നഷ്ടപരിഹാരത്തിൽ തർക്കം, വീട് നടുറോഡിൽ; ഡൽഹി-ദെഹ്റാദൂൺ എക്സ്പ്രസ് വേയിലെ ‘നെയിൽ ഹൗസ്’

#ന്യൂസ് ഡെസ്ക്
ഡല്‍ഹി-ദെഹ്‌റാദൂണ്‍ പാതയിലെ സര്‍വീസ് റോഡിലേക്കിറങ്ങുന്ന വഴിയിലെ വീട്‌
ഡല്‍ഹി-ദെഹ്‌റാദൂണ്‍ പാതയിലെ സര്‍വീസ് റോഡിലേക്കിറങ്ങുന്ന വഴിയിലെ വീട്‌

ന്യൂഡൽഹി: 2025ൽ-ചൈനയിലെ കിഴക്കൻ ജിയാങ്സി പ്രവിശ്യയിലെ ജിൻക്‌സി കൗണ്ടിയിൽ ജി206 ഹൈവേയുടെ നിർമ്മാണത്തിനായി തന്റെ ഭൂമി വിട്ടുകൊടുക്കാൻ ഷാങ്ഹായ് ടോഫു എന്ന കച്ചവടക്കാരൻ സമ്മതിച്ചില്ല. ഹൈവേ നിർമാണം പൂർത്തിയായി, പക്ഷേ അദ്ദേഹത്തിന്റെ വീട് അതേപടി അവിടെത്തന്നെ നിലകൊണ്ടു. അധികാരികൾക്ക് റോഡ് മാറ്റി സ്ഥാപിക്കേണ്ടി വന്നു. പക്ഷേ ഷാങ്ഹായ് ടോഫുവിന്റെ വീടിന് ചുറ്റുമായിട്ടാണ് ഹൈവേ നിർമിച്ചത്. പിന്നീട് ഈ കെട്ടിടം നൈൽ ഹൗസ് എന്നറിയപ്പെട്ടു. ചൈനയിൽ ഇത്തരത്തിൽ നിരവധി നൈൽ ഹൗസുകളുണ്ട്.

ഇപ്പോൾ, ഇന്ത്യയിലും സമാനമായ 'നെയിൽ ഹൗസ്' ഉയർന്നുവന്നിരിക്കുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ മൻഡോല ഗ്രാമത്തിലെ ഒരു വീടാണ് ഡൽഹി-ദെഹ്‌റൂദൂൺ എക്‌സ്പ്രസ് വേയുടെ നിർണായക ഭാഗത്തിന് തടസ്സമായി നിൽക്കുന്നത്. ഏപ്രിൽ 14-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി ഉദ്ഘാടനം ചെയ്‌തെങ്കിലും, 213 കിലോമീറ്റർ നീളുന്ന പാതയിൽ 'സ്വാഭിമാൻ' എന്ന പേരുള്ള ഒരു വീട് സർവീസ് റോഡിലേക്കിറങ്ങുന്ന വഴിയിൽ  നിൽക്കുന്നുണ്ട്.

213 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി- ദെഹ്‌റൂദൂൺ എക്‌സ്പ്രസ് വേ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഏകദേശം 6 മണിക്കൂറിൽ നിന്ന് 2 മുതൽ 2.5 മണിക്കൂറായി ചുരുക്കും. ഏകദേശം 1,600 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന രണ്ട് നിലകളുള്ള ഒരു വീടാണ് ഈ പാതയിൽ നൈൽ ഹൗസായി നിലകൊള്ളുന്നത്.

വീടിനെച്ചൊല്ലിയുള്ള ഭൂമി തർക്കം 1998 മുതൽ നിലവിലുണ്ട്. ചതുരശ്ര മീറ്ററിന് 1,100 രൂപയായിരുന്നു അധികൃതർ നഷ്ടപരിഹാരം പറഞ്ഞിരുന്നത്. എന്നാൽ ഉയർന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമകൾ കോടതിയെ സമീപിച്ചു.

2020-ലാണ് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ എക്‌സ്പ്രസ്സ് വേ നിർമാണം ആരംഭിച്ചത്. ദെറാദൂണിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മൻഡോലയിൽ ഇറങ്ങി ലോണിക്ക് സമീപമുള്ള പഞ്ചലോക്കിലേക്ക് പോകാൻ ഒരു സർവീസ് റോഡ് നിർമ്മിക്കുന്നതിനായി ഈ ഭൂമി അധികൃതർക്ക് ആവശ്യമായിരുന്നു.

അലഹബാദ് ഹൈക്കോടതിയിൽ തർക്കം നിലനിന്നിരുന്ന സമയത്ത്, വീട് പൊളിച്ചുമാറ്റുമെന്ന ഭീഷണിയെത്തുടർന്ന് ഉടമകൾ 2024-ൽ സുപ്രീം കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. വീട് പൊളിച്ചുമാറ്റുന്നതിനോ കൂടുതൽ നിർമ്മാണം നടത്തുന്നതിനോ വിലക്കേർപ്പെടുത്തി സ്റ്റാറ്റസ് ക്വോ നിലനിർത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചു. കേസ് വേഗത്തിൽ കേൾക്കാൻ ഹൈക്കോടതിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: A residential house named 'Swabhiman' in Mandola village is obstructing the Delhi-Dehradun Expressway service road