സ്‌ഫോടനം നടന്ന കാറിന്റെ ഉടമയെ കണ്ടെന്ന് പോലീസ്, കാര്‍ വിറ്റതാണെന്ന് മൊഴി; പിന്നില്‍ ജെയ്ഷെ-മുഹമ്മദ്?

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം ഞായറാഴ്ച വൈകിട്ട് ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ ഉഗ്രസ്‌ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ജെയ്ഷെ-മുഹമ്മദാണെന്ന് സൂചനകള്‍. സ്‌ഫോടനത്തിന് മുന്‍കാല ആക്രമണങ്ങളുമായി, പ്രത്യേകിച്ച് പുല്‍വാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്ന് പ്രാഥമിക തെളിവുകൾ നൽകുന്ന സൂചന. ഏകദേശം മൂന്ന് മാസത്തെ ഇടവേളകളില്‍ നടത്തിയ പഹല്‍ഗാം ആക്രമണത്തിന് സമാനമായി മറ്റൊരു ആക്രമണം നടത്താന്‍ ജെയ്ഷെ-മുഹമ്മദ് വീണ്ടും ശ്രമിച്ചിരിക്കാമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഈ വര്‍ഷം ഏപ്രിലില്‍ 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരസംഘടനയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതിന്റെ സൂചനയാണ് ലഭിക്കുന്നത്. ഇതിനുശേഷം മൂന്ന് മാസത്തിനുള്ളില്‍ 2025 ജൂലായില്‍ ഭീകരരെ തുരത്താനായി സൈന്യം മഹാദേവ് ഓപ്പറേഷനും നടത്തി. ഇന്ത്യന്‍ സൈന്യം ജെയ്ഷെ ഭീകരരെ കണ്ടെത്തി വധിക്കുന്ന സമയത്ത് അവര്‍ മറ്റൊരു ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെങ്കിലും, ജെയ്ഷെ-മുഹമ്മദിന്റെ പ്രവര്‍ത്തനരീതിയുമായുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്. എന്തെങ്കിലും നിഗമനത്തിലെത്തുന്നതിന് പഴയ കേസ് ഫയലുകള്‍ വീണ്ടും പരിശോധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനം നടന്ന സ്ഥലത്ത് ഗര്‍ത്തങ്ങളൊന്നും രൂപപ്പെട്ടിട്ടില്ല, ഇത് 'നിയന്ത്രിത' സ്‌ഫോടനമായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. ഇരകളുടെ ശരീരത്തില്‍ നിന്ന് ആണികളോ വയറുകളോ ലോഹക്കഷണങ്ങളോ കണ്ടെത്താനായില്ല, ഇത് സാധാരണയായി ഉപയോഗിക്കുന്ന ചീളുകള്‍ നിറഞ്ഞ ഐഇഡി സ്‌ഫോടനമല്ലെന്ന് വ്യക്തമാക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എങ്കിലും, ജെയ്ഷെ-മുഹമ്മദ് ബന്ധത്തിനപ്പുറമുള്ള എല്ലാ സാധ്യതകളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകം, കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗുഡ്ഗാവ് സ്വദേശിയെ പോലീസ് കണ്ടെത്തി. വാഹനം മറ്റൊരാള്‍ക്ക് വിറ്റതായി വാഹന ഉടമ അന്വേഷണത്തിനിടെ അവകാശപ്പെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട വാഹനത്തിന്റെ ഇപ്പോഴത്തെ ഉടമയെ കണ്ടെത്താന്‍ പോലീസ് ആര്‍ടിഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്. ഊഹാപോഹങ്ങളിൽ അധിഷ്ഠിതമായ നിഗമനങ്ങള്‍ക്ക് പകരം ഫോറന്‍സിക് തെളിവുകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
Content Highlights: Police identify Delhi blast car owner; owner claims car was sold. Investigation suggests possible Jaish-e-Mohammed involvement. Forensics crucial.