‘എന്റെ കച്ചവടമല്ല വിഷയം, വ്യവസ്ഥകൾ മാറണം; ഞാൻ വിദ്യാർഥികൾക്ക് ഒപ്പമാണ്‌’- ദീപാങ്കർ പറയുന്നു

#ഷൈന്‍ മോഹന്‍
ജന്തർ മന്തറിലെ സി.ജെ.പിയുടെ സമരപ്പന്തലിന് അടുത്തുള്ള ദീപാങ്കറിന്റെ ചായക്കട | ഫോട്ടോ: ഷൈൻ മോഹൻ
ജന്തർ മന്തറിലെ സി.ജെ.പിയുടെ സമരപ്പന്തലിന് അടുത്തുള്ള ദീപാങ്കറിന്റെ ചായക്കട | ഫോട്ടോ: ഷൈൻ മോഹൻ

ന്യൂഡൽഹി: സമീപകാലങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത സമരവേലിയേറ്റങ്ങൾക്കാണ് ഡൽഹി ജന്തർ മന്തർ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ ഭാവിയെ നേരിട്ടു ബാധിക്കുന്ന, ഒരു പ്രശ്നത്തിന്റെ പരിഹാരംതേടി ആരുടെയും ആഹ്വാനങ്ങൾക്ക് കാത്തുനിൽക്കാതെ തെരുവിലിറങ്ങിയ യുവാക്കളാണ് രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കുന്നത്. ഭരണകൂടത്തിന്റെ ഭീഷണികൾക്കുമുന്നിൽ പതറാതെ, ഭീകരരെന്ന മുദ്രകുത്തലുകൾക്കുമുന്നിൽ പ്രകോപിതരാകാതെ, ലാത്തിയടികൾ സ്വയം ഏറ്റുവാങ്ങി അവർ പ്രതിഷേധത്തിന്റെ പുതിയ അധ്യായം രചിച്ചുകൊണ്ടിരിക്കുകയാണ്.

പ്രതിഷേധക്കാരുടെ സമരജ്വാല മാത്രമല്ല ഡൽഹിയുടെ തെരുവുകളെ സജീവമാക്കുന്നത്. യുവാക്കൾക്ക് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്ന് നേരിട്ടെത്തുന്നവർ, സമരക്കാർക്ക് ഓൺലൈൻ സംവിധാനംവഴി ഭക്ഷണം ഓർഡർ ചെയ്ത് പരോക്ഷമായി സമരത്തിൽ പങ്കെടുക്കുന്നവർ, സമരംചെയ്യുന്ന മക്കൾക്ക് പിന്തുണയുമായി അവർക്കൊപ്പം റോഡിൽ കുത്തിയിരിക്കുന്ന മാതാപിതാക്കൾ, ജന്തർമന്തറിൽ സ്വമേധയാ ശുചീകരണ പ്രവർത്തനം നടത്തുന്ന സന്നദ്ധ പ്രവർത്തകർ, സൗജന്യ കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നവർ... അങ്ങനെ നിരവധി മനുഷ്യർ. ജന്തർ മന്തറിലെ തെരുവുകച്ചവടക്കാരും റിക്ഷാവാലകളുമടക്കം കുട്ടികളുടെ സമരത്തെ പിന്തുണയ്ക്കുന്നു, ആശീർവദിക്കുന്നു.

ജന്തർമന്തറിൽ കഴിഞ്ഞ 45 വർഷമായി ചായക്കച്ചവടം നടത്തുകയാണ് ദീപാങ്കർ. 'എന്റെ കച്ചവടം കൂടിയതുകൊണ്ടല്ല സമരക്കാരെ ഞാൻ പിന്തുണയ്ക്കുന്നത്. എല്ലായിടത്തും അഴിമതിയാണ്. ഈ വ്യവസ്ഥകൾ മാറേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാൻ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നത്', അയാൾ പറയുന്നു. സി.ജെ.പിയുടെ സമരപ്പന്തലിന് തൊട്ടടുത്താണ് ദീപാങ്കറിന്റെ ചായക്കട. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് പിന്നിലെ മതിലിൽ എഴുതിവെച്ചിരിക്കുന്നതും കാണാം.

സമരംചെയ്യുന്ന യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായെത്തുന്ന സ്കൂൾ വിദ്യാർഥികളെയും ജന്തർമന്തറിലെ സമരഭൂമിയിൽ കണ്ടു. പാറ്റകൾക്ക് പിന്തുണയുമായി എത്തിയ മൂന്ന് സ്കൂൾ വിദ്യാർത്ഥിനികൾ. അവർ സ്കൂളിൽനിന്ന് ജന്തർമന്തറിൽ എത്തിയതുതന്നെ ഒരു കഥയാണ്. ഇവിടേക്ക് വരാനായി മെട്രോ സ്റ്റേഷനിൽ എത്തി. എന്നാൽ, സമരത്തെ നേരിടാൻ രണ്ടുദിവസമായി 16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്. അതിനാൽ ഇവർക്ക് സമരസ്ഥലത്തിന് അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് ടിക്കറ്റ് നൽകിയില്ല. പകരം ടിക്കറ്റ് കൗണ്ടറിൽ ഇരുന്നയാൾ സമരത്തിൽ പങ്കെടുക്കാൻ പോകാനായി, തന്റെ പിന്തുണകൂടി അറിയിച്ചുകൊണ്ട് ഇവർക്ക് യാത്രാച്ചെലവിനുള്ള പൈസ കൊടുത്തു. അങ്ങനെയാണ് ഇവർ സമരസ്ഥലത്ത് എത്തിയത്.

കക്ഷിരാഷ്ട്രീയത്തിനും ജാതി, മത, വർഗ വേർതിരിവുകൾക്കും അതീതമായുള്ള കൂടിച്ചേരലാണ് ഡൽഹിയിൽ സംഭവിക്കുന്നത്. ഒരു കൊടിയുടെയും കീഴലല്ലാതെ നൈസർഗികമായ പ്രതിഷേധജ്വാല. രാജ്യത്തിന്റെ വിദ്യാഭ്യാസരംഗത്തെയും തൊഴിൽ മേഖലയേയും നേരിട്ടു ബാധിക്കുന്ന, യുവജനങ്ങളുടെ ഭാവിയെ നിശ്ചയിക്കുന്ന പ്രശ്നങ്ങളുടെ പേരിലുള്ള സമരം. അതുവഴി രാജ്യത്തിന്റെ ഭാഗധേയത്തെ തന്നെ നിശ്ചയിക്കുന്ന മുന്നേറ്റമായി അത് മാറുന്നു. ദീപാങ്കർ പറഞ്ഞതുപോലെ വ്യവസ്ഥകൾ മാറുന്നതിനായുള്ള ക്ഷോഭിക്കുന്ന യുവത്വത്തിന്റെ കത്തിപടരലാണത്.

Content Highlights: Spontaneous, non-partisan youth movement at Jantar Mantar., Widespread public solidarity including parents, vendors, and students., Demands for systemic change in education and employment sectors., Resilience against government pressure and metro station closures., Focus on the 2026 socio-political climate in Delhi.