മഞ്ഞും മലിനീകരണവും, കാഴ്ച മറഞ്ഞും ശ്വാസം മുട്ടിയും ഡൽഹി; ട്രെയിൻ - വിമാനസർവീസുകൾ തടസ്സപ്പെട്ടു

ന്യൂഡൽഹി: കാഴ്ച പൂർണമായും തടസ്സപ്പെടുത്തി ഞായറാഴ്ച രാവിലെ ഡൽഹിയിലും സമീപനഗരങ്ങളിലും കടുത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി. കൂടാതെ, രൂക്ഷമായി തുടരുന്ന വായു മലിനീകരണത്തിൽ ഡൽഹി അക്ഷരാർഥത്തിൽ ശ്വസം മുട്ടി. രാവിലെ ഏഴ് മണിക്ക് എയർ ക്വാളിറ്റി ഇൻഡെക്സ് (AQI) 439 ൽ എത്തി. വായുവിന്റെ ഗുണനിലവാരം കൂടുതൽ വഷളായതിനെ തുടർന്ന് ഏറ്റവും കർശനമായ മലിനീകരണ വിരുദ്ധ നടപടികളായ GRAP-IV പ്രകാരം ശനിയാഴ്ച അധികാരികൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
സഫ്ദർജംഗിൽ കാഴ്ച പൂർണമായി തടസ്സപ്പെട്ടതായി കാലാവസ്ഥാവകുപ്പ് (IMD) റിപ്പോർട്ട് ചെയ്തു. പാലം മേഘലയിൽ കാഴ്ചപരിധി100 മീറ്റർ ആയിരുന്നു. കനത്ത മൂടൽമഞ്ഞ് കാരണം എയർ ഇന്ത്യയും ഇൻഡിഗോയും ഉൾപ്പെടെയുള്ള നിരവധി എയർലൈനുകൾ സർവീസുകൾക്ക് തടസ്സം നേരിട്ടേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ 24ന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും മൂടൽമഞ്ഞ് ബാധിച്ചു. ഇവിടെനിന്ന് നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ 35 ശതമാനവും ഏറെ വൈകിയാണ് ടേക്ക് ഓഫ് ചെയ്യുന്നത്. അതുപോലെ എത്തിച്ചേരുന്ന വിമാനങ്ങൾക്ക് 27 ശതമാനം വിമാനങ്ങളുടെയും ലാൻഡിങ് വൈകുന്നുണ്ട്. കാഴ്ചയെ ബാധിക്കുന്നുണ്ടെങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലാണെന്ന് രാവിലെ 8 മണിക്ക് ഡൽഹി വിമാനത്താവളം ട്വീറ്റ് ചെയ്തു.
ഡൽഹി-എൻസിആർ കൂടാതെ, ബറേലി, ലക്നൗ, കുഷിനഗർ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞിൽ കാഴ്ച പൂർണമായും മറഞ്ഞു. അമൃത്സറിലും ഗോരഖ്പൂരിലും 100 മീറ്ററും പ്രയാഗ് രാജിൽ 200 മീറ്ററും ആയിരുന്നു കാഴ്ചപരിധി. മൂടൽമഞ്ഞ് ഡസൻ കണക്കിന് ട്രെയിനുകളെയും ബാധിച്ചു. കാലതാമസം 12 മണിക്കൂർ വരെ നീണ്ടു. രാജധാനി, ദുരന്തോ, ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ പ്രമുഖ ട്രെയിനുകൾ ഇതിൽ ഉൾപ്പെടുന്നു.
ഡൽഹിയിൽ ശനിയാഴ്ച 4.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഇത് ഇവിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണ്. സീസണിലെ ശരാശരിയേക്കാൾ 3.2 ഡിഗ്രി താഴെയായിരുന്നു താപനില. ജനുവരി 17 മുതൽ 20 വരെ ഏറ്റവും കുറഞ്ഞ താപനില ക്രമേണ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും വരും ദിവസങ്ങളിൽ നേരിയ ശൈത്യകാല മഴയ്ക്ക് സാധ്യതയുണ്ടെന്നും സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്കൈമെറ്റ് വെതറിലെ ഉദ്യോഗസ്ഥനായ മഹേഷ് പാലാവട്ട് പറഞ്ഞു. ജനുവരി 23 നും 26 നും ഇടയിൽ വീണ്ടും തണുപ്പ് കാലം പ്രവചിക്കപ്പെട്ടിട്ടുണ്ടെന്നും അപ്പോൾ താപനില വീണ്ടും കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Dense fog blankets Delhi & NCR, causing flight & train delays. Air Quality Index (AQI) hits 439, triggering strict pollution controls.