ബ്രിക്സ് പ്രതിനിധിയുടെ ബാഗ് നഷ്ടപ്പെട്ടു; നൊടിയിടയിൽ കണ്ടെത്തി വിമാനം പുറപ്പെടുംമുമ്പ് കൈമാറി ഡൽഹി പോലീസ്

ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് മടങ്ങാനിരിക്കെ ബ്രിക്സ് പ്രതിനിധിയുടെ നഷ്ടപ്പെട്ട ബാഗ് കണ്ടെത്തിനൽകി ഡൽഹി പോലീസ്. ദക്ഷിണാഫ്രിക്കൻ പ്രതിനിധിയായ ഡുമിസ മോറിസ് സൊബേക്വെയുടെ മൂന്ന് ലക്ഷത്തോളം രൂപ അടങ്ങിയ ബാഗാണ് പോലീസ് വീണ്ടെടുത്തുനൽകിയത്. ഞായറാഴ്ചയായിരുന്നു സംഭവം.
സൊബേക്വെ സഞ്ചരിച്ച ടാക്സി ക്യാബ് പിന്തുടർന്ന് കണ്ടെത്തിയ പോലീസ്, സീറ്റിനടിയിൽനിന്നാണ് ബാഗ് വീണ്ടെടുത്തത്. തുടർന്ന് രാത്രി 8.15-ഓടെ, വിമാനം പുറപ്പെടുന്നതിന് ഏകദേശം 30 മിനിറ്റ് മുമ്പ്, ബാഗ് ഇദ്ദേഹത്തിന് കൈമാറുകയും ചെയ്തു.
ഗുഡ്ഗാവിലെ ഒരു മാൾ സന്ദർശിച്ച ശേഷം ഹോട്ടലിൽ തിരിച്ചെത്തിയപ്പോഴാണ് ഡോളറും ഇന്ത്യൻ രൂപയും അടങ്ങിയ തന്റെ ബാഗ് നഷ്ടപ്പെട്ട കാര്യം സൊബേക്വെ തിരിച്ചറിഞ്ഞത്. ഇക്കാര്യം സൊബേക്വെ ഹോട്ടലിൽ അറിയിച്ചു. തുടർന്ന് ഹോട്ടൽ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയും ഈ വിവരം എസിപി (സെക്യൂരിറ്റി), ബരാഖംബ റോഡ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എന്നിവരിലേക്ക് കൈമാറുകയും ചെയ്തു.
വൈകുന്നേരം 7.10-നാണ് പോലീസിന് സന്ദേശം ലഭിച്ചത്. അഞ്ച് മിനിറ്റിനുള്ളിൽത്തന്നെ പോലീസ് സംഘം ഹോട്ടലിലെത്തി. യാത്രാവിവരങ്ങൾ ശേഖരിച്ച ഉദ്യോഗസ്ഥർ ടാക്സി കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് വാഹനം തിരിച്ചറിയുകയും രാത്രി 7.45-ഓടെ ഡ്രൈവറെ കണ്ടെത്തുകയും ചെയ്തു. സീറ്റിനടിയിലായിരുന്നു ബാഗ് ഉണ്ടായിരുന്നത്. തുടർന്ന് പണം തിട്ടപ്പെടുത്തി ഉറപ്പുവരുത്തിയശേഷം രാത്രി 8.15-ഓടെ ഇത് കൈമാറുകയും ചെയ്തു.
ചോദ്യങ്ങളിൽനിന്ന് ഡ്രൈവർ ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പിന്നീട് പോലീസ് സംഘത്തോട് സഹകരിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരുടെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും പോലീസ് സംഘത്തിന്റെയും കൂട്ടായ പരിശ്രമമാണ് ബാഗ് വേഗത്തിൽ വീണ്ടെടുക്കാൻ സഹായിച്ചതെന്ന് പോലീസ് വ്യക്തമാക്കി.