'കോടതിമുറിയിൽ പോലീസിന് സുരക്ഷ വേണം'; അഞ്ച് ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ഡൽഹിയിൽ സമരം ചെയ്യുന്ന പോലീസുകാർ

ന്യൂഡൽഹി: അഞ്ച് ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ഡൽഹിയിൽ സമരം ചെയ്യുന്ന പോലീസുകാർ. കോടതിമുറിക്കുള്ളിൽ പോലീസുകാർക്ക് സുരക്ഷ ഉറപ്പാക്കണം എന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെച്ചത്. അതേസമയം ഡൽഹി പോലീസ് ആസ്ഥാനത്തിന് മുന്നിൽ 500-ഓളം പോലീസുകാർ യൂണിഫോം ധരിച്ചുകൊണ്ട് നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ (എസിപി) മനസ്വി വസിഷ്ഠയെ നേരത്തേ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. അഭിഭാഷകരുമായുള്ള തർക്കവും തുടർന്ന് നടന്ന സംഭവവികാസങ്ങളുമാണ് പ്രതിഷേധത്തിന് കാരണമായത്.
പത്ത് മണിക്കൂറിലേറെയാണ് പോലീസ് ആസ്ഥാനത്തിന് മുന്നിൽ തിങ്കളാഴ്ച പ്രതിഷേധമുണ്ടായത്. ഒടുവിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാരുടെ പ്രതിനിധി സംഘം രണ്ടുതവണ ചർച്ച നടത്തി. ഡൽഹി പോലീസ് കമ്മിഷണർ അനുരാഗ് കുമാർ ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ പ്രതിഷേധം നയിച്ച എസിപിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
അഭിഭാഷകരുമായുള്ള തർക്കങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക മാർഗനിർദേശങ്ങൾ (എസ്ഒപി) തയ്യാറാക്കുക, പോലീസുകാരുടെ പരാതികൾ പരിഹരിക്കാൻ സമിതി രൂപീകരിക്കുക, പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസിൽ ഒരേസമയം പ്രവേശിക്കുന്ന അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കുക, കോടതിമുറികളിൽ പോലീസുകാർക്ക് മതിയായ സുരക്ഷ ഉറപ്പാക്കുക, അഭിഭാഷകർക്കെതിരെ എസിപി മനസ്വി വസിഷ്ഠ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാതിരിക്കുക എന്നിവയാണ് സമരം ചെയ്യുന്ന പോലീസുകാരുടെ അഞ്ച് ആവശ്യങ്ങൾ.
അഭിഭാഷകർക്കെതിരെയല്ല, അധികാരം ദുരുപയോഗം ചെയ്യുന്നവർക്കെതിരെയാണ് തങ്ങൾ സമരം ചെയ്യുന്നതെന്ന് ഞായറാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ മനസ്വി വസിഷ്ഠ വ്യക്തമാക്കിയിരുന്നു. 'ഭാരത് മാതാ കീ ജയ്', 'പോലീസ് ഏകതാ സിന്ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പോലീസുകാരുടെ പ്രതിഷേധം.
ഷഹ്ദര പോലീസ് സ്റ്റേഷൻ പരിധിയിൽ അഭിഭാഷകൻ ലളിത് ബൻസാലിനെ ആക്രമിച്ച സംഭവമാണ് പോലീസും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിന് കാരണമായത്. ഒക്ടോബർ 23-ന് കിഴക്കൻ ഡൽഹിയിലെ ഷഹ്ദരയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെ ബൻസാലിന്റെ തലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ അഭിഭാഷകൻ അമൂല്യ രത്തന്റെ പരാതിയിൽ ഷഹ്ദര പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകരെ എസിപി മനസ്വി വസിഷ്ഠയും സ്റ്റേഷൻ ഹൗസ് ഓഫീസറായ (എസ്എച്ച്ഒ) അരുൺ കുമാറും ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകർ ആരോപിച്ചു. ഇതിന് പിന്നാലെ ഇരുവരെയും സ്ഥലം മാറ്റി. അഭിഭാഷകർ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു.
എസിപി മനസ്വി വസിഷ്ഠയെയും അരുൺ കുമാറിനെയും സ്ഥലംമാറ്റിയതോടെയാണ് പോലീസുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജയ്സിങ് റോഡിലെ പോലീസ് ആസ്ഥാനത്തിന് മുന്നിലാണ് തിങ്കളാഴ്ച ഉദ്യോഗസ്ഥർ ഒത്തുകൂടിയത്.
പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു പോലീസ് സബ് ഇൻസ്പെക്ടറും ഉദ്യോഗസ്ഥർ നേരിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി. 'ഇനി നമ്മുടെ ശബ്ദം ഉയർത്തേണ്ട സമയമാണ്. കറുത്ത കോട്ട് ധരിച്ചവർ എസിപിയെയും എസ്എച്ച്ഒയെയും ആക്രമിക്കുന്ന 30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുണ്ട്. എന്നിട്ടും ഇവർക്കെതിരെ സ്ഥലംമാറ്റ ഉത്തരവ് വന്നു. ഞങ്ങൾ ബോഡി ക്യാമറകൾ ധരിക്കുന്നുണ്ട്. ഞങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും എന്തിനാണ് ഞങ്ങൾക്കെതിരെ നടപടിയെടുക്കുന്നത്?' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
Content Highlights: Around 500 Delhi Police personnel protested outside headquarters over court security and lawyer disputes, prompting the suspension of ACP Manasvi Vasisht for indiscipline after a 10-hour demonstration.