ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ ഹര്‍ജികളുടെ എണ്ണം കുറയും-ജ.നാഗരത്ന

ന്യൂഡല്‍ഹി: നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് സുപ്രീംകോടതി ജഡ്ജി ബി.വി നാഗരത്ന. ഗവര്‍ണര്‍ പദവി ഗൗരവമേറിയ ഭരണഘടനാ പദവിയാണ്. ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ ഹര്‍ജികളുടെ എണ്ണം കുറയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കള്ളപ്പണം നിയമപരമായ പണമാക്കാനുള്ള നല്ല മാര്‍ഗമായിരുന്നു നോട്ട് അസാധുവാക്കലെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചല്ല നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചത്. അന്നത്തെ ധനകാര്യമന്ത്രിക്ക് പോലും നോട്ട് അസാധുവാക്കലിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ചില ആള്‍ക്കാര്‍ പറയുന്നതായും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
ഹൈദരാബാദിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച കോടതിയും ഭരണഘടനയും എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ബി.വി നാഗരത്ന. അസാധുവാക്കിയതില്‍ 98 ശതമാനം പണവും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തി. പിന്നെയെങ്ങനെ കള്ളപ്പണം ഇല്ലാതാക്കല്‍ സാധ്യമാകുമെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു.
നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച തീരുമാനം ഒരു ദിവസം വൈകിട്ട് പ്രഖ്യാപിക്കുകയും തൊട്ടടുത്ത ദിവസം മുതല്‍ അത് നടപ്പാക്കുകയുമാണ് ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍മാരുമായി ബന്ധപ്പെട്ട നടപടികള്‍ കോടതികളുടെ പരിഗണനയിലേക്ക് കൊണ്ട് വരുന്നത് ഭരണഘടനയ്ക്ക് ഗുണകരമല്ലെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു.
Content Highlights: Criticizing demonetisation supreme court justice bv nagarathna