'തർക്കം, രോഷാകുലയായി ഭാര്യ, കരഞ്ഞുകൊണ്ട് ജഡ്ജി'; ഡൽഹിയിലെ ജഡ്ജിയുടെ മരണത്തിൽ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഡൽഹിയിൽ ജഡ്ജിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡൽഹി ജുഡീഷ്യൽ സർവീസസ് ഓഫീസറായ അമാൻ കുമാർ ശർമ(30)യുടെ മരണത്തിലാണ് കുടുംബം ആരോപണമുന്നയിക്കുന്നത്. സംഭവദിവസം രാത്രി അമാൻ കുമാറും ഭാര്യയും തമ്മിൽ തർക്കമുണ്ടായെന്നും കഴിഞ്ഞ രണ്ടുമാസത്തോളമായി ഭാര്യയിൽനിന്ന് ഉപദ്രവം നേരിടേണ്ടിവന്നെന്ന് അമാൻ കുമാർ പറഞ്ഞിരുന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസമാണ് അമാൻ കുമാർ ശർമയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഇതുവരെ മറ്റു ദുരൂഹതകളില്ലെന്നും പോലീസ് പറഞ്ഞിരുന്നു.
അതേസമയം, ഏറെനാളായി അമാൻ ശർമ കടുത്ത സമ്മർദത്തിലായിരുന്നുവെന്നാണ് കുടുംബം പറഞ്ഞു. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ അമാൻ ശർമ പിതാവ് പ്രേംശർമയെ ഫോണിൽ വിളിച്ചിരുന്നു. താൻ ഏറെ വിഷമത്തിലാണെന്നും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമാണെന്നുമാണ് അമാൻ ശർമ പിതാവിനോട് പറഞ്ഞത്. രണ്ടുമാസമായി താൻ ഏറെ ഉപദ്രവം സഹിക്കുകയാണെന്നും പറഞ്ഞിരുന്നു. ഇതുകേട്ടതോടെ രാത്രിതന്നെ പിതാവ് പ്രേംശർമ മകന്റെ വീട്ടിലെത്തിയിരുന്നു. വീട്ടിൽവെച്ച് അമാൻ ശർമയും മരുമകളും തമ്മിൽ തർക്കമുണ്ടായെന്നും പ്രേംശർമ പറഞ്ഞു.
മകന്റെ ഭാര്യയും ജഡ്ജിയാണ്. അവരുടെ സഹോദരി ജമ്മുവിലെ ഐഎഎസ് ഉദ്യോഗസ്ഥയും. കഴിഞ്ഞദിവസം രാത്രി മകനും മരുമകളും തമ്മിൽ തർക്കമുണ്ടായി. മരുമകൾ രോഷാകുലയായി സംസാരിക്കുകയും മകനോട് ഉറക്കെ ആക്രോശിക്കുകയുംചെയ്തു. ഈ സമയം മകൻ കരയുകയായിരുന്നു. എന്നാൽ, പെട്ടെന്ന് എല്ലാം കെട്ടടങ്ങി. പിന്നീട് താൻ മകനെ തിരഞ്ഞ് മുറിയിലെത്തിയപ്പോൾ അവനെ മുറിയിൽ കണ്ടില്ല. ഫോണിൽ വിളിച്ചപ്പോൾ കുളിമുറിക്കുള്ളിൽനിന്ന് ഫോൺ റിങ് ചെയ്യുന്നത് കേട്ടു. പക്ഷേ, വാതിലിൽ മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായി. ഇതോടെ അയൽക്കാരെ വിവരമറിയിച്ചു. തുടർന്ന് കുളിമുറിക്ക് പിന്നിലെ വെന്റിലേറ്ററിന്റെ ചില്ല് തകർത്തുനോക്കിയതോടെയാണ് മകനെ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയതെന്നും പ്രേംശർമ പറഞ്ഞു. മകന്റെ മരണത്തിന് പിന്നാലെ വീട്ടിലെത്തിയ മരുമകളുടെ ബന്ധുക്കളിൽ ചിലർ പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെന്നും ഇദ്ദേഹം ആരോപിച്ചു.
അതേസമയം, കുടുംബാംഗങ്ങളുടെ മൊഴികളെല്ലാം രേഖപ്പെടുത്തിവരികയാണെന്ന് പോലീസ് പ്രതികരിച്ചു. മൊഴികൾ രേഖപ്പെടുത്തിയശേഷം ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Delhi Judicial Services officer Aman Kumar Sharma found dead in his bathroom., Family alleges long-term domestic harassment by his wife, also a judge., Father reported a heated argument occurred shortly before the incident., Police have initiated an investigation and are recording statements from family members., Initial police findings suggest suicide, but investigation continues into allegations.