ഡിറ്റ് വ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോടടുക്കുന്നു, അതീവജാഗ്രത; 54 വിമാനങ്ങൾ റദ്ദാക്കി, സ്കൂളുകൾ അടച്ചു

#ന്യൂസ് ഡെസ്ക്
തമിഴ്നാട് തീരത്തുനിന്നുള്ള ദൃശ്യം | Photo: PTI
തമിഴ്നാട് തീരത്തുനിന്നുള്ള ദൃശ്യം | Photo: PTI

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് അടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ തീരദേശവാസികൾക്ക് അതിജാഗ്രതാ മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗം കൂടിയതായാണ് വിവരം. നിരവധി വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. നിരവധി സ്കൂളുകളും അടച്ചിട്ടുണ്ട്.

അടുത്ത 48 മണിക്കൂറിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചെന്നൈ വിമാനത്താവളത്തിൽനിന്നുള്ള 54 വിമാനങ്ങൾ റദ്ദാക്കി. മധുര, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, സേലം, ബെംഗളൂരു, ഹൈദരാബാദ്, ജാഫ്ന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളേയാണ് ചുഴലിക്കാറ്റ് ഏറെയും ബാധിച്ചിരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

നാഗപട്ടണത്ത് ശക്തമായ മഴതുടരുന്നുണ്ട്. നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. കടലൂർ ജില്ലയിൽ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനാവശ്യമായ തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞതായി മന്ത്രി എംആർകെ പന്നീർസെൽവം പറഞ്ഞു.

ഡിറ്റ് വ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ വൻ ദുരിതം വിതച്ചിരുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 123 പേരാണ് മരിച്ചത്. 130 പേരെ കാണാതായെന്നും റിപ്പോർട്ടിൽ പറയുന്നു. അരലക്ഷത്തോളം പേരെയാണ് ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Cyclone ditwah Threatens Tamil Nadu Coast: