ദേശീയതലത്തിൽ പാർട്ടി വളരാൻ കേരളത്തിൽ മൂന്നാംഭരണം അനിവാര്യം- സിപിഎം രാഷ്ട്രീയ അവലോകന റിപ്പോർട്ട്

പ്രതീകാത്മക ചിത്രം | Photo: Facebook/ Communist Party of India (Marxist)
പ്രതീകാത്മക ചിത്രം | Photo: Facebook/ Communist Party of India (Marxist)

മധുര: ദേശീയതലത്തില്‍ പാര്‍ട്ടി വളരണമെങ്കില്‍ കേരളത്തില്‍ മൂന്നാംതവണയും ഭരണത്തിലെത്തണമെന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്. തുടര്‍ഭരണത്തിന് പാര്‍ട്ടിയില്‍ യോജിച്ച പ്രവര്‍ത്തനംവേണം. ഇന്ത്യാസഖ്യത്തെ നിര്‍ജീവമാക്കിയത് കോണ്‍ഗ്രസാണെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ത്രിപുരയിലും പശ്ചിമ ബംഗാളിലും വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത പാര്‍ട്ടിക്കുമുന്നിലുണ്ട്. പാര്‍ട്ടിയെ അടിത്തട്ടില്‍ സജീവമായി മുന്നോട്ടുകൊണ്ടുപോയാല്‍ തിരിച്ചുവരാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ത്രിപുരയിലും ബംഗാളിലും അടിസ്ഥാനതലം മുതല്‍ പാര്‍ട്ടിയെ വളര്‍ത്തിയെടുക്കണം. ഇന്ത്യാസഖ്യത്തെ നിര്‍ജീവമാക്കിയത് കോണ്‍ഗ്രസിന്റെ നിലപാടുകളാണെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

പാര്‍ട്ടിയംഗങ്ങള്‍ മതത്തിന്റെയും പിന്തിരിപ്പന്‍ ആശയങ്ങളുടെയും പിടിയിലകപ്പെടുന്നുവെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ പിടിമുറുക്കിയ ആണധികാരമൂല്യബോധം സ്ത്രീകളുടെ കടന്നുവരവിനെ തടസ്സപ്പെടുത്തുന്നു. അഴിമതി, ലൈംഗികപീഡനം, ഗാര്‍ഹികപീഡനം, സ്ത്രീധനം തുടങ്ങിയ ധാര്‍മികമൂല്യച്യുതി പാര്‍ട്ടിനേതാക്കളിലടക്കമുണ്ടെന്ന് രേഖ പറയുന്നു. പാര്‍ലമെന്ററി വ്യാമോഹം പ്രത്യയശാസ്ത്ര ജീര്‍ണതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു. അതുവഴി പാര്‍ട്ടിയുടെ സ്വഭാവത്തില്‍ത്തന്നെയും മാറ്റമുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ബുധനാഴ്ചയാണ് തുടക്കമായത്. ഏപ്രില്‍ ആറിനാണ് സമ്മേളനം സമാപിക്കുക. 731 പ്രതിനിധികളും 80 നിരീക്ഷകരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Content Highlights: CPM`s political review report emphasizes a third Kerala win for national growth