ഡൽഹിയിൽ മോസ്കിന് സമീപം അനധികൃതകയ്യേറ്റങ്ങൾ നീക്കുന്നതിനിടെ സംഘർഷം; 5 പോലീസുകാർക്ക് പരിക്ക്

#ന്യൂസ് ഡെസ്ക്
അനധികൃത കയ്യേറ്റങ്ങള്‍ അധികൃതര്‍ പൊളിച്ചു നീക്കുന്നു | Photo :  X / @ani_digital
അനധികൃത കയ്യേറ്റങ്ങള്‍ അധികൃതര്‍ പൊളിച്ചു നീക്കുന്നു | Photo : X / @ani_digital

ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനത്തിനടുത്തുള്ള മോസ്കിന് സമീപം അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടി അക്രമത്തിലേക്ക് നീങ്ങി. അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള സയ്യിദ് ഫൈസ് എലാഹി പള്ളിയുടെയും ശ്മശാനത്തിന്റെയും സമീപമുള്ള ഭൂമിയിൽ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (MCD) ഉദ്യോഗസ്ഥർ ബുധനാഴ്ച പുലർച്ചെ പൊളിക്കൽ നടപടികൾ നടത്തിക്കൊണ്ടിരിക്കെയാണ് അക്രമം ഉണ്ടായത്.

പൊളിക്കൽ നടപടികൾ നടത്തുമ്പോൾ ചില താമസക്കാർ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തുടർന്ന് താമസക്കാർ പോലീസ് സംഘങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. ആളുകൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് കണക്കിലെടുത്താണ് രാത്രിയിൽ ഒഴിപ്പിക്കലിനെത്തിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ നിധിൻ വാൾസൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കല്ലേറിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നതിനായി ഉദ്യോഗസ്ഥർ17 ബുൾഡോസറുകളാണ് എത്തിച്ചത്.

ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ 2025 നവംബറിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എം‌സി‌ഡി നടപടി സ്വീകരിച്ചത്, തുർക്ക്മാൻ ഗേറ്റിനടുത്തുള്ള രാംലീല മൈതാനത്തെ 38,940 ചതുരശ്ര അടി അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സിവിക് ബോഡിക്കും പൊതുമരാമത്ത് വകുപ്പിനും (PWD) മൂന്ന് മാസത്തെ സമയം നൽകിയിരുന്നു. 0.195 ഏക്കർ ഭൂമിക്ക് അപ്പുറമുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ ബാധ്യസ്ഥരാണെന്നും പള്ളിയുടെ മാനേജിങ് കമ്മിറ്റിയോ ഡൽഹി വഖഫ് ബോർഡോ ഭൂമിയുടെ ഉടമസ്ഥാവകാശമോ നിയമപരമായ കൈവശാവകാശമോ സ്ഥാപിക്കുന്നതിന് യാതൊരു രേഖാമൂലമുള്ള തെളിവുകളും ഹാജരാക്കിയിട്ടില്ലെന്നും ഡിസംബറിൽ എം‌സി‌ഡി പറഞ്ഞിരുന്നു. 0.195 ഏക്കർ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

കയ്യേറ്റങ്ങളിൽ റോഡിന്റെ ഭാഗങ്ങൾ, കാൽനടപ്പാത, പാർക്കിങ് ഏരിയ, ഒരു സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്റർ എന്നിവ ഉൾപ്പെടുന്നു. എം‌സി‌ഡി ഉദ്യോഗസ്ഥർ ജനുവരി 4 ന് സ്ഥലം സന്ദർശിച്ച് കയ്യേറിയ സ്ഥലം അടയാളപ്പെടുത്തിരുന്നു. അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ അധികാരികൾ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര നഗരവികസന മന്ത്രാലയം, എം‌സി‌ഡി, ഡൽഹി വഖഫ് ബോർഡ് എന്നിവരോട് പ്രതികരണം തേടി ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചു. 1940 ഫെബ്രുവരിയിൽ 0.195 ഏക്കർ ഭൂമി പാട്ടത്തിന് നൽകിയെന്നും പാട്ടക്കരാറിൽ ഉൾപ്പെട്ട ഭൂമിയിൽ യാതൊരു നടപടിയും നിർദ്ദേശിച്ചിട്ടില്ലെന്നും എം‌സി‌ഡി പറഞ്ഞു.

Content Highlights: Encroachment removal near Delhi`s Ramlila Maidan mosque escalates to violence. Five police officers injured as residents hurl stones during demolition drive ordered by Delhi High Court. Updates here.