പ്രഖ്യാപനത്തിലെ ബിജെപി 'തനിമ', അഭ്യൂഹങ്ങൾക്കിടയിൽ 'ഒളിഞ്ഞിരുന്ന' പേര്; വരവ് ആര്‍എസ്എസിലൂടെ

സി.പി. രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തിരഞ്ഞെടുത്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച അദ്ദേഹത്തോടൊപ്പമുള്ള ചിത്രം | ANI
സി.പി. രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തിരഞ്ഞെടുത്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച അദ്ദേഹത്തോടൊപ്പമുള്ള ചിത്രം | ANI

ന്യൂഡൽഹി:  പേരുകളും അഭ്യൂഹങ്ങളും ഒരുപാട് പ്രചരിച്ച എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അനിശ്ചിതത്വത്തിന് അവസാനമായി. തമിഴ്‌നാട്ടിലെ തിരുപ്പുരില്‍നിന്നുള്ള പൊന്നുസ്വാമി രാധാകൃഷ്ണനെന്ന സി.പി. രാധാകൃഷ്ണനാണ് എന്‍ഡിഎ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ നറുക്കുവീണത്. ആര്‍എസ്എസിലൂടെ വളര്‍ന്ന്, തമിഴ്‌നാട് ബിജെപി അധ്യക്ഷനായി, എംപിയായി, പല സംസ്ഥാനങ്ങളുടെ ഗവര്‍ണറായി, ഒടുവില്‍  ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിലേക്കുവരെ തന്റെ പേരും പെരുമയും വിപുലപ്പെടുത്തിയിരിക്കുകയാണ് രാധാകൃഷ്ണന്‍. 

ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പലപ്പോഴും ഒരു പ്രത്യേകതയുണ്ട്. ഒരു സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ട്, ഒരുതരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും പിടിതരാത്ത അപ്രതീക്ഷിതത്വമാണ് അത് ബാക്കിവയ്ക്കുക. ആ ആകസ്മികത പുതിയ പ്രഖ്യാപനത്തിലുമുണ്ടായി. ഇതിനകംതന്നെ പ്രചരിക്കപ്പെട്ട പേരുകളിലൊന്നും സി.പി. രാധാകൃഷ്ണനുണ്ടായിരുന്നില്ല. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന, ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ജനതാദള്‍ (യുണൈറ്റഡ്) എംപി ഹരിവംശ്, കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോത്ത് തുടങ്ങി ശശി തരൂര്‍ വരെ നീണ്ട അഭ്യൂഹങ്ങളുടെ പട്ടികയ്ക്കാണ് ഇതോടെ അറുതിയായത്. 

മുന്‍പ് ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി വന്നതും ഇതുപോലെ അപ്രതീക്ഷിതമായിട്ടാണ്. ഇന്ത്യയുടെ രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ കൊണ്ടുവന്ന് ബിജെപി എല്ലാവരെയും അദ്ഭുതപ്പെടുത്തിയതും ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ ഫലമായിട്ടായിരുന്നു. ദക്ഷിണേന്ത്യയില്‍നിന്നുള്ള ആള്‍ എന്ന സവിശേഷതയും സി.പി. രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലുണ്ട്.

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി പദം രാജിവച്ച ഒഴിവിലേക്കാണ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് ഉറപ്പാക്കാന്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടുമെന്ന് ജെപി നഡ്ഡ പറഞ്ഞു. അതിനായി പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസിലൂടെ വളര്‍ന്നുവന്ന വ്യക്തിയാണ്  സി.പി. രാധാകൃഷ്ണന്‍. 2003 മുതല്‍ 2006 വരെ തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്നു. കോയമ്പത്തൂരില്‍നിന്ന് മുന്‍പ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2023 ഫെബ്രുവരി 18 മുതല്‍ 2024 ജൂലായ് 30 വരെ ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. പിന്നീട് കുറഞ്ഞ ദിവസങ്ങളില്‍ തെലങ്കാന ഗവര്‍ണറും പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവര്‍ണറുമായി സേവനം ചെയ്തു. 1957 ഒക്ടോബര്‍ 20-ന് തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ജനനം.
 

Content Highlights: cp radhakrishnan bjps surprise pick into vice presidential candidate