‘മോൻതാ’ ആന്ധ്രാ തീരം തൊട്ടു; 110 കി.മീ വേഗം, അതിശക്ത മഴയ്ക്ക് സാധ്യത; ജനങ്ങളെ ഒഴിപ്പിച്ചു, 61 ട്രെയിനുകൾ റദ്ദാക്കി

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത്. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കാക്കി ഗ്രാമത്തിനുമിടയ്ക്കായാണ് മോൻതാ കരതൊട്ടത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കാറ്റ് പൂർണമായും കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 90-100 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ആന്ധ്രാപ്രദേശ്, യാനം, തെക്കൻ ഒഡീഷ തീരങ്ങളിലാണ് നിലവിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മധ്യ, വടക്കൻ ആന്ധ്രാപ്രദേശിൽ മണിക്കൂറിൽ 92 മുതൽ 117 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിലെ 39 മണ്ഡലങ്ങളിൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. ദുരിതബാധിതർക്ക് ആവശ്യമായ സഹായം നൽകാൻ മുഖ്യമന്ത്രി എൻ. ചന്ദ്ര ബാബു നായിഡു എംഎൽഎമാർക്കും എംപിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
ഒക്ടോബർ 29-ന് വൈകുന്നേരം മുതൽ പുലർച്ചെ വരെ തെക്കൻ ഒഡീഷയിലും തെക്കൻ ഛത്തീസ്ഗഢിലും കിഴക്കൻ തെലങ്കാനയിലും ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് 61 ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ചില ട്രെയിനുകൾ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ചിലത് വഴിതിരിച്ചുവിട്ടതായും റിപ്പോർട്ട്. ആന്ധ്രാ തീരത്തുനിന്ന് മുൻകരുതൽ നടപടിയെന്നോണം ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഏഴ് ജില്ലകളിൽ ആന്ധ്രാ സർക്കാർ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്.
Content Highlights: Cyclone 'montha' Makes Landfall in Andhra Pradesh: Heavy Rains and Strong Winds Expected