സ്വകാര്യമൂലധനം, സ്വകാര്യവത്കരണമല്ല: കേരള സര്‍ക്കാര്‍ നയത്തെ പിന്തുണച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്

മധുര: സ്വകാര്യമൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ നയംമാറ്റത്തിന് സിപിഎമ്മിന്റെ പൂര്‍ണപിന്തുണ. നയംമാറ്റത്തെ വികേന്ദ്രീകൃത വികസനസങ്കല്പങ്ങളില്‍നിന്നുള്ള വഴിമാറിപ്പോകലായി കാണേണ്ടതില്ലെന്നാണ് ന്യായീകരണം.
പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ, സ്വകാര്യമൂലധനത്തോടുള്ള പരമ്പരാഗത ഇടതുകാഴ്ചപ്പാടില്‍നിന്നുള്ള കേരള പാര്‍ട്ടിയുടെ വ്യതിചലനത്തിന് സിപിഎമ്മിന്റെ ഔദ്യോഗികാംഗീകാരമായി. കേരളത്തിലെ ജനാധിപത്യനേട്ടങ്ങള്‍ പ്രചരിപ്പിക്കാനും ഇടതുസര്‍ക്കാരിന്റെ സംരക്ഷണത്തിനായി അണിനിരക്കാനും ആഹ്വാനംചെയ്യുന്ന പ്രമേയം അംഗീകരിച്ചു.
പശ്ചിമബംഗാള്‍ പാര്‍ട്ടി സെക്രട്ടറികൂടിയായ പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലിം ആണ് പ്രമേയം അവതരിപ്പിച്ചത്. ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ജിതേന്ദ്രചൗധരി പിന്തുണച്ചു.
അതേസമയം, വിദേശസര്‍വകലാശാലകളെ വരവേല്‍ക്കുന്ന നയത്തിനെതിരേ വിമര്‍ശനമുയര്‍ന്നു. എന്നാല്‍, മറ്റിടങ്ങളിലെപ്പോലെയല്ല കേരള സര്‍ക്കാരിന്റെ നയസമീപനമെന്ന്് ചര്‍ച്ചയില്‍ പങ്കെടുത്ത കേരളപ്രതിനിധികള്‍ വിശദീകരിച്ചു. കേരളത്തിലെ നയംമാറ്റം സ്വകാര്യവത്കരണമല്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പിബി അംഗം മുഹമ്മദ് സലിം വ്യക്തമാക്കി.
ലാഭത്തിലുള്ള പൊതുമേഖലയെ വിറ്റഴിക്കല്‍പോലുള്ള കേന്ദ്രസമീപനമാണ് സ്വകാര്യവത്കരണം. അത്തരത്തിലുള്ള പുനഃസംഘടന കേരളത്തിലില്ല. സാമ്പത്തികവെല്ലുവിളിയടക്കമുള്ള യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍ക്കണ്ടുള്ള 'ഇടതു നയങ്ങളുടെ സര്‍ഗാത്മകപ്രയോഗം' ആണ് കേരളത്തിലേതെന്ന് സലിം പറഞ്ഞു.
കേരള സര്‍ക്കാരിന്റേത് നിര്‍ണായക ഇടപെടലുകളെന്ന് പ്രമേയം
ശാസ്ത്ര, സാങ്കേതിക വികാസങ്ങള്‍ക്കനുസരിച്ചുള്ള കാലോചിതമാറ്റങ്ങള്‍ക്ക് മുഖ്യതടസ്സമായിനില്‍ക്കുന്ന പ്രശ്‌നങ്ങളെ മറികടക്കാന്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്നതായി പ്രമേയം പറയുന്നു. കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കുക, അടിസ്ഥാനസൗകര്യമേഖലയിലെ കുറവ് നികത്തുന്നതിനായി ബജറ്റിന് പുറത്തുള്ള വിഭവസമാഹരണത്തിനായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിക്കുക, ഉന്നതവിദ്യാഭ്യാസമേഖലയുടെ നവീകരണം, വിദ്യാര്‍ഥികളെയും തൊഴിലില്ലാത്ത ചെറുപ്പക്കാരെയും നൈപുണ്യവത്രിക്കുന്നതിനുള്ള പ്രചാരണപരിപാടി ഏറ്റെടുക്കല്‍ എന്നിവയാണ് ഇവയില്‍ പ്രധാനം.
എല്ലാ ജാതി, ലിംഗ വിവേചനത്തിനെതിരേയും മതേതര, ശാസ്ത്രീയമൂല്യങ്ങളുടെ സംരക്ഷണത്തിനായും പോരാട്ടം ഇടതുസര്‍ക്കാര്‍ തുടരുന്നു. ഇക്കാരണത്താല്‍ കേന്ദ്രത്തിലെ ബിജെപി-എന്‍ഡിഎ സര്‍ക്കാര്‍ കേരളസര്‍ക്കാരിന് തടയിടാനാണ് ശ്രമിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക സുസ്ഥിരതയെ ഞെരുക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. ഇതിനെ ചെറുത്ത് കേരളസര്‍ക്കാരിന്റെ സംരക്ഷണമുറപ്പാക്കണമെന്നും പ്രമേയം പറയുന്നു.
Content Highlights: Keralas CPM fully backs the Left governments new policy promoting private investment