'പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കും, ഭയമില്ലാതെ ജോലി തുടരൂ': പെല്ലറ്റ് വിവാദത്തിനിടെ CRPF ഡയറക്ടർ ജനറൽ

#ന്യൂസ് ഡെസ്ക്
Photo: PTI
Photo: PTI

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കുനേരെ ഉണ്ടായ പെല്ലറ്റ് ആക്രമണത്തിൽ രൂക്ഷ വിമർശനമുയരുന്നതിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് പിന്തുണയുമായി സി.ആർ.പി.എഫ്. ഡയറക്ടർ ജനറൽ ജി.പി. സിങ്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി സേനാംഗങ്ങൾ എടുക്കുന്ന നിയമപരമായ തീരുമാനങ്ങളുടെയും നടപടികളുടെയും പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുമെന്നും ഭയമില്ലാതെ കർമനിരതരാകണമെന്നും ജി.പി. സിങ് പറഞ്ഞു.

സി.ആർ.പി.എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "നിയമപരമായും പൊതുജനങ്ങളുടെയും സേനയുടെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടും നിങ്ങൾ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളുടെയും നടപടികളുടെയും ഉത്തരവാദിത്വം ഡയറക്ടർ ജനറൽ എന്ന നിലയിൽ ഞാൻ ഏറ്റെടുക്കുമെന്ന് ഉറപ്പുതരുന്നു. നിങ്ങൾ ഒരു ഭയവുമില്ലാതെ ചുമതലകൾ നിർവഹിക്കുക," ജി.പി. സിങ് സേനാംഗങ്ങൾക്ക് ഉറപ്പുനൽകി. ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിടത്ത് ഡയറക്ടർ ജനറൽ എന്ന നിലയിൽ താൻ അത് ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് പ്രോട്ടോക്കോളുകളും നിശ്ചിത മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവർത്തിച്ചതെന്ന് സി.ആർ.പി.എഫിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി സി.ആർ.പി.എഫ്. ഡയറക്ടർ ജനറൽ ജി.പി. സിങ് രംഗത്തെത്തിയത്.

Content Highlights: CRPF DG G.P. Singh guarantees support to personnel amid recent pellet controversies., Assurance given during the CRPF Foundation Day ceremony., Internal report confirms Rapid Action Force followed all protocols during the July 20 incident., DG pledges to take full responsibility for official legal actions taken by the force.