അപകടകാരികളായ നായകളെ നിരോധിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുക്കണം- ഡൽഹി ഹൈക്കോടതി

റോട്ട്‍വീലർ നായ - പ്രതീകാത്മക ചിത്രം | ഫോട്ടോ: X (twitter) @mistylynchcfp
റോട്ട്‍വീലർ നായ - പ്രതീകാത്മക ചിത്രം | ഫോട്ടോ: X (twitter) @mistylynchcfp

ന്യൂഡൽഹി: റോട്ട്‌വീലർ, പിറ്റ്ബുൾ, ടെറിയേർസ്, അമേരിക്കൻ ബുൾഡോഗ് തുടങ്ങി ഒരു ഡസനിലധികം നായകളെ വളർത്തുന്നത് നിരോധിക്കണമെന്ന ആവശ്യത്തിൽ ഉടൻ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി. മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കാനാണ് നിർദേശം. ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിർദേശം നൽകിയത്.

ലീഗൽ അറ്റോർണീസ് ആൻഡ് ബാരിസ്റ്റർ ലോ ഫേം ആണ് ചില വിഭാഗം നായകളുടെ നിരോധനവും ഇതുവരെ ഈ നായകളെ വളർത്തുന്നതിന് അനുവദിച്ച ലൈസൻസുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. പിറ്റ്ബുൾ, ടെറിയേർസ്, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ, ജാപ്പനീസ് ടോസ, ബാൻഡോഗ്, നിയപോളിറ്റൻ മാസ്റ്റിഫ്, വോൾഫ് ഡോഗ്, ബോർബോൽ, പ്രെസോ കനാറിയോ, ഫില ബ്രാസിലേറിയോ, ടോസ ഇനു, കെയിൻ കോർസൊ, ഡോഗോ അർജന്റിനോ എന്നീ വിഭാഗത്തിൽ പെട്ട നായകളെയും അവയുടെ ക്രോസ് ബ്രീഡുകളെയും നിരോധിക്കണമെന്നാണ് ആവശ്യം. 

ഈ ആവശ്യം ഉന്നയിച്ച് ഒക്ടോബർ മാസം ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. എന്നാൽ ഹർജിക്കാർക്ക് കേന്ദ്രസർക്കാരിനെ ആവശ്യമുന്നയിച്ച് സമീപിക്കാമെന്നാണ് ഹൈക്കോടതി അന്ന് പറഞ്ഞത്. തുടർന്ന് കേന്ദ്രസർക്കാരിന് ഹർജിക്കാർ നിവേദനം നൽകിയിരുന്നു. നിവേദനത്തിൽ കഴിവതും മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നാണ് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തിൽ നിവേദനത്തിൽ തീരുമാനമെടുക്കാനാണ് നിർദേശം. 

ഈ വിഭാഗത്തിൽപ്പെട്ട നായകൾ അപകടകാരികളാണെന്നും 12-ഓളം രാജ്യങ്ങളിൽ ഇവയെ നിരോധിച്ചിട്ടുണ്ടെന്നും ഹർജിക്കാരുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. കായബലമുള്ള ഇന്ത്യൻ ഇനം നായകളെ വളർത്തുന്നത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഹൈക്കോടതി നിരീക്ഷിച്ചു. കാലാവസ്ഥയുമായി പൊരുത്തപ്പെട്ട ഇന്ത്യൻ ഇനം നായകൾക്ക് അടിക്കടി അസുഖം ഉണ്ടാകാറില്ലെന്നും കോടതി നിരീക്ഷിച്ചു.

Content Highlights: Delhi high court says centre to decide plea to ban license for keeping dangerous dogs within 3 month