അടിയെന്ന് പറഞ്ഞാൽ പൊരിഞ്ഞ അടി! സീറ്റിനെച്ചൊല്ലി തർക്കം, ഡൽഹി മെട്രോയിൽ സ്ത്രീകള്‍ തമ്മിൽത്തല്ലി

ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ ദൃശ്യം | Screengrab: x.com/gharkekalesh
ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ ദൃശ്യം | Screengrab: x.com/gharkekalesh

ന്യൂഡല്‍ഹി:  ഡല്‍ഹി മെട്രോ ട്രെയിനില്‍ സ്ത്രീകളുടെ തമ്മില്‍ത്തല്ല്. കഴിഞ്ഞദിവസങ്ങളിലാണ് രണ്ട് സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സീറ്റിനെച്ചൊല്ലിയാണ് രണ്ടുപേരും തമ്മില്‍ തര്‍ക്കമുണ്ടായതെന്നും ഇതാണ് അടിപിടിയില്‍ കലാശിച്ചതെന്നുമാണ് പ്രാഥമികവിവരം. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട്‌ചെയ്തു. 

സ്ത്രീകള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് പിന്നീട് അടിപിടിയില്‍ കലാശിച്ചത്. വാക്കേറ്റത്തിനൊടുവില്‍ ഇരുവരും തമ്മില്‍ പരസ്പരം മുടിയില്‍ പിടിച്ചുവലിക്കുകയും മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്തു. ഒരുഘട്ടത്തില്‍ സംഘര്‍ഷം രൂക്ഷമായി മല്‍പ്പിടിത്തത്തിനിടെ രണ്ടുപേരും സീറ്റിലേക്കും വീണു. ഇതിനിടെ പരസ്പരം ഒച്ചവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം കണ്ട് ചില യാത്രക്കാര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതിനിടെ ട്രെയിന്‍ ഒരു സ്റ്റേഷനില്‍നിര്‍ത്തി യാത്രക്കാര്‍ കയറുകയും ഇറങ്ങുകയുംചെയ്‌തെങ്കിലും സ്ത്രീകള്‍ അപ്പോഴൊന്നും അടിപിടി നിര്‍ത്തിയില്ല. അതേസമയം, ട്രെയിനില്‍ ഒട്ടേറെപ്പേര്‍ക്കുള്ള ഇരിപ്പിടം ഒഴിവുണ്ടെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് സീറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സാമൂഹികമാധ്യമങ്ങളിലടക്കം ഇരുവര്‍ക്കുമെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്. 
 

Content Highlights: A video of two women fighting inside a Delhi Metro train has gone viral.