ജന്തർ മന്തറിൽ ഇനി പ്രതിഷേധങ്ങളില്ല; പുതിയ സമരകേന്ദ്രങ്ങൾ പാർലമെന്റിൽനിന്ന് അകലെ; പ്രക്ഷോഭകർക്ക് തിരിച്ചടി

ന്യൂഡൽഹി: കഴിഞ്ഞ 33 വർഷമായി രാജ്യതലസ്ഥാനത്തെ ജനകീയ പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ജന്തർ മന്തറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽനിന്ന് ഡൽഹി പോലീസ് ഔദ്യോഗികമായി ഒഴിവാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപവത്കരിച്ച പ്രത്യേക സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് ഡൽഹി പോലീസ് കമ്മിഷണർ അനുരാഗ് കുമാർ ഇതുസംബന്ധിച്ച സ്റ്റാൻഡിങ് ഓർഡർ പുറപ്പെടുവിച്ചത്.
സെൻട്രൽ ഡൽഹിയിലെ രാംലീല മൈതാനം, നോർത്ത് ഡൽഹിയിലെ ബുറാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ (ഷാഹ്ദര) സിബിഡി മൈതാനം എന്നിവയാണ് പ്രതിഷേധങ്ങൾക്കായി പുതുതായി നിശ്ചയിച്ചിട്ടുള്ള മൂന്ന് ബദൽ വേദികൾ.
ജന്തർ മന്തറിന്റെ സവിശേഷതകൾ
പാർലമെന്റിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ, സെൻട്രൽ ഡൽഹിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മേഖലയാണ് ജന്തർ മന്തർ. മെട്രോ സർവീസ് അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ ഉള്ളതിനാൽ ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നതുമാണ് ജന്തർ മന്തറിന്റെ പ്രധാന പ്രത്യേകത. 1988-ൽ നടന്ന കർഷക പ്രക്ഷോഭത്തിനുശേഷം 1993-ൽ ബോട്ട് ക്ലബ്ബിലെ പ്രതിഷേധങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതോടെയാണ് ജന്തർ മന്തർ രാജ്യത്തെ പ്രധാന പ്രതിഷേധ ചതുരമായി മാറിയത്.
ന്യൂഡൽഹിയിൽ സെക്ഷൻ 144 ഏർപ്പെടുത്താത്ത ഏക സ്ഥലം ജന്തർ മന്തറായിരുന്നു. ദേശീയ മാധ്യമ സ്ഥാപനങ്ങളുടെയും വാർത്താ ഏജൻസികളുടെയും ആസ്ഥാനങ്ങൾ അടുത്താണെന്നുള്ളത് മാധ്യമശ്രദ്ധ ആകർഷിക്കാനും പ്രതിഷേധക്കാർക്ക് അനുകൂലമായിരുന്നു.
സർക്കാരിന്റെ ന്യായങ്ങൾ
ഗതാഗതക്കുരുക്കാണ് ജന്തർ മന്തറിലെ പ്രതിഷേധങ്ങൾ നിരോധിക്കുന്നതിന് കേന്ദ്ര സർക്കാരും പോലീസും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജന്തർ മന്തറിലുണ്ടാകുന്ന വലിയ പ്രതിഷേധങ്ങൾ കൊണോട്ട് പ്ലേസ് ഉൾപ്പെടെയുള്ള മേഖലകളെയും ഗതാഗത സംവിധാനങ്ങളെയും ബാധിക്കുന്നുവെന്ന് അധികൃതർ പറയുന്നു. കൂടാതെ പരിസരവാസികൾ ഉന്നയിച്ച ശബ്ദമലിനീകരണവും ശുചിത്വമില്ലായ്മയും സംബന്ധിച്ച പരാതികളും സമിതി പരിഗണിച്ചു.
2017 ഒക്ടോബറിൽ ദേശീയ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിൽ ഡൽഹി മാസ്റ്റർ പ്ലാൻ പ്രകാരം, ജന്തർ മന്തർ ഒരു റെസിഡൻഷ്യൽ മേഖലയാണെന്നും അവിടെ സമരം സംഘടിപ്പിക്കാൻ ഔദ്യോഗിക ഉത്തരവുകളൊന്നുമില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന്, പ്രതിഷേധക്കാരെ രാംലീല മൈതാനത്തേക്ക് മാറ്റാൻ പോലീസ് നിർദേശിച്ചിരുന്നു.
പ്രതിഷേധക്കാർക്ക് തിരിച്ചടി
അതേസമയം, പുതിയ തീരുമാനം പ്രക്ഷോഭകരെയും സമര സംഘാടകരെയും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ വേദികൾ പാർലമെൻ്റിൽനിന്ന് ഏറെ അകലെയാണെന്നതാണ് പ്രധാന വെല്ലുവിളി. രാംലീല മൈതാനം പാർലമെന്റിൽനിന്ന് മൂന്ന് മുതൽ ആറ് കിലോമീറ്റർ അകലെയാണ്. സിബിഡി മൈതാനം 10 മുതൽ 14 കിലോമീറ്ററും ബുറാരി മൈതാനം 15 മുതൽ 23 കിലോമീറ്ററും അകലെയാണ്. ഇതുകൂടാതെ, ജന്തർ മന്തറിൽ 3,000 പേർ അണിനിരന്നാൽപോലും വലിയ ശ്രദ്ധനേടാൻ സാധിക്കുമായിരുന്നെങ്കിൽ, 50,000 പേർക്ക് ശേഷിയുള്ള രാംലീല മൈതാനത്തോ, 15,000 പേരുടെ ശേഷിയുള്ള സിബിഡി മൈതാനത്തോ, 80,000 പേർക്ക് ശേഷിയുള്ള ബുറാരി മൈതാനത്തോ ഒരു സമരം ശ്രദ്ധിക്കപ്പെടണമെങ്കിൽ വൻതോതിൽ ആളുകളെ സംഘടിപ്പിക്കേണ്ടിവരും.
സെൻട്രൽ ഡൽഹിക്ക് പുറത്തേക്ക് സമരങ്ങൾ മാറ്റപ്പെടുന്നതോടെ ദേശീയ മാധ്യമശ്രദ്ധ നേടാനും സമരങ്ങൾ ദീർഘകാലം നിലനിർത്താനും പ്രക്ഷോഭകർക്ക് പ്രയാസമാകും. ഈ നടപടി പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കോക്രോച്ച് ജനതാ പാർട്ടി അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ആരോപണമുന്നയിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ ജന്തർ മന്തറിൽ പ്രവേശിച്ച് പ്രതിഷേധിക്കുന്നതിന് ശ്രമം നടത്തിവരുന്നതിനിടയിലാണ് പ്രതിഷേധവേദി മാറ്റിയതെന്നതും ശ്രദ്ധേയമാണ്.
എതിർപ്പുമായി വ്യാപാരി സംഘടനകൾ
രാംലീല മൈതാനത്തെ സമരവേദിയാക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ പ്രമുഖ വ്യാപാര-ട്രാൻസ്പോർട്ട് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഓൾ ഇന്ത്യ മോട്ടാർ ആൻഡ് ഗുഡ്സ് ട്രാൻസ്പോർട്ട് അസോസിയേഷൻ രാംലീല മൈതാനത്തെ പുതിയ വേദിയാക്കിയതിനെതിരെ കടുത്ത ആശങ്ക രേഖപ്പെടുത്തി പൊലീസ് കമ്മീഷണർക്ക് കത്തയച്ചു.
രാംലീല മൈതാനത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് ചാന്ദ്നി ചൗക്ക്, സദർ ബസാർ, ചൗരി ബസാർ, ഖാരി ബാവ്ലി, ഭഗീരഥ് പ്ലേസ്, കാശ്മീരി ഗേറ്റ്, പഹാർഗഞ്ച്, ദര്യാഗഞ്ച്, കമലാ മാർക്കറ്റ്, നയാ ബസാർ, ലജ്പത് റായ് മാർക്കറ്റ്, അജ്മേരി ഗേറ്റ് എന്നീ മൊത്തവ്യാപാര കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത്. അതിനാൽ ഉത്സവ സീസണിൽ പ്രതിഷേധങ്ങൾ നടക്കുന്നത് ചരക്കുനീക്കത്തെയും വിതരണ ശൃംഖലയെയും ബാധിക്കുമെന്നും ഗതാഗതച്ചെലവ് വർധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് രാംലീല മൈതാനം സമരവേദിയാക്കുന്നത് ഒഴിവാക്കണമെന്ന് അസോസിയേഷനുകൾ ആവശ്യപ്പെടുന്നത്.
Content Highlights: Jantar Mantar officially removed as a protest venue after 33 years., Delhi Police commissioner issued a standing order based on a central committee recommendation., Three new alternative venues allocated: Ramlila Maidan, Burari Ground, and CBD Ground (Shahdara)., The decision aims to curb traffic congestion and noise pollution in central Delhi., Protesters and opposition groups criticize the move, stating the new venues are too far from power centers.