വിവാദ ഐഎഎസുകാരിക്കെതിരേ പോലീസ് കേസെടുത്തു; ചുമത്തിയത് രണ്ട് കുറ്റങ്ങൾ

മുംബൈ: വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. വഞ്ചന, കൃത്രിമ രേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസിന്റെ നടപടി. പൂജയുടെ ഐ.എ.എസ് സെലക്ഷൻ റദ്ദാക്കാനുള്ള നടപടിയുടെ ഭാഗമായി യു.പി.എസ്.സി കാരണംകാണിക്കൽ നോട്ടീസും അയച്ചിരുന്നു.
പ്രവേശന പരീക്ഷ പാസാകുന്നതിനായി നിരവധി കാര്യങ്ങൾ പൂജ വ്യാജമായി ചമച്ചുവെന്നാണ് യു.പി.എസ്.സിയുടെ കണ്ടെത്തൽ. വിഷയവുമായി ബന്ധപ്പെട്ട് യു.പി.എസ്.സി. സമഗ്ര അന്വേഷണം നടത്തിയതായി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.
പേര്, വിലാസം, മാതാപിതാക്കളുടെ പേര് തുടങ്ങിയവയില്‍ മാറ്റങ്ങള്‍ വരുത്തി, അനുവദനീയമായതിലും കൂടുതല്‍ പ്രാവശ്യം പരീക്ഷ എഴുതാനുള്ള അവസരങ്ങള്‍ പൂജ കരസ്ഥമാക്കിയെന്ന് കണ്ടെത്തിയതായി യു.പി.എസ്.സി. വ്യക്തമാക്കി.
കാരണം കാണിക്കൽ നോട്ടീസിനുള്ള പൂജയുടെ മറുപടി അനുസരിച്ചായിരിക്കും തുടർനടപടികളെന്നാണ് റിപ്പോർട്ട്. ഭാവിയിൽ പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും ഇവരെ വിലക്കിയേക്കാമെന്നും യു.പി.എസ്.സി. വ്യക്തമാക്കി.
പുണെ അസിസ്റ്റന്റ് കളക്ടറായിരുന്ന പൂജ സ്വകാര്യ കാറില്‍ അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡ് വെക്കുകയും ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തതോടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. സ്വകാര്യ കാറിലെ സഞ്ചാരവും അഡീഷണല്‍ കളക്ടറുടെ ചേമ്പര്‍ കയ്യേറിയതും വിവാദമായതോടെ ഇവരെ വാഷിം ജില്ലയിലക്ക് സ്ഥലം മാറ്റി.
പിന്നാലെ പൂജ ഖേദ്കറിനെതിരെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉയര്‍ന്നു. 2022 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ ഇവര്‍ സര്‍വീസില്‍ പ്രവേശിക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മ്മിച്ചുവെന്നാണ് പിന്നാലെ വന്ന ആരോപണം.
കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ യു.പി.എസ്.സി. പരീക്ഷയെഴുതിയത്. ഒ.ബി.സി. വിഭാഗത്തിലെ പരീക്ഷാര്‍ഥിയായിരുന്നു പൂജ. ഐ.എ.എസ്. സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ട്.
മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാന്‍ ഡി.സി.പി. റാങ്കിലുള്ള പോലീസുദ്യോഗസ്ഥനെ സമ്മര്‍ദത്തിലാക്കാന്‍ പൂജാ ഖേദ്കര്‍ ശ്രമിച്ചതായും വാര്‍ത്ത വന്നു. നവിമുംബൈ പോലീസ് മഹാരാഷ്ട്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. മേയ് 18-ന് പന്‍വേല്‍ പോലീസ് എടുത്ത കേസിലായിരുന്നു പൂജയുടെ ഇടപെടല്‍.
Content Highlights: Delhi Police registered case against IAS officer Puja Khedkar