ജയിലിൽ കിടക്കുന്നവർ ജന്തർമന്തറിൽ സമരം ചെയ്തോ? മുഖം തിരിച്ചറിഞ്ഞ ക്യാമറയ്ക്ക് പിഴച്ചെന്ന് റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്
സിജെപി പ്രതിഷേധത്തിൽ നിന്ന് | File Photo: ANI
സിജെപി പ്രതിഷേധത്തിൽ നിന്ന് | File Photo: ANI

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ എഫ്.ഐ.ആറുകളും സുപ്രീം കോടതി റദ്ദാക്കിയപ്പോൾ, ജൂലായ് 20-നും 26-നും ഇടയിൽ ജന്തർ മന്തറിലെ പ്രധാന സമരസ്ഥലത്ത് ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയർ (FRS) വഴി തിരിച്ചറിഞ്ഞ ക്രിമിനൽ പശ്ചാത്തലമുള്ള 2,873 പേർക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാൻ കോടതി സർക്കാരിന് അനുമതി നൽകിയിരുന്നു. എന്നാൽ, സാങ്കേതികവിദ്യയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള വൻ വീഴ്ചകളാണ് ഇപ്പോൾ ഈ പുറത്തുവന്നിരിക്കുന്നത്. ഡൽഹി പോലീസ് കുറ്റവാളികളായി തിരിച്ചറിഞ്ഞ പലരും ആ സമയത്ത് ജയിലിൽ ആയിരുന്നു എന്നാണ് രേഖകൾ വ്യക്തമാക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

കൊലപാതകം, വധശ്രമം, ബലാത്സംഗം, കുട്ടികൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതികളായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ജന്തർ മന്തറിൽ സമരം ചെയ്തതായി ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം വഴി കണ്ടെത്തിയ പട്ടികയിലെ കുറഞ്ഞത് 25 പേരെങ്കിലും ആ സമയത്ത് വിവിധ ജയിലുകളിലായിരുന്നു എന്ന് പോലീസ്, ജയിൽ, കോടതി രേഖകൾ വ്യക്തമാക്കുന്നു. ഈ 25 പേരിൽ 17 പേർ കൊലക്കേസ് പ്രതികളും, 4 പേർ ബലാത്സംഗക്കേസ് പ്രതികളും, മറ്റ് 4 പേർ വധശ്രമക്കേസ് പ്രതികളുമാണെന്നും വ്യക്തമാക്കുന്ന രേഖകളാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടത്.

ജൂലായ് 24-ന് മൂന്ന് പേരെയും, ജൂലായ് 25-ന് 21 പേരെയും, സമരത്തിന്റെ അവസാന ദിവസമായ ജൂലായ് 26-ന് ഒരാളെയുമാണ് ഈ രീതിയിൽ ജയിലിനുള്ളിൽ കിടക്കുമ്പോഴും സോഫ്റ്റ്‌വെയർ സമരസ്ഥലത്ത് കണ്ടെത്തിയത്. ഓഗസ്റ്റ് 17-ന് ഡൽഹി പോലീസ് സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച്, സമരസ്ഥലത്തുണ്ടായിരുന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളെ ഔദ്യോഗിക പോലീസ് ഡാറ്റാബേസുമായി ഒത്തുനോക്കിയാണ് ഫേഷ്യൽ റെക്കഗ്നിഷൻ വഴി കണ്ടെത്തിയത്. ഇതിൽ 2,402 പേരെ ഡൽഹി പോലീസിന്റെ ബയോമെട്രിക് ഡാറ്റാബേസായ ‘ക്രൈം കുണ്ഡലി’ വഴിയും, 471 പേരെ മറ്റ് ക്രിമിനൽ റെക്കോർഡുകൾ വഴിയുമാണ് തിരിച്ചറിഞ്ഞത്.

തെക്കൻ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്-1ൽ ജിം ഉടമയായ നാദിർ ഷായെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യോഗേഷ് എന്ന രാജുവും ഈ പട്ടികയിലുണ്ട്. കുപ്രസിദ്ധ ഗുണ്ടകളായ ലോറൻസ് ബിഷ്ണോയിയുടെയും ഹാഷിം ബാബയുടെയും സംഘത്തിലെ ഷാർപ്പ് ഷൂട്ടറായ ഇയാളെ വെടിയുണ്ടയേറ്റ് പരിക്കേറ്റ നിലയിലാണ് പോലീസ് പിടികൂടിയത്. ഇയാൾ ജയിലിൽ കഴിയുന്ന സമയത്താണ് ജന്തർ മന്തറിൽ ഉണ്ടെന്ന് കാണിച്ച് പോലീസ് സോഫ്റ്റ്‌വെയർ ഇയാളെ അടയാളപ്പെടുത്തിയത്.

ജയിലിലായിരുന്നിട്ടും സമരസ്ഥലത്ത് കണ്ടെത്തിയതായി സോഫ്റ്റ്‌വെയർ രേഖപ്പെടുത്തിയ മറ്റ് പ്രതികളിൽ കിഷൻ, മുഷ്താഖ്, അങ്കിത് കുമാർ എന്നിവർ ഉൾപ്പെടുന്നു. കൂടാതെ പ്രതാപ് സിങ് സിസോദിയ, സോനു കുമാർ, വിജയ്, രാകേഷ്, ഭോല എന്ന ശ്യാം കുമാർ തുടങ്ങിയ കൊലക്കേസ് പ്രതികളെയും സോഫ്റ്റ്‌വെയർ തെറ്റായി തിരിച്ചറിഞ്ഞു. പോക്‌സോ കേസുകളിൽ ജയിലിൽ കഴിയുന്ന സുനിൽ കുമാർ, ഹീരാ സിങ്, കുന്ദൻ എന്നിവരും വധശ്രമക്കേസുകളിൽ തടവിലുള്ള മഹേഷ്, ബോബി എന്നിവരും ഈ സാങ്കേതിക പിഴവിനെ തുടർന്ന് ജന്തർ മന്തറിലെ പ്രതിഷേധക്കാരുടെ ലിസ്റ്റിൽ സ്ഥാനം പിടിച്ചു.

പ്രഥമദൃഷ്ട്യാ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കണ്ടെത്തിയ 2,873 പേരെയാണ് തിരിച്ചറിഞ്ഞതെന്നും എന്നാൽ ഇവരെക്കുറിച്ചുള്ള കൂടുതൽ പരിശോധനകൾ പൂർത്തിയായിട്ടില്ലെന്നുമാണ് വീഴ്ചയിൽ ഡൽഹി പോലീസ് വ്യക്തമാക്കിയത്. സോഫ്റ്റ്‌വെയർ നൽകിയ വിവരങ്ങൾ അന്തിമമല്ലെന്നും പോലീസ് ഡാറ്റയുമായി ഒത്തുനോക്കിയുള്ള പ്രാഥമിക വിവരങ്ങൾ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയുടെ പിഴവുകൾ വെളിയിൽ വന്ന പശ്ചാത്തലത്തിൽ, കൃത്യമായ ഫീൽഡ് പരിശോധനകൾക്ക് ശേഷം മാത്രമേ പ്രതികൾക്കെതിരെ നടപടികളിലേക്ക് കടക്കൂ എന്നും പോലീസ് വ്യക്തമാക്കി.

Content Highlights: Supreme Court quashed FIRs related to exam leak protests while allowing government action against individuals with criminal records. Delhi Police facial recognition system (FRS) flagged 2,873 people at Jantar Mantar protest site between July 20 and 26.,