ചോദ്യപേപ്പർ ചോർച്ച: ഫാസ്റ്റ്ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി,അനു ഗ്രോവർ ബലിഗ സ്പെഷ്യൽ ജഡ്ജി

ഡൽഹി ഹൈക്കോർട്ട് | ഫോട്ടോ: ANI
ഡൽഹി ഹൈക്കോർട്ട് | ഫോട്ടോ: ANI

ന്യൂഡൽഹി: ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ച് വിജ്ഞാപനം പുറത്തിറങ്ങി. ഡൽഹി ഹൈക്കോടതിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. ചോദ്യ പേപ്പർ ചോർച്ചയുമാ യി ബന്ധപ്പെട്ട കേസുകളാണ് കോടതി പരിഗണിക്കുക.   അനു ഗ്രോവർ ബലിഗയാണ് സ്പെഷ്യൽ ജഡ്ജി. പബ്ലിക് എക്സാമിനേഷൻസ് ആക്ട്, 2024 (Public Examinations Act, 2024) പ്രകാരമുള്ള കുറ്റകൃത്യങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് ക്രിമിനൽ കേസുകളും ഈ കോടതിയിലായിരിക്കും വിചാരണ ചെയ്യുക.

ചോദ്യപേപ്പർ ചോർച്ചാ കേസുകളിൽ ദ്രുതഗതിയിലുള്ള വിചാരണയും കർശനമായ ശിക്ഷാനടപടികളും ഉറപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നടപടി ഉണ്ടായത്. പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം പ്രായോഗികമാക്കുന്ന രാജ്യത്തെ ആദ്യ കോടതികളിൽ ഒന്നാണ് ഡൽഹി ഹൈക്കോടതി. പരീക്ഷാ ക്രമക്കേടുകളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
 

ഡൽഹിയിലെ റൗസ് അവന്യൂ കോടതി സമുച്ചയത്തിലാണ് ഈ പ്രത്യേക അതിവേഗ കോടതി പ്രവർത്തിക്കുക, ഇതിന് ഉടനടി പ്രാബല്യമുണ്ടാകുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷകളിലെ മറ്റ് അന്യായമായ മാർഗങ്ങളും സംബന്ധിച്ച ക്രിമിനൽ കേസുകൾ മാത്രമായിരിക്കും ഈ കോടതി സവിശേഷമായി കൈകാര്യം ചെയ്യുന്നത്. പൊതു റിക്രൂട്ട്‌മെന്റ്, പ്രവേശന പരീക്ഷകൾ എന്നിവയുടെ വിശ്വാസ്യതയും സുതാര്യതയും നിലനിർത്താൻ ഇത്തരം നടപടികൾ അത്യാവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നീറ്റ് (NEET) പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സംവിധാനം നിലവിൽ വരുന്നത്.

യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ലെന്നാണ് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ പ്രതികരിച്ചത്. യുവാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കുറ്റവാളികൾക്ക് അതിവേഗത്തിലും കഠിനവുമായ ശിക്ഷ ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അധികാരികൾക്കും കർശന നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടില്ലെന്നും ചോദ്യപേപ്പർ ചോർച്ചാ കേസുകളിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും അവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Following Prime Minister Narendra Modi's announcement, the Delhi High Court has designated Judge Anu Grover Baliga's court at Rouse Avenue as a specially designated fast-track court to exclusively trial exam paper leak cases.