വാജ് ആരോപിച്ചു. സൗരഭിനെ കസ്റ്റഡിയിലെടുത്ത രീതി ഞെട്ടിക്കുന്നതാണെന്നും മോദി ഹിറ്റ്‌ലറെ കടത്തിവെട്ടിയെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

വനിതാ മാധ്യമപ്രവർത്തകർക്കെതിരെ പോലീസ് നടത്തിയ ലൈംഗികാതിക്രമത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷന് മുന്നിലും പ്രതിഷേധമുണ്ടായിരുന്നു. ഐസയും തങ്ങളുടെ മാർച്ചിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. പരാതികൾ വിശദമായ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ചിന് കൈമാറിയതായാണ് ഡൽഹി പോലീസ് അറിയിച്ചത്. സ്വതന്ത്ര മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസർമാരുമാണ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. സൗരവ് ദാസിന്റെ നേതൃത്വത്തിൽ സിജെപി സംഘവും ഇവിടെ ഉണ്ടായിരുന്നു.

അതേസമയം, പോലീസിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച സ്വതന്ത്ര മാധ്യമപ്രവർത്തകയെ അനധികൃതമായി കസ്റ്റഡിയിലെടുത്തുവെന്ന് ഐസ ആരരോപിച്ചു. നേഹയേയും മാധ്യമപ്രവർത്തകയേയും കസ്റ്റഡിയിലെടുത്തതിലൂടെ ഡൽഹി പോലീസ് തങ്ങളുടെ ഭീരുത്വം ഒരിക്കൽ കൂടി കാണിച്ചുവെന്ന് സിജെപി സ്ഥാപകൻ അഭിജീത്ത് ദിപ്‌കെ പ്രതികരിച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജിയാണ് എല്ലാ പ്രതിഷേധങ്ങളുടേയും പ്രധാന ആവശ്യം. തീവ്ര വോട്ടർപട്ടികാ പരിഷ്‌കരണത്തെ കുറിച്ചുള്ള ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷനിലെ രണ്ട് അംഗങ്ങൾ പലതവണ എതിർപ്പുയർത്തിയിരുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധങ്ങൾ ഉയർന്നത്. തീരുമാനങ്ങൾ അംഗങ്ങളെല്ലാം ഒറ്റക്കെട്ടായാണ് എടുത്തതെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം ഉണ്ടായെങ്കിലും അത് ദുർബലമായിരുന്നു.

പ്രതിഷേധത്തെ നേരിടാൻ കനത്ത സന്നാഹമാണ് ഡൽഹി പോലീസ് ഒരുക്കിയിരുന്നത്. അയ്യായിരത്തോളം പോലീസുകാരെയും റാപ്പിഡ് ആക്ഷൻ പോഴ്‌സ് ഉൾപ്പെടെയുള്ള അർധസൈനിക വിഭാഗങ്ങളേയും വിന്യസിച്ചിരുന്നു. ജന്തർ മന്തറിലേക്കുള്ള ടോൾസ്റ്റോയ് മാർഗ്, ജൻപഥ് റോഡ്, സൻസദ് മാർഗ്, കേരള ഭവൻ ഭാഗം എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. ഒപ്പം അശോക റോഡിലും സി-ഹെക്‌സഗണിലും ബാരിക്കേഡുകൾ ഉണ്ടായിരുന്നു. ഡിസിപി ഓഫീസിൽനിന്ന് സിസിടിവി നിരീക്ഷണവും ഉണ്ടായിരുന്നു. ആവശ്യമായാൽ ഉപയോഗിക്കാൻ ഡ്രോണുകളും പോലീസ് സജ്ജമാക്കിയിരുന്നു.

Content Highlights: Clashes broke out in Delhi as AAP, AISA, and student groups protested demanding Chief Election Commissioner Gyanesh Kumar's resignation, resulting in police detaining top leaders and AISA national president Neha Bora.