ഡൽഹി പ്രതിഷേധം; പീസ് ബോണ്ടിനെതിരായ നേഹ ബോറയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

#ന്യൂസ് ഡെസ്ക്
നേഹ ബോറ |ഫോട്ടോ:PTI
നേഹ ബോറ |ഫോട്ടോ:PTI

ന്യൂഡൽഹി: പീസ് ബോണ്ട് വിഷയത്തിൽ ഐസ പ്രസിഡന്റ് നേഹ ബോറയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ക്രമസമാധാനം പാലിക്കുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ജാമ്യക്കാരനെയും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് അയച്ച നോട്ടീസിനെതിരെയാണ് നേഹ കോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ചാണ് നേഹയുടെ റിട്ട് ഹർജി നിരസിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഒക്ടോബർ 16-ന് മാണ്ഡി ഹൗസിൽ നടന്ന പ്രതിഷേധത്തിനിടെ നേഹ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് അന്വേഷണ കാലയളവിൽ സമാധാനം നിലനിർത്തുന്നതിനായി 10,000 രൂപയുടെ ബോണ്ട് സമർപ്പിക്കാൻ ഡൽഹി സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇവരോട് ആവശ്യപ്പെടുകയായിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 126, 130, 135(3) എന്നിവ പ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്. ഈ നടപടിയെ ചോദ്യം ചെയ്താണ് നേഹ ബോറ ഹൈക്കോടതിയെ സമീപിച്ചത്.

നേഹ ബോറയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും ജനാധിപത്യത്തിൽ ഭരണമാറ്റം ആവശ്യപ്പെടുന്നതിൽ തെറ്റൊന്നുമില്ലെന്നും വാദിച്ചു. എന്നാൽ, നിരോധനാജ്ഞ ലംഘിച്ചുള്ള പ്രതിഷേധങ്ങളും മുദ്രാവാക്യം വിളികളും കണക്കിലെടുത്താണ് സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ മുൻകരുതൽ നടപടിയെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ ചൂണ്ടിക്കാട്ടി

ഹർജി തള്ളിയെങ്കിലും അന്വേഷണ നടപടികളിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ മജിസ്ട്രേറ്റിന് കോടതി നിർദ്ദേശം നൽകി. കേസിനാസ്പദമായ എല്ലാ വിവരങ്ങളും രേഖകളും ഹർജിക്കാരിക്ക് നൽകണമെന്നും നടപടിക്രമങ്ങളിൽ കൃത്യത പാലിക്കണമെന്നും നിർദ്ദേശിച്ചുകൊണ്ടാണ് കോടതി ഹർജി തള്ളിയത്.

Content Highlights: Delhi high court dismisses Neha Bora's plea against police notice for a peace bond in protest-related case.