സിജെപി പ്രതിഷേധം; വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് തോക്ക് പ്രയോഗിച്ചു, റിപ്പോർട്ടുകൾ പുറത്ത്

ന്യൂഡൽഹി: ജൂലൈ 20-ന് ഡൽഹിയിൽ നടന്ന 'ചലോ സൻസദ്' മാർച്ചിൽ പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതായി സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നു. ജമ്മു കശ്മീരിൽ ഉപയോഗിച്ചിരുന്ന പെല്ലറ്റ് തോക്കുകൾ രാജ്യതലസ്ഥാനത്തും പ്രയോഗിച്ചുവെന്ന പ്രതിഷേധക്കാരുടെ ആരോപണത്തിന് ബലം നൽകുന്നതാണ് സഫ്ദർജംഗ് ആശുപത്രിയിലെയും ലേഡി ഹാർഡിംഗ് ആശുപത്രിയിലെയും ചികിത്സാ രേഖകൾ. പ്രതിഷേധത്തിൽ പങ്കെടുത്ത 25 വയസ്സുകാരനായ യുവാവിന്റെ ശരീരത്തിൽ 20-ഓളം പെല്ലറ്റ് മുറിവുകൾ കണ്ടെത്തി. ഇയാളുടെ മെഡിക്കോ-ലീഗൽ രേഖകളിൽ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതായി വ്യക്തമാക്കുന്നുണ്ട്. ഷെയ്ഖ് ഇർഷാദ് മൻസൂരി എന്ന മറ്റൊരു യുവാവിന്റെ മുഖത്തും നെഞ്ചിലും കഴുത്തിലുമായി നിരവധി പെല്ലറ്റുകൾ തറച്ചു. ഒരു പെല്ലറ്റ് ഇയാളുടെ കഴുത്തിലെ പ്രധാന രക്തക്കുഴലിന് തൊട്ടടുത്താണ് ഇരിക്കുന്നത്.
പരിക്കേറ്റ 19 വയസ്സുകാരനായ പ്രതിഷേധക്കാരന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ 99 ശതമാനം സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. 'ചൂടുള്ള ലോഹം ശരീരത്തിൽ തുളച്ചുകയറുന്നതുപോലെയാണ് തോന്നിയത്. കശ്മീരിൽ മാത്രമേ ഇത്തരം തോക്കുകൾ ഉപയോഗിക്കൂ എന്നാണ് ഞാൻ കരുതിയത്,' എന്ന് പരിക്കേറ്റ ഒരു യുവാവ് പറഞ്ഞു. ജന്തർ മന്തറിന് സമീപം നടന്ന സംഘർഷത്തിനിടെ പോലീസ് നേരിട്ട് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
എന്നാൽ, പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചുവെന്ന വാർത്തകൾ ഡൽഹി പോലീസ് പൂർണ്ണമായും നിഷേധിച്ചു. ഡൽഹി പോലീസിന്റെ പക്കൽ പെല്ലറ്റ് തോക്കുകൾ ഇല്ലെന്നും ഇത്തരം വാർത്തകൾ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പോലീസ് എക്സിൽ കുറിച്ചു. ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ ഡൽഹി ഹൈക്കോടതി നിർണ്ണായകമായ ഇടപെടൽ നടത്തിയിട്ടുണ്ട്. ജൂലൈ 20-ന് ജന്തർ മന്തറിന് സമീപം നടന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ വീഡിയോ തെളിവുകളും, സിസിടിവി ദൃശ്യങ്ങളും സുരക്ഷിതമായി സംരക്ഷിക്കാൻ കോടതി ഡൽഹി പോലീസിന് കർശന ഉത്തരവ് നൽകി. പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ( ആർപിഎഫ്) പ്രതിഷേധക്കാർക്ക് നേരെ അമിത ബലപ്രയോഗം നടത്തിയെന്ന പരാതികളെ തുടർന്നാണ് കോടതി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
സംഭവത്തിൽ സിആർപിഎഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെല്ലറ്റ് തോക്ക് ആർപിഎഫ് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിദ്യാർത്ഥി പ്രതിഷേധങ്ങൾ നേരിടാൻ ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കേന്ദ്രസർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശം മറികടന്ന് റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് പ്രവർത്തിച്ചിട്ടുണ്ടോ എന്ന് സിആർപിഎഫ് നേതൃത്വം പരിശോധിക്കുന്നുണ്ട്. സിആർപിഎഫിന്റെ ഭാഗമായ ആർപിഎഫിന്റെ പക്കൽ പെല്ലറ്റ് ഗണ്ണുകൾ ഉണ്ടായിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
Content Highlights: Medical records from Safdarjung and Lady Hardinge hospitals confirm pellet injuries on protesters., Delhi Police officially denied the use of pellet guns during the protest., Delhi High Court has ordered the preservation of all CCTV footage and video evidence., CRPF has launched an inquiry into whether the Rapid Action Force (RAF) used pellet guns., Protesters allege direct firing near Jantar Mantar during the July 20 incident.