'നിന്റെ കുട്ടിക്കാലം തിരിച്ചുതരാൻ കഴിയില്ല, പക്ഷെ അയാൾ ജയിലിൽ കിടന്ന് മരിക്കും'; 10 വയസ്സുകാരിയായ അതിജീവിതയ്ക്ക് ജഡ്ജിയുടെ കത്ത്

#ന്യൂസ് ഡെസ്ക്
രജനി രംഗ | Photo:http://rohini.dcourts.gov.in/
രജനി രംഗ | Photo:http://rohini.dcourts.gov.in/

ന്യൂഡൽഹി: പീഡനത്തിനിരയായ പത്തു വയസ്സുകാരിയായ അതിജീവിതയ്ക്ക് വികാരനിർഭരമായ കുറിപ്പെഴുതി വിചാരണക്കോടതി ജഡ്ജി. രോഹിണി പോക്‌സോ കോടതി അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയായ രജനി രംഗയാണ് പ്രതിക്ക് കഠിനതടവ് വിധിച്ചതിനൊപ്പം ഒരു സന്ദേശവും അതിജീവിതയ്ക്കായി തയ്യാറാക്കിയത്. ഈ കുറിപ്പ് രണ്ടാഴ്ചയ്ക്കുള്ളിൽ അതിജീവിതയ്ക്ക് കൈമാറണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. പത്ത് ലക്ഷം നഷ്ടപരിഹാരം നൽകാനും ഉത്തരവുണ്ട്. ഏഴ് വയസ്സുള്ളപ്പോഴായിരുന്നു പെൺകുട്ടി പീഡനത്തിനിരയായത്.

'താൻ 'അങ്കിൾ' എന്ന് വിളിച്ചിരുന്നയാൾ വയസ്സനാകുന്നതുവരെ ജയിലിൽ കിടക്കണമെന്ന് വിചാരണയ്ക്കിടെ അതിജീവിതയായ പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമായാണ് നിയമ ഭാഷകളെല്ലാം മാറ്റിവെച്ച് ജഡ്ജി കത്തെഴുതിയത്. ആ സന്ദേശം ഇങ്ങനെയായിരുന്നു, 'പ്രിയപ്പെട്ട കുഞ്ഞേ, കോടതി നിന്റെ വാക്കുകൾ കേട്ടു. 'അങ്കിൾ എന്ന് വിളിച്ചയാൾക്ക് വയസ്സനാകുന്നതുവരെ ജയിൽശിക്ഷ നൽകണം' എന്ന് നീ പറഞ്ഞത് ഈ കോടതി കേൾക്കുകയും അതിന് മറുപടി നൽകുകയും ചെയ്തിരിക്കുന്നു. അയാൾ ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങില്ല. തന്റെ ജീവിതകാലം മുഴുവൻ അയാൾ ഒരു ജയിലിൽ കിടക്കും, അവിടെക്കിടന്ന് വയസ്സനാകും, അവിടെക്കിടന്ന് മരിക്കും. നിന്നെയും നിന്റെ അനിയത്തിയെയും മറ്റ് കുട്ടികളെയും ഉപദ്രവിക്കാൻ അയാൾക്ക് ഇനി കഴിയില്ല.' ഈ കോടതി കണ്ടതിൽ വെച്ച് ഏറ്റവും ധീരയായ പെൺകുട്ടിയാണ് നീ. കോടതിയിൽ വന്ന് നിന്നെ ഉപദ്രവിച്ചയാളെ ചൂണ്ടിക്കണിച്ച് നീ സത്യം പറഞ്ഞു. നിന്റെ കുട്ടിക്കാലം തിരികെ നൽകാൻ കോടതിക്ക് കഴിയില്ലെങ്കിലും നിന്റെ വാക്കുകൾ കേട്ടുവെന്ന് ഉറപ്പുനൽകുന്നു. ഇനി ധൈര്യത്തോടെ ജീവിക്കൂ, സ്‌കൂളിൽ പോകൂ, കളിക്കൂ, ചിരിക്കൂ, സ്വപ്നം കാണൂ...'

2023-ൽ ഏഴ് വയസ്സുള്ളപ്പോഴായിരുന്നു പെൺകുട്ടി പീഡനത്തിനിരയായത്. കോടതിയിലെത്തി കാര്യങ്ങൾ പറയാൻ കാണിച്ച ധൈര്യത്തിനുള്ള സന്ദേശമാണ് കൈമാറുന്നതെന്നാണ് പോക്‌സോ കോടതി ജഡ്ജി വ്യക്തമാക്കിയത്.

ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ജസ്റ്റിസ് ദിനേശ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കത്തും തുകയായ 10.50 ലക്ഷം രൂപ നഷ്ടപരിഹാരവും രണ്ടാഴ്ചയ്ക്കുള്ളിൽ കുട്ടിക്ക് കൈമാറാൻ നോർത്ത്-വെസ്റ്റ് ഡൽഹി ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദ്ദേശിച്ചത്. പ്രതി സുമിത് ശാക്യ നൽകിയ അപ്പീലിൽ ശിക്ഷ സസ്‌പെൻഡ് ചെയ്യാനോ ജാമ്യം നൽകാനോ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ഫൊറൻസിക് തെളിവുകൾ അടക്കം പ്രതിക്കെതിരായതിനാൽ ഇയാൾക്ക് യാതൊരു ഇളവും നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Content Highlights: Rohini POCSO court judge wrote an emotional letter to a 10-year-old sexual assault survivor., Delhi High Court directed authorities to deliver the letter and Rs 10.50 lakh compensation within two weeks., The convict will spend his entire life in prison as demanded by the brave survivor., The High Court refused to suspend the sentence or grant bail to the accused Sumit Shakya.