നഗ്നനാക്കി ക്രൂരമര്‍ദനം, ദേഹത്ത് മൂത്രമൊഴിച്ചു; ഉത്തര്‍പ്രദേശില്‍ ദളിത് യുവാവ് ആത്മഹത്യ ചെയ്തു

ലക്നൗ: ക്രൂരമായ ശാരീരിക പീഡനത്തിലും അധിക്ഷേപത്തിലും മനംനൊന്ത് ഉത്തര്‍പ്രദേശില്‍ ദളിത് ബാലന്‍ (17) ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബസ്തിയിലാണ് സംഭവം. നാട്ടില്‍ ഒരു ജന്മദിനാഘോഷത്തിനിടെയാണ് ബാലനെ നാലുപേർ ചേര്‍ന്ന് നഗ്നനാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
ഡിസംബര്‍ 20- ന് നടന്ന ജന്മദിന പരിപാടിയിലേക്ക് ക്ഷണം ലഭിച്ചാണ് മകന്‍ പോയതെന്ന് കുടുംബം പറയുന്നു. ഉപദ്രവമേല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത ആക്രമകാരികള്‍ കുട്ടിയേക്കൊണ്ട് നിര്‍ബന്ധിച്ച് തുപ്പല്‍ നക്കിയെടുപ്പിക്കുകയും ചെയ്തുവെന്നും കുടുംബം ആരോപിക്കുന്നു.
മാനസികമായി തകര്‍ന്ന കുട്ടി വീട്ടില്‍ തിരിച്ചെത്തുകയും മാതാപിതാക്കളോട് സംഭവം പറയുകയും ചെയ്തു. ഇതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്. പിന്നാലെ മൃതദേഹവുമായി പോലീസ് സ്‌റ്റേഷനിലെത്തിയ കുടുംബം സംഭവത്തില്‍ അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തില്‍ കേസെടുക്കാനും നടപടി സ്വീകരിക്കാനും അധികൃതര്‍ ആദ്യം തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു. തുടര്‍ന്ന് മൃതദേഹവുമായി ബസ്തി പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലെത്തി പ്രതിഷേധിച്ചു.
കുടുംബത്തിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് സൂപ്രണ്ട് പ്രദീപ് കുമാര്‍ ത്രിപാതി അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. ദിശ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാം. നമ്പര്‍ 1056, 0471-2552056)
Content Highlights: 17-year-old Dalit boy in Uttar Pradesh died by suicide after being brutally assaulted and humiliated