സ്ഥാനാർഥി നിർണയത്തിലെ പാളിച്ച തിരിച്ചടിച്ചു- സിപിഎം; പ്രതിപക്ഷ നേതാവ് ആരാകണമെന്ന് പിബി ചർച്ചചെയ്യും

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: കേരളത്തിൽ ചില മണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയത്തിൽ പാളിച്ചകളുണ്ടായെന്ന് സി.പി.എമ്മിൽ സ്വയം വിമർശനം. ഞായറാഴ്ച ആരംഭിച്ച രണ്ടുദിവസത്തെ സി.പി.എം. പൊളിറ്റ് ബ്യൂറോ യോഗത്തിലാണ്‌ അഭിപ്രായമുയർന്നത്‌.

കണ്ണൂർ ജില്ലയിലെ ചില സ്ഥാനാർഥിനിർണയങ്ങൾ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി സൃഷ്ടിച്ചതും വിമതർ പാർട്ടിക്കോട്ടകളിൽ വിജയിച്ചതുമടക്കം ഉദ്ദേശിച്ചാണ് ഇത്തരമൊരു അഭിപ്രായം ഉയർന്നതെന്ന് സൂചനയുണ്ട്. ചില സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ അഖിലേന്ത്യാ നേതൃത്വത്തിനു ഇടപെടേണ്ടി വന്നിരുന്നു.

മതന്യൂനപക്ഷങ്ങളുടെ കേന്ദ്രീകരണവും 10 വർഷം ഭരണത്തിലിരുന്ന മുന്നണിയോട് സ്വാഭാവികമായി ഉയരുന്ന മടുപ്പും തോൽവിക്ക് കാരണമായിട്ടുണ്ട്. എങ്കിലും ജനങ്ങളെ ഇത്രയധികം അകറ്റിയതിന് ഇടവരുത്തിയ കാരണങ്ങൾ സത്യസന്ധമായി വിലയിരുത്തണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. വലിയവിഭാഗം പാർട്ടിയനുഭാവികൾ ഉൾപ്പെടെ അകന്നത് പരിശോധിക്കണമെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ നിർദേശമുണ്ട്.

ബി.ജെ.പി-തൃണമൂൽ പോര് പശ്ചിമ ബംഗാളിൽ പാർട്ടിയെ മുഖ്യധാരയിലേക്ക് കടക്കുന്നതിനു തടയിടുന്നെന്നാണ് വിലയിരുത്തൽ. തമിഴ്‌നാട്ടിൽ ടി.വി.കെ.യെ പിന്തുണയ്ക്കാനെടുത്ത തീരുമാനം ബി.ജെ.പി.യുടെ കുതന്ത്രത്തിന് തടയിടാൻ വഴിയൊരുക്കലായെന്നും സി.പി.എം. വിലയിരുത്തി.

പ്രതിപക്ഷ നേതാവ്: ചർച്ച ഇന്ന്

കേരളത്തിൽ പ്രതിപക്ഷനേതാവായി പിണറായി വിജയൻ വരേണ്ടതുണ്ടോ എന്നതിൽ പി.ബി.യിൽ തിങ്കളാഴ്ച ചർച്ച നടന്നേക്കും. പിണറായിക്കു പകരം കേന്ദ്രകമ്മിറ്റിയംഗം കെ.എൻ. ബാലഗോപാൽ വരട്ടെയെന്ന അഭിപ്രായവും അംഗങ്ങൾക്കിടയിലുണ്ട്. 

Content Highlights: CPM acknowledges errors in candidate selection for Kerala constituencies. Internal report highlights loss of support from minority groups and anti-incumbency. Discussions regarding the next Opposition Leader in Kerala. Strategic analysis of CPM performance in West Bengal and Tamil Nadu.